റിയാദ്: സൗദി സമ്പദ്വ്യവസ്ഥ അതിവേഗം വളരുകയാണെന്നും അഭൂതപൂർവമായ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. 2025 ലെ സൗദി ബജറ്റ് കണക്കുകൾ പ്രഖ്യാപിച്ചതിനുശേഷം നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. സമ്പദ്വ്യവസ്ഥയുടെ പോസിറ്റീവ് സൂചകങ്ങൾ വിഷൻ 2030 പരിഷ്കാരങ്ങളുടെ വിപുലീകരണമാണ്. പൊതുനിക്ഷേപ ഫണ്ടിന്റെയും ദേശീയ വികസന ഫണ്ടിന്റെയും സുപ്രധാന പങ്ക് കിരീടാവകാശി ഊന്നിപ്പറഞ്ഞു.
വാഗ്ദാന മേഖലകളെ ശാക്തീകരിക്കുന്നതിലും നിക്ഷേപ ആകർഷണം വർധിപ്പിക്കുന്നതിലും വ്യവസായങ്ങളെ ഉത്തേജിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിന് സർക്കാർ നടത്തിയ ചെലവുകളുടെയും ശ്രമങ്ങളുടെയും തുടർച്ചയായ സംഭാവനകൾ കിരീടാവകാശി എടുത്തുപറഞ്ഞു.
സൗദിയുടെ പുരോഗതിയും പൗരന്മാർക്ക് പ്രയോജനം ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളിലുമുള്ള ഭരണകൂട പ്രതിബദ്ധത സ്ഥിരീകരിക്കുന്നതാണ് 2024 ബജറ്റ്. അടുത്ത വർഷം പ്രധാന സമ്പദ്വ്യവസ്ഥകളിൽ ജി.ഡി.പിയിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ വളർച്ചാനിരക്ക് രാജ്യം രേഖപ്പെടുത്തുമെന്ന് കണക്കാക്കപ്പെടുന്നു. അതായത് 4.6 ശതമാനം, എണ്ണയിതര പ്രവർത്തനങ്ങളുടെ സംഭാവന തുടർച്ചയായും വർധിച്ചുകൊണ്ടിരിക്കുന്നു. 2024ൽ 52 ശതമാനം എന്ന പുതിയ റെക്കോഡ് നിലയിലെത്തി.
രണ്ടാം പാദം വരെ സൗദി തൊഴിലില്ലായ്മ നിരക്ക് 7.1 ശതമാനം എന്ന റെക്കോഡ് തലത്തിലേക്ക് താഴ്ന്നു. ഇത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഇത് ‘വിഷൻ 2030’ന്റെ ലക്ഷ്യമായ ഏഴ് ശതമാനത്തിലേക്ക് അടുക്കുന്നു. തൊഴിൽ വിപണിയിൽ സൗദി വനിതകളുടെ പങ്കാളിത്തം രണ്ടാം പാദത്തിൽ 35.4 ശതമാനമായി ഉയർന്നു. ഇത് വിഷൻ ലക്ഷ്യമായ 30 ശതമാനം കവിഞ്ഞുവെന്നും കിരീടാവകാശി പറഞ്ഞു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ള സൗദി ഭരണകൂടത്തിന്റെ താൽപര്യമാണ് 2025 ബജറ്റ് പ്രതിഫലിപ്പിക്കുന്നത്.
ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ശക്തിയും ഈടും വഴക്കവും വർധിപ്പിക്കുന്നതിനുള്ള ദൃഢനിശ്ചയം സ്ഥിരീകരിക്കുന്നു. സുസ്ഥിരമായ പൊതു കടവും ഗവൺമെന്റ് കരുതൽ ധനവും നിലനിർത്തിക്കൊണ്ട് അത് അതിവേഗം വളരുകയും അഭൂതപൂർവമായ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ആഗോള സമ്പദ്വ്യവസ്ഥയിലെ വെല്ലുവിളികളും ഏറ്റക്കുറച്ചിലുകളും നേരിടാൻ അതിനെ പ്രാപ്തമാക്കുന്ന വഴക്കമുള്ള ചെലവ് നയത്തിന് പുറമേയാണിതെന്നും കിരീടാവകാശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.