യാംബു: ചെങ്കടലിൽ ക്രൂസ് കപ്പൽ വിനോദയാത്ര ഡിസംബർ 16 ന് പുനരാരംഭിക്കുമെന്ന് സൗദി ടൂറിസം അതോറിറ്റി അറിയിച്ചു. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള ആദ്യത്തെ അറബ് ക്രൂയിസ് ലൈനായ ‘അറോയ ക്രൂയിസ്’ ആദ്യ കപ്പൽ യാത്രക്കുള്ള ഒരുക്കം പൂർത്തിയാക്കുകയാണ്. ജർമനിയിലെ ബ്രെമർഹാവൻ തുറമുഖത്തുനിന്ന് ജിദ്ദ തുറമുഖത്തേക്കെത്തിക്കുന്ന അറോയ ക്രൂസ് ഡിസംബർ രണ്ടാം വാരത്തിൽ സഞ്ചാരികൾക്കായി വാതിലുകൾ തുറക്കും.
ക്രൂസ് കപ്പൽ യാത്രക്കാർക്കായി ചെങ്കടലിലെ വിവിധ ഭാഗങ്ങളിൽ പ്രത്യേക ദ്വീപുകൾ ഒരുക്കുന്നത് പുരോഗമിക്കുകയാണ്. കടൽക്കാഴ്ചകളും തീരപ്രദേശങ്ങളിലെയും ദ്വീപുകളിലെയും സന്ദർശനങ്ങളും ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരമൊരുക്കുകയാണ് സൗദി ടൂറിസം വകുപ്പ്. പ്രാദേശിക പരമ്പരാഗത വിപണികളിൽനിന്ന് സഞ്ചാരികൾക്ക് ഷോപ്പിങ് നടത്താനും അവസരം ഒരുക്കുന്നു.
‘അറോയ ക്രൂസ്’ ടൂറിസം വ്യവസായത്തിലെ ഏറ്റവും വലിയ യാത്രാനുഭവം നൽകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. നൂറിലേറെ ചെറു ദ്വീപുകളാൽ സമ്പന്നമാണ് സൗദിയുടെ ചെങ്കടൽ ഭാഗങ്ങൾ. ഇവ ടൂറിസത്തിനായി ഉപയോഗപ്പെടുത്തുകയാണ് അതോറിറ്റി. സന്ദർശകരെ സ്വീകരിക്കാനുള്ള ഒരുക്കം വിവിധ ദ്വീപുകളിൽ തകൃതിയായി നടക്കുകയാണിപ്പോൾ. രാജ്യത്ത് സമുദ്ര വിനോദ സഞ്ചാര മേഖല ശക്തിപ്പെടുത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് അധികൃതർ. ഇതിനായി ദ്വീപുകൾ നവീകരിച്ച് പുതിയ പദ്ധതികളാണ് ഇപ്പോൾ ആവിഷ്കരിക്കുന്നത്. പാരമ്പര്യ അറേബ്യൻ സംസ്കാരവും സൗദി പൈതൃകവും ചരിത്രവും ഉൾക്കൊള്ളുന്ന വിധത്തിലാണ് ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിച്ചിരിക്കുന്നത്.
സഞ്ചാരികൾക്ക് മികച്ച സേവനങ്ങൾ നൽകാൻ ലോകോത്തര കപ്പൽ സേവനദാതാക്കളോട് ടൂറിസം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി റൂമുകളും സ്യൂട്ടുകളുമുള്ള പഞ്ചനക്ഷത്ര ആഡംബര ഓപൺ ക്രൂസാണ് യാത്രക്ക് ഒരുക്കുന്നത്. 29 റസ്റ്റാറന്റുകൾ, ലോഞ്ചുകൾ, കഫേകൾ, 20 വിനോദ സൗകര്യങ്ങൾ, നീന്തൽക്കുളങ്ങൾ, ജിം ഹാൾ തുടങ്ങി വിവിധ സൗകര്യങ്ങൾ കപ്പലിൽ തന്നെ ഉണ്ടാവും.
യാത്രക്കിടയിൽ കാഴ്ച്കൾ ആസ്വദിക്കുന്നതോടൊപ്പം മികച്ച ഭക്ഷണം രുചിക്കാനും നല്ല യാത്രാനുഭവം പകർന്നു നൽകാനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്. മൂന്നു രാത്രികൾ നീണ്ടുനിൽക്കുന്നത് മുതൽ ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളിലേക്കുള്ള ദീർഘദിവസങ്ങളിലേത് വരെ വിവിധതരം ട്രിപ്പുകൾ ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.