റിയാദ്: സൗദി സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സയൂൺ നഗരത്തിലെ സഖ്യസേനയുടെ ക്യാമ്പിനുള്ളിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവമെന്ന് യമനിലെ നിയമാസൃത ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു.
യമൻ പ്രതിരോധ സേനയിലെ അംഗമാണ് സൗദി സേനയ്ക്ക് നേരെ വഞ്ചനാപരമായ ആക്രമണം നടത്തിയത്. ഫസ്റ്റ് മിലിട്ടറി ഡിസ്ട്രിക്റ്റിലെ സേനയെ പരിശീലിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള ഒരു ക്യാമ്പിലാണ് ഇത് നടന്നത്. യമൻ നിയമാനുസൃത ഭരണകൂടത്തെയും യമൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള മാനുഷിക പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള സഖ്യസേനയുടെ ക്രിയാത്മകവും പ്രധാനപ്പെട്ടതുമായ പങ്കിനെ അഭിനന്ദിക്കുന്ന യമൻ പ്രതിരോധ മന്ത്രാലയത്തിലെ സത്യസന്ധരായ ആളുകളെ പ്രതിനിധീകരിക്കാത്ത യമൻ ഡിഫൻസ് ഫോഴ്‌സിലെ അംഗമാണ് ആക്രമണം നടത്തിയതെന്ന് സഖ്യസേന വക്താവ് പറഞ്ഞു.
കാരണങ്ങളും ലക്ഷ്യങ്ങളും കണ്ടെത്താൻ യമൻ പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പിച്ച് അന്വേഷണം തുടരും. കുറ്റവാളിയെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഏകോപനം നടത്തുന്നുണ്ടെന്നും വക്താവ് വിശദീകരിച്ചു. മരിച്ച സൈനികരുടെ മൃതദേഹങ്ങളും പരിക്കേറ്റ ആളെയും യമനിൽനിന്ന് സൗദിയിലേക്ക് എത്തിച്ചതായി ബ്രിഗേഡിയർ ജനറൽ അൽ-മാലികി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.