റിയാദ്: സൗദി അറേബ്യയെയും യു.എ.ഇയെയും ആക്രമിക്കാൻ ഹൂതി വിമതർക്ക് ഇറാൻ സായുധ സഹായം നൽകുകയാണെന്ന് അറബ് സഖ്യസേന. യമനിൽ ഇറാെൻറ ഇടപെടലിനുള്ള എല്ലാ തെളിവുകളും പക്കലുണ്ടെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി റിയാദിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രാജ്യസുരക്ഷക്ക് നേരെയുള്ള ഒരു ഭീഷണിയും വെച്ചുപൊറുപ്പിക്കില്ലെന്ന് വിദേശകാര്യമന്ത്രി ആദിൽ ജുബൈറും വ്യക്തമാക്കി. അയൽ രാജ്യങ്ങളിലുള്ള ഇറാെൻറ കടന്നുകയറ്റം ആഗോള സമാധാനത്തിനും സുരക്ഷക്കും വൻ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ ആയുധക്കടത്ത് തടയാൻ യമനിലെ മുഴുവൻ കര, വ്യോമ, നാവിക കവാടങ്ങളും സഖ്യസേന താൽകാലികമായി അടച്ചു. സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേർക്ക് ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ പ്രയോഗത്തെ തുടർന്നാണ് നടപടി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സൗദി വ്യോമ പ്രതിരോധ സംവിധാനം മിസൈൽ തകർത്തതിനാൽ വലിയ അപകടങ്ങളുണ്ടായില്ല. ഇൗ മിസൈൽ ഉൾപ്പെടെ സൗദിക്ക് നേരെ ഹൂതികൾ പ്രേയാഗിക്കുന്ന മിസൈലുകൾ എല്ലാം ഇറാൻ നിർമിതമാണ്. റിയാദിൽ തകർന്ന മിസൈലിെൻറയും ജൂലൈയിൽ ഹൂതികൾ തൊടുത്ത മിസൈലിെൻറയും ഭാഗങ്ങൾ വിശദ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. തീവ്രവാദ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടികിട്ടാനുള്ള 40 ഹൂതികളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചു.
സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികിയുടെ വാർത്ത സമ്മേളനത്തിൽ ഹൂതികളിൽ നിന്ന് സഖ്യസേന പിടിച്ചെടുത്ത ഇറാൻ നിർമിത മിസൈലുകളുടെയും മറ്റ് ആയുധങ്ങളുടെയും ചിത്രങ്ങളും പ്രദർശിപ്പിച്ചു. ഹൂതികൾക്ക് ഡ്രോണുകളും ഇറാൻ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹുദൈദ തുറമുഖം വഴി പാർട്സുകളായി കൊണ്ടുവരുന്ന ആയുധങ്ങൾ പിന്നീട് കൂട്ടിച്ചേർത്ത് ഉപയോഗിക്കുകയാണ്. ചാവേർ ബോട്ടുകൾ ഉപയോഗിച്ച് അന്താരാഷ്ട്ര നാവിക പാതയിൽ ഹൂതികൾ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും കേണൽ തുർക്കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.