യാംബു: ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ഈ വർഷത്തെ എക്സലൻസ് പുരസ്കാരം യാംബുവിലെ അറാട്കോ അൽ അറേബ്യ എം.ഡി അബ്ദുൽ ഹമീദ് കാഞ്ഞിരങ്ങാടനും റദ്വ ഗൾഫ് കമ്പനി എം.ഡി ബാബുക്കുട്ടൻ സി. പിള്ളക്കും ലഭിച്ചു.
തിരുവനന്തപുരം ആസ്ഥാനമായി രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്റർ. ശാസ്ത്രം, സാങ്കേതിക വിദ്യാഭ്യാസം, കല, സാംസ്കാരികം, മാനുഷിക സേവനം എന്നീ മേഖലകളിൽ സേവനങ്ങൾ നടത്തിവരുന്നു.
യാംബുവിലെ വ്യവസായ വാണിജ്യരംഗത്തെ മാനുഷിക സേവന മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് അബ്ദുൽ ഹമീദിന് എക്സലൻസ് പുരസ്കാരവും ബാബുക്കുട്ടൻ പിള്ളക്ക് കർമശ്രേഷ്ഠ പുരസ്കാരവും പ്രഖ്യാപിച്ചതെന്ന് ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്റർ ഡയറക്ടർ എൻ. സുധീർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സെന്റർ നൽകുന്ന ദേശീയ പുരസ്കാരങ്ങൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ ചന്ദ്രഭാസ് നാരായണനും പ്രഖ്യാപിച്ചു.
എല്ലാ വർഷവും എ.പി.ജെ. അബ്ദുൽ കലാമിന്റെ ചരമവാർഷിക ദിനത്തിലാണ് അവാർഡ് സമ്മാനിക്കുന്നത്. വിവിധ മേഖലകളിൽ മികവുറ്റ സേവനങ്ങൾ നൽകിയ വ്യക്തികൾക്കാണ് പുരസ്കാരം നൽകാറുള്ളത്. ജൂലൈ 27ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി ജുവൽ ഓറം പുരസ്കാരങ്ങൾ സമ്മാനിക്കും.
ചടങ്ങ് കേന്ദ്രമന്ത്രി ജിതിൻ റാം മാഞ്ചി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രി സതീഷ് ചന്ദ്ര ദുബേ, വിജയ ലക്ഷ്മി എം.പി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുമെന്നും മുൻ എം.പി കെ.വി. തോമസ് അധ്യക്ഷത വഹിക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.