റിയാദ്: ഇത്തവണത്തെ ഹജ്ജിന് ബ്രിട്ടെൻറ തലസ്ഥാനമായ ലണ്ടനിൽ നിന്ന് എട്ടുപേർ സൈക്കിളിൽ എത്തുന്നു. ആറാഴ്ച നീണ്ടുനിൽക്കുന്ന യാത്ര ഇന്ന് ആരംഭിക്കും. യുദ്ധം തകർത്ത സിറിയയിലേക്ക് വൈദ്യസഹായം എത്തിക്കുന്നതിന് ഒരുദശലക്ഷം പൗണ്ട് സമാഹരിക്കുക കൂടിയാണ് ഇവരുടെ ലക്ഷ്യം. ഹജ്ജിന് കരയാത്ര ചെയ്ത് വരികയെന്ന ആദ്യകാല മുസ്ലിം പാരമ്പര്യം ഉയർത്തിപ്പിടിക്കുകയാണ് തങ്ങളെന്നും സംഘം പറയുന്നു. ഇൗസ്റ്റ് ലണ്ടനിൽ നിന്നാണ് സംഘം യാത്ര പുറപ്പെടുക. അവിടെ നിന്ന് 100 കിലോമീറ്ററോളം യാത്ര ചെയ്ത് തെക്കൻ തുറമുഖ നഗരമായ ന്യൂഹാവനിലേക്ക്. ഫെറിയിൽ കയറി ഇംഗ്ലീഷ് ചാനൽ മറികടന്ന് ഫ്രാൻസ് തീരത്തെ ദിയപ് പട്ടണത്തിലെത്തും.
വീണ്ടും സൈക്കിളിൽ ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ. ഏതാണ്ട് 200 കിലോമീറ്ററാണ് ദിയപ്^ പാരീസ് ദൂരം. പാരീസിൽ നിന്ന് സ്വിറ്റ്സർലാൻഡ്, ജർമനി, ആസ്ട്രിയ, ലൈഷെൻസ്റ്റൈൻ വഴി ഇറ്റലിയിലേക്ക്. ഇറ്റലിയിലെ കനാൽ നഗരമായ വെനീസാണ് ലക്ഷ്യം. ആയിരം കിലോമീറ്ററിലേറെ ദൂരമുള്ള അതികഠിനമായ പാതയാണ് പാരീസ്-വെനീസ്. ഗ്രീസിലെ ഇഗുമെനിസ്റ്റയിലേക്ക് ഫെറി കയറാനാണ് വെനീസിൽ എത്തുന്നത്. വടക്ക് പടിഞ്ഞാറൻ നഗരമായ ഇഗുമെനിസ്റ്റയിൽ നിന്ന് 450 കിലോമീറ്റർ താണ്ടി തലസ്ഥാനമായ ഏതൻസിലേക്ക്. യാത്രയുടെ ഒരു ഘട്ടം ഇവിടെ അവസാനിക്കും. ഇനി യൂറോപ്പിൽ നിന്ന് ആഫ്രിക്കയിലേക്ക്.
ഏതൻസിൽ നിന്ന് വിമാനത്തിൽ ഇൗജിപ്തിെൻറ വടക്കൻ പട്ടണമായ അലക്സാൻഡ്രിയയിൽ. അലക്സാൻഡ്രിയയിൽ വെച്ച് വീണ്ടും സൈക്കിളിൽ കയറി തലസ്ഥാനമായ കൈറോ വഴി കിഴക്കൻ തീര പട്ടണമായ ഹുർഗാദയിൽ എത്തും. 700 കിലോമീറ്ററിനടുത്താണ് ഇൗ വഴിയുടെ ദൂരം. അവിടെ നിന്ന് വീണ്ടും ഫെറി. ഫെറിയിൽ സൗദിയിലെ യാമ്പുവിലെത്തും. യാമ്പുവിൽ വൻ സ്വീകരണം ഏറ്റുവാങ്ങുന്ന സംഘം നേരെ 225 കിലോമീറ്റർ യാത്ര ചെയ്ത് മദീനയിലെത്തും. ഏതാണ്ട് 3,500 കിലോമീറ്ററിലേറെ സൈക്കിളിൽ തന്നെയാണ് ഇവർ യാത്ര ചെയ്യുക. മൊത്തം എട്ടുരാജ്യങ്ങളും. എട്ടുപേരും പ്രഫഷനൽ സൈക്കിളിസ്റ്റുകളല്ല. യാത്ര ചെയ്യുന്ന രാജ്യങ്ങളിൽ ഇവർക്ക് വിവിധ ഗ്രൂപ്പുകൾ സ്വീകരണം നൽകും.
അതാത് രാജ്യങ്ങളിലെ സൈക്കിളിങ് ഗ്രൂപ്പുകൾ അതിർത്തികൾ വരെ ഇവർക്കൊപ്പം യാത്ര ചെയ്യും. ഇൗയാത്രയിൽ സിറിയൻ ഫണ്ടിനായി ആൾക്കാരിൽ നിന്ന് സംഘം സംഭാവനകൾ സ്വീകരിക്കും. ബ്രിട്ടനിലെയും മലേഷ്യയിലെയും ചില സന്നദ്ധ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുകയാണ് ലക്ഷ്യം. ഇൗ സംഘങ്ങൾ നിലവിൽ 85 ആംബുലൻസുകൾ സിറിയയിലേക്ക് അയച്ചിട്ടുണ്ട്. ഇൗ പ്രവർത്തനം വിപുലമാക്കാനാണ് ശ്രമിക്കുന്നത്.പകൽ യാത്ര ചെയ്യുകയും രാത്രി വിശ്രമിക്കുകയും ചെയ്യുന്ന തരത്തിലാണ് യാത്രാപദ്ധതി തയാറാക്കിയിട്ടുള്ളത്. യാത്ര വിവരങ്ങൾ അനുദിനം പുറംലോകത്തെ അറിയിക്കാൻ വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.