ജിദ്ദ: സൗദിയിലെ നഗരങ്ങൾക്കിടയിൽ ബസ് സർവിസ് തുടങ്ങാൻ വമ്പൻ പദ്ധതി. പൊതു യാത്രാഗതാഗതത്തിനായി ഏറ്റവും വലിയ പദ്ധതിക്കാണ് കരാറായത്. രാജ്യത്തെ 200ലധികം നഗരങ്ങളെയും ചെറുപട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗതാഗത ശൃംഖല സ്ഥാപിക്കാനുള്ള പദ്ധതിക്കാണ് ഒപ്പുവെച്ചതെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. 76 റൂട്ടുകളിലായി പ്രതിവർഷം 60 ലക്ഷത്തിലധികം യാത്രക്കാരെയാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ പ്രകാരം സജ്ജീകരിച്ച പരിസ്ഥിതിസൗഹൃദ ബസുകളായിരിക്കും ഇതിനായി ഉപയോഗിക്കുക. 35,000 പേർക്ക് തൊഴിലവസരമുണ്ടാകും.
നഗരങ്ങൾക്കിടയിലെ പൊതുഗതാഗത പദ്ധതികൾക്കായുള്ള മൂന്നു കരാറുകളാണ് ഒപ്പുവെക്കപ്പെട്ടത്. ഉയർന്ന ഗുണനിലവാരത്തിലുള്ള ഗതാഗതസേവനം ഒരുക്കുകയാണ് പദ്ധതിലക്ഷ്യം. അന്താരാഷ്ട്ര നിലവാരത്തിലാണ് പദ്ധതിനിർമാണം. അതിനായി ആഗോള നിർമാണ, സർവിസ് കമ്പനികളുമായാണ് കരാറിലേർപ്പെടുന്നത്.
ഇൻറർസിറ്റി ട്രാൻസ്പോർട്ട് സർവിസ് മേഖലയിലെ ആദ്യത്തെ വിദേശ നിക്ഷേപമാണ് ഈ പദ്ധതിയെന്ന് ഗതാഗത-ലോജിസ്റ്റിക് സർവിസ് മന്ത്രിയും പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജി. സാലിഹ് ബിൻ നാസർ അൽജാസർ പറഞ്ഞു. ഭാവിനിക്ഷേപങ്ങൾക്ക് ഇത് വഴിതുറക്കും. വെല്ലുവിളികളെ വിജയകരമായ നിക്ഷേപ അവസരങ്ങളാക്കി മാറ്റുന്നതിൽ പൊതുഗതാഗത അതോറിറ്റിയുടെ പങ്കിനെ മന്ത്രി പ്രശംസിച്ചു.
ഇത് മൊത്ത ആഭ്യന്തര ഉൽപാദനത്തെ സഹായിക്കും. മറ്റു പല മേഖലകൾക്കും സേവനം നൽകും. അവയിൽ ഏറ്റവും പ്രധാനം ടൂറിസം മേഖലയുടെ വികസനമാണ്. സാമ്പത്തിക വൈവിധ്യവത്കരണം മെച്ചപ്പെടുത്തുന്നതിനും സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ഏകീകരിക്കുന്നതിനും ഇത് വലിയ പങ്കുവഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കരാർ ഒപ്പുവെക്കൽ ചടങ്ങിൽ മന്ത്രിയും പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള നിരവധി പ്രഗല്ഭരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.