റിയാദ്: പ്രവാസി ഹെൽപ് ഡെസ്ക് സ്ഥാപിക്കാൻ പ്രവാസി ലീഗൽ സെല്ലും (പി.എൽ.സി) ഇന്റർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റും (ഐ.ഐ.എം.എ.ഡി) തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു. ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾക്ക് നിയമപരവും സാമൂഹികവും വൈകാരികവുമായ പിന്തുണ നൽകുന്നതിനാണ് ഈ സംരംഭം രൂപകൽപന ചെയ്തിരിക്കുന്നത്. പി.എൽ.സിയെ പ്രതിനിധീകരിച്ച് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാമും ഐ.ഐ.എം.എ.ഡിയെ പ്രതിനിധീകരിച്ച് പ്രഫ. ഇരുദയ രാജനുമാണ് ധാരണപത്രം ഒപ്പുവെച്ചത്.
തിരുവനന്തപുരം സെക്രട്ടേറിയറ്റിനുസമീപം കാപിറ്റോൾ സെന്റർ ഒന്നാം നിലയിലെ എഫ് ടു സിയിൽ സ്ഥിതി ചെയ്യുന്ന പ്രവാസി ഹെൽപ് ഡെസ്ക്, പൊതുവായ നിയമോപദേശം, കേന്ദ്ര-സംസ്ഥാന സർക്കാർ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ, ക്രൈസിസ് കൗൺസലിങ് എന്നിവയുൾപ്പെടെ സേവനങ്ങൾ നൽകും.
പങ്കാളിത്തത്തിന് കീഴിൽ, അടിസ്ഥാന സൗകര്യങ്ങൾ, സ്റ്റാഫിങ്, നിയമ വൈദഗ്ദ്ധ്യം എന്നിവക്ക് പി.എൽ.സി മേൽനോട്ടം വഹിക്കും. ഹെൽപ് ഡെസ്കിന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടക്കുമെങ്കിലും ഈ സൗകര്യം ഇപ്പോൾ പ്രവർത്തനക്ഷമമാണ്. പ്രവാസികൾക്ക് +91 6282 172 573 എന്ന വാട്സാപ്പ് നമ്പറിലോ plckeralatvm@gmail.com എന്ന ഇ-മെയിൽ വഴിയോ സഹായത്തിനായി ബന്ധപ്പെടാം.
യോഗത്തിൽ അഡ്വ. ജോസ് അബ്രഹാം അധ്യക്ഷത വഹിച്ചു. പ്രഫ. ഇരുദയരാജൻ കേരളത്തിലും ആഗോളതലത്തിലും നടന്നുകൊണ്ടിരിക്കുന്ന പ്രവാസത്തിെൻറ സമകാലീന അവസ്ഥകളെക്കുറിച്ച് വിശദീകരിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ ജോയ് കൈതാരത്ത്, നന്ദഗോപകുമാർ, സ്റ്റെയിൻസ്, റഷീദ് കോട്ടൂർ എന്നിവർ സംസാരിച്ചു. പി.എൽ.സി കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ സ്വാഗതവും ട്രഷറർ തൽഹത് പൂവച്ചൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.