റിയാദ്: കേരളത്തിെൻറ നവോത്ഥാന ചരിത്രത്തിൽ ചൂടും വേവും പകർന്ന നാടകമായിരുന്നു വി.ടി. ഭട്ടതിരിപ്പാടിെൻറ 'അടുക്കളയിൽനിന്നും അരങ്ങത്തേക്ക്'. നാലുചുവരുകൾക്കിടയിൽ തളച്ചിടപ്പെട്ട ഇന്ത്യൻ നാരികളെ സാമൂഹിക ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തുകയായിരുന്നു അദ്ദേഹം. എന്നാൽ, റിയാദിൽ സർഗാത്മക ജീവിതത്തിെൻറ രംഗഭൂമിയിൽനിന്ന് അടുക്കളയുടെ പുതിയ കാലത്തെ സാധ്യതയിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ് ബിന്ദു സാബു എന്ന കലാകാരി.
കഴിഞ്ഞ വർഷം അപ്രതീക്ഷിതമായെത്തിയ കോവിഡും തുടർന്നുണ്ടായ ലോക്ഡൗണുമാണ് പാചകരംഗത്ത് ഒരു കൈ നോക്കാനും യുട്യൂബ് ചാനൽ തുടങ്ങാനും അവരെ പ്രേരിപ്പിച്ചത്. പാചകം ഏറെ ഇഷ്ടമായിരുന്ന ബിന്ദു, വീട്ടമ്മമാർക്കു വേണ്ടി മുമ്പ് പാചക ക്ലാസുകൾ നടത്തിയിരുന്നു. നിഷ എന്ന സുഹൃത്തിെൻറ നിർബന്ധം വഴിയാണ് യൂട്യൂബ് ചാനൽ എന്ന ആശയം ഉരുത്തിരിയുന്നത്. മക്കളുടെ സഹായത്തോടെ ചാനൽ ആരംഭിെച്ചങ്കിലും പഠന സംബന്ധമായി അവർ തിരക്കായതിനാൽ കാമറയും എഡിറ്റിങ്ങുമൊക്കെ സ്വന്തമായിതന്നെ ചെയ്ത് തുടങ്ങി, ഇപ്പോൾ ആ കഴിവും സ്വായത്തമാക്കിയിരിക്കയാണ്. ആരോഗ്യപ്രശ്നങ്ങൾ കാരണം ഒരു കൈ പണിമുടക്കിയതിനാൽ മറുകൈ കൊണ്ടാണ് എല്ലാ അഭ്യാസവും നടത്തുന്നത്.
'നവ്യാസ് രുചിക്കൂട്ട്' എന്ന പേരിലുള്ള ചാനൽ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. വീശിയടിക്കാത്ത പൊറോട്ടയാണ് ബിന്ദുവിെൻറ മാസ്റ്റർപീസ്. മറ്റ് വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വിഭവങ്ങളും മധുര പലഹാരങ്ങളും ബിന്ദു ടീച്ചറുടെ കുക്കറി ചാനലിൽ ലഭ്യമാണ്. അമ്മയും മൂത്ത സഹോദരിയും സ്വാദിഷ്ഠമായ ഭക്ഷണം തയാറാക്കുന്നവരാണ്. അവരിൽ നിന്നാണ് ഇങ്ങനെയൊരു കൈപ്പുണ്യം തനിക്ക് ലഭിച്ചതെന്ന് ടീച്ചർ ഓർക്കുന്നു. എറണാകുളം സെൻറ് തെരാസസ് കോളജിൽനിന്ന് ബിരുദവും തൃശൂർ വിമല കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും പിന്നീട് ബി.എഡും കരസ്ഥമാക്കിയ ബിന്ദു, ചെറുപ്പത്തിൽ തന്നെ ശാസ്ത്രീയ നൃത്തം പഠിക്കുകയും നിരവധി വേദികളിൽ തെൻറ നൈപുണ്യം തെളിയിക്കുകയും ചെയ്തിരുന്നു.
അവഗാഹം നേടുന്നതിെൻറ ഭാഗമായി കലാമണ്ഡലം ക്ഷേമാവതിയുടെ നൃത്ത വിദ്യാലയത്തിൽനിന്നും മോഹിനിയാട്ടം അഭ്യസിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞശേഷം ഭർത്താവിനോടൊപ്പം റിയാദിലെത്തി അധ്യാപന രംഗത്തേക്ക് ചുവടുവെക്കുകയായിരുന്നു. ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ അധ്യാപികയായ ബിന്ദു, കുട്ടികൾക്ക് വേണ്ടിയും റിയാദിലെ മലയാളി കൂട്ടായ്മകൾക്കുവേണ്ടിയും നിരവധി നൃത്ത പരിപാടികൾക്ക് ജീവൻ നൽകി കലാസപര്യയിലേർപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തോളം നൃത്തങ്ങൾക്ക് കൊറിയോഗ്രഫി ചെയ്ത് ഈ രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയാണിവർ. കുഞ്ഞുനാളിൽ തന്നെ ഭ്രമിപ്പിച്ച ചിലങ്കയുടെ കിലുക്കം പുതിയ തലമുറക്ക് പകർന്ന് നൽകി, തെൻറ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുകയായിരുന്നു അവർ.
ആറേഴു വർഷം നീണ്ട താളലയങ്ങൾക്ക് തിരശീല വീഴ്ത്തിക്കൊണ്ടായിരുന്നു വിധിയുടെ നിർഭാഗ്യകരമായ വിളയാട്ടം. പൂർണ ആരോഗ്യവതിയായിരിക്കെ ഒരുനാൾ പക്ഷാഘാതത്തെ തുടർന്ന് ശരീരത്തിെൻറ ഒരുഭാഗം തളരുകയും മാസങ്ങൾ നീണ്ട ചികിത്സക്ക് വിധേയയാവുകയും ചെയ്തു. കുടുംബത്തിെൻറ സ്നേഹവും പിന്തുണയും കൂടെ ദൈവസഹായവുമാണ് വീണ്ടും കലാരംഗത്തേക്ക് രംഗപ്രവേശനം ചെയ്യാൻ സഹായിച്ചത്. റിയാദിൽ നടന്ന 'ഗൾഫ് മാധ്യമം പ്രവാസോത്സവ'ത്തിൽ ഗായിക കെ.എസ്. ചിത്ര തെൻറ പാട്ടിെൻറ 50 വർഷം പൂർത്തിയാക്കുന്ന വേളയിൽ അവർക്ക് ആദരവർപ്പിച്ചുകൊണ്ട് നടത്തിയ കുട്ടികളുടെ നൃത്തപരിപാടി ചിട്ടപ്പെടുത്തിയത് മറക്കാനാവാത്ത അനുഭവമായി ബീന പറയുന്നു.
റിയാദിൽ ബിസിനസ് ചെയ്യുന്ന ഭർത്താവ് എൻജിനീയർ സാബു പുത്തൻപുരക്കലും നാട്ടിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ മകൻ നിഖിലും ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയായിരുന്ന നവ്യയും ചേർന്നതാണ് കുടുംബം. സ്വദേശം എറണാകുളം. നിശ്ചയദാർഢ്യവും സ്വയം അടയാളപ്പെടുത്താനുള്ള മോഹവുമാണ് ഈ വനിതയുടെ ജീവിത പ്രയാണത്തിെൻറ വിജയരഹസ്യം. പ്രവാസത്തിലും ലോക്ഡൗണിലും തങ്ങൾക്ക് പലതും ചെയ്യാൻ കഴിയുമെന്ന യാഥാർഥ്യം പെൺസമൂഹത്തെ അവർ ഓർമിപ്പിക്കുന്നു; ഒപ്പം അടുക്കള ഒരു കാരാഗൃഹമല്ലെന്ന വസ്തുതയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.