നൗഫൽ പാലക്കാടൻ
റിയാദ്: സംസ്ഥാന ഭരണത്തിലും മുന്നണിയിലും പൂർണ തൃപ്തിയുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നും എന്നാൽ അത് ഭാഗികമാണെന്ന് വായിക്കേണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പൂർണ സംതൃപ്തിയെന്നാൽ ആപേക്ഷികമാണ്. വ്യക്തികൾക്കും സമൂഹത്തിനും സംഘടനകൾക്കും അത് അങ്ങനെയാണ്. ഒന്നും പൂർണമല്ല, പൂർണതയിലേക്കുള്ള യാത്രയാണ് നടക്കുന്നത്. റിയാദിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
ഇടത് മുന്നണിയുടെ ലക്ഷ്യം സമൂഹത്തിന് നന്മ ചെയ്യലാണ്, ആ ലക്ഷ്യത്തിൽ മുന്നണി ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ഇനി ഏറെ ദൂരം പോകാനുണ്ട്. ഈ മുന്നണിയെ മൂന്നാം തവണയും അധികാരത്തിൽ കൊണ്ടുവരാനാണ് സി.പി.ഐയുടെ ശ്രമമെന്നും കോവിഡ് കാലത്തെ സേവന പ്രവർത്തനങ്ങൾ മാത്രം ഓർത്താൽ തന്നെ ജനം വോട്ട് ചെയ്യുമെന്നും നിരവധി പൊതുജന സേവന കാര്യങ്ങളും മറ്റ് ഭരണ നേട്ടങ്ങളും ജനങ്ങളോട് പറയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ മുന്നണിയിലെ പ്രമുഖ കക്ഷി ചതിച്ചോ എന്ന ചോദ്യത്തിന് മുന്നണിയുടെ അടിസ്ഥാന പ്രമാണം ചതിക്കാതിരിക്കലാണെന്ന് അദ്ദേഹം പ്രതികരിച്ചു. അകത്തും പുറത്തും വിമർശനം ഉന്നയിക്കും. ഇതൊന്നും ഇടത് മുന്നണിയെ ക്ഷയിപ്പിക്കാനല്ല. രാജ്യം ഭരിക്കുന്ന സർക്കാർ പൂർണമായും ഹിന്ദുത്വ വർഗീയതക്ക് അടിമപ്പെട്ടിരിക്കുന്നു. പൊളിക്കേണ്ട പള്ളികളുടെ ലിസ്റ്റുണ്ടാക്കുന്ന തിരക്കിലാണ് അവർ. കാശിയും മധുരയും മാത്രമല്ല 3000ത്തോളം പള്ളികളാണ് അവരുടെ ലിസ്റ്റിൽ.
ഇതിനെതിരെ മതേതര ചേരി ശക്തിപ്പെട്ട് വരണമെന്നാണ് സി.പി.ഐയുടെ നേരത്തെ മുതലുള്ള നിലപാടെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ വർഗീയത ഒരു ഭയവുയുമില്ലാതെ പ്രചരിപ്പിക്കുന്ന പേജുകൾക്ക് തടയിടാൻ സർക്കാർ നടപടികൾ സ്വീരിക്കാത്തത് എന്താണെന്ന ചോദ്യത്തിന് അതിന് കടുത്ത സൈബർ നിയമങ്ങൾ വേണമെന്നും അപ്പോൾ മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്നു എന്ന് പറഞ്ഞ് മാധ്യമങ്ങൾ തന്നെ ബഹളം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. പകരം വർഗീയ, വിദ്വേഷ പ്രചാരണങ്ങളെ ആശയപരമായി പ്രതിരോധിക്കും. ക്രിസ്ത്യൻ സമൂഹത്തിന്റെ രക്ഷകരായി ബി.ജെ.പി കപടവേഷം കെട്ടുകയാണെന്നും കുളം കലക്കി മീൻ പിടിക്കുന്നവരാണ് അവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട്ടിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കുടുംബ പാരമ്പര്യവും വൈകാരികതയും പറഞ്ഞ് തീർത്തും അരാഷ്ട്രീയമായി വോട്ട് തേടിയപ്പോൾ ഇടത് മുന്നണി കൃത്യമായ രാഷ്ട്രീയം പറഞ്ഞാണ് ജനങ്ങളോട് വോട്ട് അഭ്യർഥിച്ചതെന്ന് വയനാട്ടിലെ ഇടത് മുന്നണി സ്ഥാനാർഥിയായിരുന്ന സത്യൻ മൊകേരി പറഞ്ഞു. പൊതുവേദിയിൽ രാഹുൽ ഗാന്ധി പ്രിയങ്കയെ ഉമ്മ വെച്ചതുൾപ്പടെ ജനങ്ങളെ വൈകാരികമായി കൂടെ നിർത്താനുള്ള നേരത്തെ തയ്യാറാക്കിയ പല പദ്ധതികളും പ്രചരണത്തിനിടയിൽ നടപ്പാക്കിയെന്നും അതിവൈകാരിക രാഷ്ട്രീയമാണ് കോൺഗ്രസ് കളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അരാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് പ്രതിരോധിക്കേണ്ടത് ഇടതുമുന്നണിയുടെ ബാധ്യതയാണ്. അത് കൃത്യമായി വയനാട്ടിൽ നിർവഹിച്ചു -അദ്ദേഹം പറഞ്ഞു.
റിയാദിലെ ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി സംഘടിപ്പിച്ച സർഗ സന്ധ്യയിൽ പങ്കെടുക്കാൻ എത്തിയതാണ് ഇരുവരും. പ്രവാസികളായ എഴുത്തുകാർ ജോസഫ് അതിരുങ്കലിന്റെ ‘മിയ കുൾപ്പ’ നോവലിന്റെ സൗദി തല പ്രകാശനവും സബീന എം. സാലിയുടെ ‘ലായം’ നോവലിന്റെ മൂന്നാം പതിപ്പ് പ്രകാശനവും നിർവഹിച്ചു. വാർത്താസമ്മേളനത്തിൽ നേതാക്കൾക്കൊപ്പം ജോസഫ് അതിരുങ്കൽ, വിനോദ്, മുഹമ്മദ് സാലി, അഷ്‌റഫ് മുവാറ്റുപുഴ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.