റിയാദ്: നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രൂപവത്കരണ വാർഷികാഘോഷങ്ങളുടെ ഭാഗമായി റിയാദിലെ അൽയാസ്മിൻ ഇൻറർനാഷനൽ സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. കേരളത്തിനുപുറമെ തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെയും പിറവിയാഘോഷമാണ് സംഘടിപ്പിച്ചത്. ഇതിനുപുറമെ മലയാളം, തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളുടെയും അസംബ്ലിയായിരുന്നു നടന്നത്. ഖുർആനിലെ വാക്യങ്ങൾ പാരായണം ചെയ്തുകൊണ്ടാണ് അസംബ്ലി ആരംഭിച്ചത്. വിവിധ ഭാഷകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള വിവിധ കലാപരിപാടികളും അരങ്ങേറി.
ഇരുവിഭാഗങ്ങളിലെയും ഹൈസ്കൂൾ വിദ്യാർഥികളുടെ ഗ്രൂപ് ഡാൻസ്, ഗ്രൂപ് സോങ് അസംബ്ലിയിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പ്രൈമറി വിദ്യാർഥികൾ കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളുടെ സംസ്കാരവും ഭൂപ്രകൃതിയും വിശദീകരിച്ചുകൊണ്ട് പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു. ഇത് വിദ്യാർഥികളിൽ സംസ്ഥാനങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിന് കാരണമായി. കൂടാതെ, ഭാഷകളുടെ പ്രാധാന്യം, മാതൃഭാഷയുടെ മാഹാത്മ്യം, വിവിധ സംസ്ഥാനങ്ങളുടെ ചരിത്രം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ട് കുട്ടികൾ നടത്തിയ പ്രസംഗം അസംബ്ലിയെ കൂടുതൽ സജീവമാക്കി. വിദ്യാർഥികളെ അഭിസംബോധന ചെയ്യാനും അവരെ ബോധവത്കരിക്കാനും പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്കത്ത് പർവേസിനെ ക്ഷണിച്ചു.
ഇന്ത്യയുടെ ചരിത്രത്തിൽ ഓരോ സംസ്ഥാനവും രൂപവത്കരിക്കപ്പെട്ടതിെൻറ പ്രധാന സംഭവങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.
കെ.ജി. സെക്ഷനിൽ ഹെഡ് മിസ്ട്രസ് റിഹാന അംജാദ്, ഗേൾസ് സെക്ഷനിൽ സംഗീത അനൂപ്, ബോയ്സ് സെക്ഷനിൽ ഹെഡ്മാസ്റ്റർ തൻവീർ സിദ്ദിഖി എന്നിവർ കുട്ടികളുടെയും ഭാഷാധ്യാപകരുടെയും പ്രയത്നത്തെ അഭിനന്ദിച്ചു. സൗദിയുടെയും ഇന്ത്യയുടെയും ദേശീയഗാനം ആലപിച്ചുകൊണ്ട് അസംബ്ലി സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.