റിയാദ്: വൻ അവകാശവാദവുമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച സംഘ്പരിവാറിനും എൻ.ഡി.എക്കും രാജ്യത്തെ ജനങ്ങൾ കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നതെന്ന് പ്രവാസി വെൽഫെയർ നാഷനൽ കമ്മിറ്റി വിലയിരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നയിച്ച വിദ്വേഷ പ്രചാരണങ്ങൾക്ക് ശേഷവും ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാനാവാത്ത രീതിയിൽ ജനങ്ങൾ സംഘ്പരിവാറിനെ കൈകാര്യം ചെയ്തിരിക്കുകയാണ്.
രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സാധാരണക്കാരായ ജനങ്ങൾ ബി.ജെ.പി ഭരണത്തിന്റെ അപകടം മനസ്സിലാക്കി അവരെ തിരസ്കരിച്ചു തുടങ്ങി എന്ന വ്യക്തമായ സന്ദേശം തെരഞ്ഞെടുപ്പ് ഫലം നൽകുന്നുണ്ട്. മറയില്ലാത്ത വിദ്വേഷപ്രസംഗങ്ങൾ നടത്തിയും വോട്ട്ബാങ്ക് ലക്ഷ്യംവെച്ച് ഹിന്ദുത്വ ചിഹ്നങ്ങളും ആവിഷ്കാരങ്ങളും ഉപയോഗിച്ചും കോടികൾ ഒഴുക്കി നടത്തിയ രാഷ്ട്രീയ പ്രചാരണങ്ങളെ ജനങ്ങൾ തള്ളിയിരിക്കുകയാണ്. ഭരണകൂടവേട്ടക്കിരയായി ജയിലിൽനിന്ന് മത്സരിച്ചവരും പലയിടങ്ങളിൽ വിജയിച്ചു. സംഘ്പരിവാറിന്റെ വംശീയ രാഷ്ട്രീയത്തിനെതിരായി വിധിയെഴുതിയ മുഴുവൻ വോട്ടർമാരെയും പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ നിന്നുകൊണ്ട് ജനാധിപത്യ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ ഇൻഡ്യ മുന്നണിയിലെ കക്ഷികളെയും നേതാക്കളെയും അഭിവാദ്യം ചെയ്യുന്നു.
ബി.ജെ.പിയിതര രാഷ്ട്രീയപാർട്ടികളെ ചേർത്തുപിടിച്ച് കേന്ദ്രത്തിൽ സംഘ്പരിവാറിതര സർക്കാർ രൂപവത്കരിക്കാൻ ഇൻഡ്യ മുന്നണി നേതാക്കൾ തയാറാകണം. ജനവിരുദ്ധവും സാമൂഹികനീതിയെ വെല്ലുവിളിക്കുന്നതുമായ സംസ്ഥാന ഭരണത്തിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ. ജനങ്ങളെ മാനിക്കാത്ത സർക്കാറിനേറ്റ കനത്ത പ്രഹരമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം. വടകരയിലടക്കം സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് കൊയ്യാനുള്ള കുതന്ത്രങ്ങളെ കേരളീയ സമൂഹം തിരസ്കരിച്ചിരിക്കുകയാണ്. തൃശൂരിലെ ബി.ജെ.പി ജയം അതീവ ഗൗരവത്തോടെ കേരളം നോക്കിക്കാണണം. സംഘ്പരിവാറിന് സംസ്ഥാനത്ത് സ്ഥാനമില്ലെന്ന കേരളത്തിന്റെ രാഷ്ട്രീയ അവകാശവാദത്തിന് പരിക്കേറ്റിരിക്കുന്നു. എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികളുടെ രാഷ്ട്രീയ ദൗർബല്യത്തെയും വോട്ട് ചോർച്ചയെയും മുതലെടുത്താണ് ബി.ജെ.പി ജയിച്ചത്.
പരാജയം ഉറപ്പു വരുത്തുംവിധം തന്ത്രപരമായി തെരഞ്ഞെടുപ്പിനെ സമീപിക്കേണ്ട ഉത്തരവാദിത്തബോധം മുന്നണികളിൽ നിന്നുണ്ടായില്ല. ഈ അപകടം നാട് തിരിച്ചറിയണം. താൽക്കാലിക നേട്ടങ്ങൾക്ക് വേണ്ടി സമൂഹത്തിൽ വളർത്തിയ വിഭാഗീയ ചിന്തകൾ ആത്യന്തികമായി സംഘ്പരിവാറിനായിരിക്കും പ്രയോജനം ചെയ്യുകയെന്ന് വെൽഫെയർ പാർട്ടി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. സംഘ്പരിവാർ ആശയങ്ങൾക്കും രാഷ്ട്രീയത്തിനും വളമാകുന്ന രീതിയിൽ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ മറ്റ് ഇടതുപാർട്ടികൾ കൈകാര്യം ചെയ്തത് കേരളത്തിലെ സാമൂഹികബോധങ്ങളിൽ വിള്ളലുകൾ വരുത്തിയിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞു തിരുത്താൻ പാർട്ടികൾ തയാറാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.