മക്ക: ഈ വർഷം ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളിൽ തീർഥാടകർക്ക് സമ്മാനമായി 10,000 പാക്കറ്റ് ഒട്ടകപ്പാൽ (നുക്ക്) വിതരണം ചെയ്യും. തെക്കുകിഴക്കൻ ഏഷ്യൻ തീർഥാടകർക്കായുള്ള കമ്പനിയായ ‘മശാരിഖ്’ ആണ് ഒട്ടകപ്പാൽ വിതരണം ചെയ്യുക. ഒട്ടകപ്പാലും അതിെൻറ ഉൽപന്നങ്ങളും വിതരണം ചെയ്യുന്നതിനായി പൊതുനിക്ഷേപ ഫണ്ട് കമ്പനികളിലൊന്നായ ‘സവാനി’യുമായി കരാറിൽ ഒപ്പുവെച്ചു. സൗദിയുടെ പൈതൃകം പ്രചരിപ്പിക്കുന്നതിനും തീർഥാടകരെയും സന്ദർശകരെയും ആധികാരിക പൈതൃക ഉൽപന്നങ്ങളിലേക്ക് പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നടപടിയാണിത്.
അതോടൊപ്പം ‘ഒട്ടക വർഷം’ എന്ന കാമ്പയിൻ സജീവമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗവുമാണ്. ഒട്ടകപ്പാലിന്റെ ദേശീയ ഉൽപാദനം വർധിപ്പിക്കുക, പ്രാദേശിക കാർഷിക മേഖലയെ പിന്തുണക്കുക, ആരോഗ്യകരവും പോഷകസമൃദ്ധവുമായ പാനീയങ്ങൾ നൽകി തീർഥാടകരുടെ അനുഭവം സമ്പന്നമാക്കുന്നതിന് സംഭാവന ചെയ്യുക, തീർഥാടകർക്ക് മികച്ച സേവനങ്ങളും ഉൽപന്നങ്ങളും നൽകാനും രാജ്യത്തിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇത്.
‘സവാനി’യുമായുള്ള പങ്കാളിത്തം രാജ്യത്തിെൻറ സംസ്കാരം പ്രചരിപ്പിക്കാനും ലോകത്തെ അതിെൻറ സമ്പന്നമായ പൈതൃകത്തെ പരിചയപ്പെടുത്താനും ലക്ഷ്യമിടുന്നുവെന്ന് മശാരിഖ് ഡയറക്ടർ ബോർഡ് ചെയർമാൻ അദ്നാൻ മൻന്ദൂറ പറഞ്ഞു. ഒട്ടകപ്പാലിനെക്കുറിച്ചും ഉൽപന്നങ്ങളെക്കുറിച്ചും അവബോധം വർധിപ്പിക്കുന്നതിനും അവയെ രാജ്യത്തിെൻറ ഭക്ഷ്യപൈതൃകത്തിെൻറ ഭാഗമായി അവതരിപ്പിക്കാനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ പങ്കാളിത്തമെന്നും അദ്നാൻ മൻന്ദൂറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.