അബഹ: അസീർ പ്രവാസി സംഘം ഒമ്പതാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി സാറത്തബീദ ഏരിയ സമ്മേളനം സംഘടിപ്പിച്ചു. ദമ്മാം നവോദയ രക്ഷാധികാരി രഞ്ജിത്ത് വടകര ഉദ്ഘാടനം ചെയ്തു. ഒമ്പത് വർഷക്കാലമായി കേന്ദ്ര സർക്കാർ തുടർന്ന് വരുന്ന കോർപറേറ്റ് വികസന നയം രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും അസമത്വവും വർധിപ്പിച്ചിരിക്കുകയാണെന്നും പട്ടിണിയും ദാരിദ്ര്യവും സൃഷ്ടിക്കുന്ന ഭരണകൂടങ്ങളെയല്ല എതിർക്കപ്പെടേണ്ടത്, അന്യമതക്കാരെയാണെന്നുമുള്ള സന്ദേശം പകരുന്ന അന്യമത വിദ്വേഷവും സങ്കുചിത ദേശീയതയും വളർത്തിയെടുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആനത്തലവട്ടം ആനന്ദൻ നഗറിൽ ചേർന്ന സമ്മേളനം ഷാബ്ജാൻ നവാബ് ഖാൻ നൂറുദ്ദീൻ എന്നിവർ അടങ്ങുന്ന പ്രസീഡിയം നിയന്ത്രിച്ചു. രക്തസാക്ഷി പ്രമേയം രമേശും അനുശോചനം പ്രമേയം ഷിഹാബും അവതരിപ്പിച്ചു. അബ്ദുൽഖാദർ, ഉല്ലാസ് എന്നിവർ പ്രമേയത്തിന്റെയും മിഥുൻ, അബ്ദുറഹ്മാൻ എന്നിവർ മിനുട്സ് കമ്മിറ്റിയുടെയും ചുമതലകൾ നിർവഹിച്ചു. ഏരിയ സെക്രട്ടറി സുധീരൻ ചാവക്കാട് പ്രവർത്തന റിപ്പോർട്ടും അബ്ദുൽസലാം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്ക് സുധീരൻ ചാവക്കാടും സുരേഷ് മാവേലിക്കരയും മറുപടി നൽകി. രക്ഷാധികാരി ബാബു പരപ്പനങ്ങാടി അവതരിപ്പിച്ച 24 അംഗ പാനലിൽ നിന്നും പുതിയ ഭാരവാഹികളെയും 14 അംഗ എക്സിക്യൂട്ടീവിനേയും തെരഞ്ഞെടുത്തു. അബ്ദുൽവഹാബ് കരുനാഗപ്പള്ളി, താമരാക്ഷൻ ക്ലാപ്പന, നിസ്സാർ കൊച്ചി, അനുരൂപ്, രഞ്ജിത്ത് വർക്കല എന്നിവർ സംസാരിച്ചു. ഹാരിസ് കരുനാഗപ്പള്ളി സ്വാഗതവും അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഹാരിസ് കരുനാഗപ്പള്ളി (പ്രസി.), ഷാബ്ജാൻ (സെക്ര.), നവാബ് ഖാൻ (ട്രഷ.), നൂറുദ്ദീൻ ചെങ്ങമനാട് (റിലീഫ് കൺ.), ഖാലിദ് (ചെയർമാൻ), അബ്ദുൽ ഖാദർ (ജോ. സെക്ര.), അനുരുദ്ധൻ (വൈസ് പ്രസി.), ഉല്ലാസ്, അബ്ദുൽ സലാം (അക്ഷയ ചാർജ്ജ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.