മക്ക ഡെപ്യൂട്ടി അമീർ സഊദ് ബിൻ മിശ്അലിന്റെ നേതൃത്വത്തിൽ സൗദി കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ചേർന്നപ്പോൾ
മക്ക: റമദാനിലെ അവസാന പത്തിനുവേണ്ടിയുള്ള തയാറെടുപ്പുകളും വിവിധ വകുപ്പുകളുടെ ഒരുക്കവും സൗദി കേന്ദ്ര ഹജ്ജ് കമ്മിറ്റി വിലയിരുത്തി. മക്ക ഡെപ്യൂട്ടി അമീർ സഊദ് ബിൻ മിശ്അലിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.
ഹറമിലെത്തുന്ന വിശ്വാസികളുടെ സഞ്ചാരത്തിന്റെ സുഗമമായ ഒഴുക്ക്, സുരക്ഷ, പൊതുഗതാഗത സ്റ്റേഷനുകളുടെ പ്രവർത്തനം എന്നിവ സംബന്ധിച്ച തയാറെടുപ്പുകൾ ഡെപ്യൂട്ടി ഗവർണർ പരിശോധിച്ചു. ഇരുഹറം ജനറൽ അതോറിറ്റിയും മറ്റ് അനുബന്ധ വകുപ്പുകളും റമദാൻ ആരംഭം മുതൽ നടത്തിയ പ്രവർത്തനങ്ങളും അവസാന പത്തിലേക്കുള്ള തയാറെടുപ്പുകളും അവതരിപ്പിച്ചു.
ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ കൂടുതൽ നമസ്കാര സ്ഥലങ്ങൾ ഒരുക്കുക, പരവതാനികളുടെ എണ്ണവും സുഗന്ധദ്രവ്യങ്ങളുടെ അളവും വർധിപ്പിക്കുക, തിരക്ക് കൂടുന്നതിനനുസരിച്ച് ലിഫ്റ്റുകളും എസ്കലേറ്ററുകളും ക്രമീകരിക്കുക, തീർഥാടകർക്കും ആരാധകർക്കും സേവനം നൽകുന്നതിന് അധിക സന്നദ്ധ സംഘങ്ങളെ ഒരുക്കുക, സംസം ബോട്ടിലുകളുടെ എണ്ണം വർധിപ്പിക്കുക, അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും പിന്തുടരാൻ സാങ്കേതിക ടീമുകളെ 24 മണിക്കൂറും സജ്ജമാക്കുക എന്നിവ റമദാൻ അവസാന പത്തിലെ ഏറ്റവും പ്രധാനപ്പെട്ട തയാറെടുപ്പുകളാണ്.
അതേസമയം, റമദാൻ പത്തിലേക്ക് പ്രവേശിച്ചതോടെ ഇരുഹറമുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിദേശ, ആഭ്യന്തര ഉംറ തീർഥാടകരുടെ എണ്ണവും കൂടിയിട്ടുണ്ട്. സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും അടക്കുന്നതോടെ തിരക്ക് ഇനിയും കൂടുമെന്നാണ് പ്രതീക്ഷ.
തിരക്ക് മുൻകൂട്ടി കണ്ട് ഇരുഹറം പരിപാലന കമ്മിറ്റിയും അനുബന്ധ വകുപ്പുകളും അവസാന പത്തിലേക്ക് പ്രത്യേക പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
ആവശ്യമായ എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ട്. സുരക്ഷ, ട്രാഫിക് രംഗത്തും പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മക്ക മുനിസിപ്പാലിറ്റിക്ക് കീഴിലും റമദാൻ പ്രവർത്തന പദ്ധതികൾ സജീവമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.