ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്: വ്യവസ്ഥകൾ നിർണയിച്ചു

ജിദ്ദ: രാജ്യത്ത് ഇലക്ട്രിക് വാഹന ചാർജിങ് വിപണിയുമായി ബന്ധപ്പെട്ട നിയമനിർമാണ, നിയന്ത്രണ, സാങ്കേതിക നടപടികൾ പൂർത്തിയായി. സൗദി ഊർജമന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ഇലക്‌ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾക്കായുള്ള അടിസ്ഥാനസൗകര്യ വികസന സമിതിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചാർജിങ് സ്റ്റേഷനുകളും അവയുടെ ഉപകരണങ്ങളും സ്ഥാപിക്കുന്നതിന് ആവശ്യമായ നിയന്ത്രണങ്ങൾ നിർണയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ വൈവിധ്യപൂർണവും സുസ്ഥിരവുമാക്കുന്നതിലൂടെ 'വിഷൻ 2030'ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ സഹായിക്കും.

ഉൽപാദനക്ഷമത വർധിപ്പിക്കുക, സ്വകാര്യമേഖലയുടെ സംഭാവന ഉയർത്തുക, പുരുഷന്മാർക്കും സ്ത്രീകൾക്കും ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ നൽകാൻ കഴിയുന്നതും ഭാവിക്ക് അനുയോജ്യവുമായ പുതിയ മേഖലകൾ കെട്ടിപ്പടുക്കുക എന്നിവയെ അവലംബിച്ചാണ് വ്യവസ്ഥകളും നിയന്ത്രണങ്ങളും തയാറാക്കിയിരിക്കുന്നത്. ഗുണനിലവാരവും കാര്യക്ഷമതയും ഉറപ്പാക്കിക്കൊണ്ട് വാഹന ഉടമകൾക്ക് കാറുകൾ സുഗമമായും എളുപ്പത്തിലും ചാർജ് ചെയ്യാൻ പ്രാപ്തമാക്കുന്നതിനും ഇതു സഹായിക്കും.

മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയം, ഗതാഗത-ലോജിസ്റ്റിക് മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ജല-വൈദ്യുതി റെഗുലേറ്ററി അതോറിറ്റി, സൗദി സ്റ്റാന്റേർഡ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ, സൗദി എനർജി എഫിഷ്യൻസി സെന്റർ (കഫ), സൗദി ഇലക്ട്രിസിറ്റി കമ്പനി, കിങ് അബ്ദുല്ല പെട്രോളിയം സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്റർ എന്നിവ ഉൾപ്പെട്ടതാണ് ഇലക്‌ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾക്കായുള്ള അടിസ്ഥാനസൗകര്യ വികസന സമിതി.

വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി, ഇലക്ട്രിക് വാഹന ചാർജിങ് പ്രവർത്തനത്തിനുവേണ്ട വ്യവസ്ഥകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹന ചാർജറുകൾക്കുള്ള സാങ്കേതിക ആവശ്യകതകളോടൊപ്പം അവ സ്ഥാപിക്കുന്നതിനുള്ള നിയന്ത്രണങ്ങളും ലൈസൻസുകളും അതിനുവേണ്ട ആവശ്യകതകളും മുനിസിപ്പൽ മന്ത്രാലയം നിർണയിച്ചിട്ടുണ്ട്. സ്റ്റേഷനുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതടക്കമുള്ള വ്യവസ്ഥകൾ ഇതിലുൾപ്പെടും.

ഇലക്‌ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ

Tags:    
News Summary - Charging of electric vehicles: conditions laid down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.