ജിദ്ദ: ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സംവിധാനം ഒരുക്കുന്നതിനുള്ള സേവനം നൽകാൻ സൗദി ഇലക്ട്രിസിറ്റി കമ്പനി പ്രത്യേക സർവിസ് പോർട്ടൽ ആരംഭിച്ചു. വരിക്കാർക്കായി ഇലക്ട്രിക് ചാർജറുകൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയതായും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.
'വിഷൻ 2030' ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വൈദ്യുതി, പരിസ്ഥിതിസൗഹൃദ വാഹന മേഖലയിലെ ദ്രുതഗതിയിലുള്ള വികസനത്തിനുമാണ് കമ്പനിയുടെ ഈ പദ്ധതിയെന്നും അവർ കൂട്ടിച്ചേർത്തു. സേവനം ആവശ്യമുള്ളവർക്ക് രജിസ്ട്രേഷൻ നടപടികൾക്ക് കമ്പനി വെബ്സൈറ്റിൽ പ്രവേശിച്ചാൽ മതി. ആദ്യം 'സേവനങ്ങൾ' എന്ന ടാബ് തിരഞ്ഞെടുക്കണം. പിന്നീട് 'ഇലക്ട്രിക് വാഹന അപേക്ഷ' എന്ന ടാബിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകണം. ഇതോടെ ചാർജിങ് സംവിധാനം ഒരുക്കുന്നതിനുള്ള സേവനങ്ങൾ കമ്പനിയിൽനിന്ന് ലഭ്യമാവും.
ദ്രവ ഇന്ധനത്തെ ആശ്രയിക്കുന്നത് കുറക്കുന്നതിലൂടെ ദേശീയ സമ്പദ്‌വ്യവസ്ഥക്ക് മെച്ചമുണ്ടാക്കാൻ നൽകുന്ന പിന്തുണയുടെ ഭാഗമാണ് ഇലക്ട്രിസിറ്റി കമ്പനിയുടെ പുതിയ സേവനമെന്നും കമ്പനി വൃത്തങ്ങൾ വിശദീകരിച്ചു.
കൂടുതൽ പുതിയ ഊർജസ്രോതസ്സുകൾ ലഭ്യമാക്കൽ, ഒപ്പം പരിസ്ഥിതിയെ സംരക്ഷിക്കൽ എന്നീ ലക്ഷ്യങ്ങളും ഈ പ്രവർത്തനപദ്ധതിയുടെ ഭാഗമാണ്.
ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് മാർക്കറ്റിനെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നിയമനിർമാണ, നിയന്ത്രണ, സാങ്കേതിക നടപടികൾ സൗദി ഊർജ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ഇലക്‌ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾക്കായുള്ള അടിസ്ഥാനസൗകര്യ വികസനസമിതി പൂർത്തിയാക്കിയ വിവരം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് സൗദി ഇലക്ട്രിസിറ്റി കമ്പനി പുതിയ സേവനം ആരംഭിച്ചതും. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച വ്യവസ്ഥകളും ലൈസൻസും അതിനാവശ്യമായ നിബന്ധനകളും മുനിസിപ്പൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.