ദമ്മാം: സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹത്തിനൊപ്പം ആ മേഖലയെ പരിഷ്കരിച്ചെടുക്കുകയെന്ന കടമകൂടിയാണ് താൻ നിർവ്വഹിക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരനും, സംവിധായകനും, സംരംഭകനുമായ സോഹൻ റോയ്. സൗദിയിൽ നടക്കുന്ന ‘ഷിപ്ടെക്’ എക്സിബിഷനിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. പത്തനംതിട്ടയിലെ നാട്ടിൻപുറത്തുനിന്ന് അന്താരാഷ്ട്ര വേദികളിലേക്കു വളർന്ന ബഹുമുഖ പ്രതിഭകൂടിയാണ് സോഹൻ റോയ്. ഇന്ത്യയിൽനിന്ന് ആദ്യമായി നേരിട്ട് ഓസ്കാറിനു മുന്നിൽ പ്രദർശിപ്പിച്ച 'ഡാം 999' എന്ന ചിത്രത്തിലൂടെ ചരിത്രം രചിച്ചാണ് സോഹൻ റോയ് സിനിമാലോകത്ത് തന്റെ സാമ്രാജ്യം ഉറപ്പിച്ചത്. സിനിമ ചെയ്യണമെന്ന് തീരുമാനിച്ചപ്പോൾ അത് വ്യത്യസ്തമായിരിക്കണമെന്നതായിരുന്നു ആദ്യ തീരുമാനം. അതുകൊണ്ടാണ് ആദ്യമായി സാമൂഹ്യ പ്രാധാന്യമുള്ള മുല്ലപ്പെരിയാർ വിഷയമാകുന്നത്. ഒമ്പത് രീതിയിൽ സിനിമ കാണാൻ പറ്റുന്ന രീതിയിൽ താൻ ആ സിനിമ ഡിസൈൻ ചെയ്യുകയായിരുന്നുവെന്ന് സോഹൻ റോയ് പറഞ്ഞു.
എവിടുന്ന് തുടങ്ങണം എന്നത് ആദ്യ അന്വേഷണമായിരുന്നു. ഇന്ത്യയിലെ എക്കാലത്തേയും മികച്ച സിനിമക്കാരനാണ് സത്യജിത് റെ. അദ്ദേഹത്തിന്റെ ജീവിതാഭിലാഷമായിരുന്നു ഇന്ത്യയിൽനിന്ന് ബോളിവുഡിൽ ഒരു സിനിമ ചെയ്യുകയെന്നത്. അങ്ങനെ അദ്ദേഹം 1963ൽ 'ഏലിയൻ' എന്നൊരു സിനിമ നിർമ്മിക്കാൻ തീരുമാനിക്കുന്നു . ഒരു ഏലിയൻ ആസാമിൽ വന്നിറങ്ങുന്നതാണ് കഥ. കൊളംബിയൻ പിക്ച്ചേഴ്സുമായി ചേർന്ന് പ്ലാൻ ചെയ്ത ഈ ചിത്രം പക്ഷെ തടസ്സങ്ങളിൽ പെട്ട് 15 വർഷത്തിനു ശേഷം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടിവന്നു. ആ സിനിമയാണ് പിന്നീട് സ്പിൽബർഗ് എ.ടി.എൻ എന്ന സിനിമയാക്കിയത്. അതിന്റെ സ്റ്റോറി ബോർഡ് വരച്ചത് ഇന്ത്യയുടെ സത്യജിത്റേയാണ്. അദ്ദേഹം പരാജയപ്പെട്ടിടത്ത്നിന്ന് തുടങ്ങുക എന്നതായിരുന്നു തന്റെ ലക്ഷ്യം. ബോളിവുഡിന്റെ മാനദണ്ഡങ്ങൾ പാലിച്ച് സിനിമ ചെയ്താലേ അവിടെ വിതരണം ചെയ്യാനാകൂ. സ്വപ്ങ്ങൾ വരച്ചുവെച്ച് താനത് പഠിക്കാനിറങ്ങി. സാമൂഹ്യ പ്രതിബദ്ധതയുള്ള മുല്ലപെരിയാർ വിഷയം സനിമയാക്കാൻ തീരുമാനിക്കുന്നത് അങ്ങനെയാണ്. ബോളിവുഡിൽപോയി ഡിപ്ലോമ എടുത്ത്, ലൈബ്രറികളിൽനിന്ന് നിരവധി പുസ്തകങ്ങൾ വായിച്ച് അതിനെക്കുറിച്ച് പഠിക്കുകയായിരുന്നു. അത് അന്ന് പറഞ്ഞുതരാൻ ആരുമില്ലായിരുന്നു. ഏറ്റവും വലിയ കപ്പലിൽ വേണം അത് ഷൂട്ട്ചെയ്യാൻ. ഓസ്കാറിൽ കൊണ്ടുപോകാനുള്ള സിനിമ ചെയ്യുയെന്നത് ഒരു പ്രോജക്ടാണ്. നിരവധി കടമ്പകൾ കടക്കണം. മൈഡിയർ കുട്ടിച്ചാത്തൻ സിനിമ ഷൂട്ടിംഗ് കണ്ടത് 17ാം വയസിൽ. അന്നു മുതലുള്ള ആഗ്രമാണ് 3 ഡി യിൽ സിനിമ ചെയ്യുകയെന്നത്. പക്ഷെ കപ്പലിലെ ഷൂട്ടിംഗിൽ അത് സാധ്യമല്ല. 2 ഡിയിൽ ഷൂട്ട് ചെയ്ത് 3 ഡിയിലേക്ക് കൺവർട്ട്ചെയ്യാൻ തീരുമാനിച്ചപ്പോൾ എനിക്ക് മുന്നിൽ മാതൃകകളില്ലായിരുന്നു. തന്റെ എല്ലാ സാമ്പാദ്യവും എടുത്തുവെച്ചു. 10 മില്ല്യൻ ഡോളർ കടം വാങ്ങി സിനിമ ചെയ്യരുതെന്ന് മാത്രമായിരുന്നു ഭാര്യയുടെ നിർദേശം. നാല് വർഷത്തെ പ്രോജക്ടായി അത് പ്ലാൻ ചെയ്തു. ഷിപ്പിലെ ഷുട്ടിംഗിന്റെ കടമ്പകൾ വാക്കുകളിൽ പറഞ്ഞുതീർക്കാനാവില്ല.
തന്റെ സ്വപ്നങ്ങൾക്കുവേണ്ടി തന്റെ സമ്പാദ്യം മാറ്റിവെക്കുന്നുവെന്നു മാത്രമായിരുന്നു തന്റെ മനസ്സിൽ. വാട്ടർ ഗ്രാഫിയും, 2ഡിയിൽ നിന്ന് 3 ഡിയിലേക്കുള്ള മാറ്റവും ഉൾപ്പെടെ കടമ്പകൾ ഏറെ ഉള്ളപ്പോഴും എല്ലാ ടെക്നീഷ്യൻമാരും ഇന്ത്യക്കാരായിരിക്കണം എന്നായിരുന്നു നിർബന്ധം. ഭൂമിയുടെ ചെറിയ ചലനങ്ങൾ പോലും രേഖപ്പെടുത്തുന്ന ബൾജിയത്തിലെ ലോകോത്തര സ്റ്റുഡിയോവിൽ പോയാണ് അത് ചെയ്തത്. പക്ഷെ അതിന്റെ ടെക്നീഷ്യന്മാരെ മുംബെയിൽനിന്ന് കൊണ്ടുപോവുകയായിരുന്നു. ഓസ്കാറിൽ അതിന് അഞ്ച് സെലക്ഷൻ കിട്ടി. പക്ഷെ മുല്ലപെരിയാർ പ്രശ്നം രൂക്ഷമായതോടെ തമിഴ്നാട് സിനിമ നിരോധിച്ചു. തിയറ്ററുകളോ, ടിവി ചാനലുകളോ അത് ഏറ്റെടുക്കാൻ തയ്യാറായില്ല. ഇപ്പോഴും എല്ലാ മൂന്ന് മാസമാകുമ്പോഴും അവർ നിരോധനം പുതുക്കിക്കൊണ്ടിരിക്കുന്നു. 23 കോടി രൂപയാണ് അതിലുടെ നഷ്ടമുണ്ടായത്. പക്ഷെ എനിക്കത് നഷ്ടമല്ല. ഈ സിനിമയുമായി ഞാൻ ലോകം മുഴുവൻ സഞ്ചരിച്ചു. അന്ന് ദിനവും 50,000 ൽ അധികം ആളുകൾ ഇന്ത്യയുടെ പല ഭാഗങ്ങിൽനിന്ന് മുല്ലപ്പെരിയാർ സന്ദർശിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. കഴിഞ്ഞ മാർച്ചിലെ ഒമാൻ ഫിലിം ഫെസ്റ്റുൾപ്പെടെ 600 ൽ അധികം ചലച്ചിത്രോത്സവങ്ങളിൽ ഇത്പ്രദർശിപ്പിച്ചു.
മാരിടൈം മേഖലയിൽ 63 രാജ്യങ്ങളിൽ സാന്നിധ്യമുള്ള കമ്പനിയുടെ തലപ്പത്തിരുന്ന് ഉലകം ചുറ്റുമ്പോഴും മലയാളവും, കവിതകളും മറക്കാതെകൊണ്ട് നടക്കുന്ന സോഹൻ റോയ് കഴിഞ്ഞ ആറു വർഷമായി ഒരു ദിവസം പോലും മുടങ്ങാതെ കവിതകളെഴുതി ഗിന്നസ് ബുക്കിലുമെത്തി. 100 ലധികം ആൽബങ്ങൾ റിലീസ് ചെയ്തു. പിന്നീട് ചെയ്ത ഡോക്യൂമെന്‍ററി സിനിമകളെല്ലാം ലോകം ശ്രദ്ധിക്കുന്നതായി. മലയാളികൾ സിനിമ കാണാനും പഠിക്കണം എന്നത് തന്റെ ആഗ്രഹമായിരുന്നു. സിനിമ വലിയ സ്ക്രീനിൽ കാണാനുള്ളതാണ്. അത് മൊബൈലിൽ കാണുന്നവരും, വ്യാജ പതിപ്പ് കാണുന്നവരും സിനിമയെ കൊല്ലുകയാണ്. പലയിടത്തും പറഞ്ഞിട്ടും മാറ്റമുണ്ടാകാതെ വന്നപ്പോൾ തിരുവനന്തപുരത്ത് ഏരിസ് സിനിമ തുടങ്ങി. ഇന്നും അത് കേരളത്തിലെ ഏറ്റവും മികച്ച തിയറ്ററാണ്. അതിൽ സിനിമ കണ്ടപ്പോഴാണ് ഇങ്ങനെയും സിനിമയുണ്ടെന്ന് പലർക്കും മനസ്സിലായത്. ഇന്ത്യൻ സിനിമ മേഖല ലോകനിലവാരത്തിലേക്കെത്തിക്കാനുള്ള ശ്രമങ്ങളാണ് താൻ ഉൾപടെയുള്ളവർ ചെയ്തുകൊണ്ടിരിക്കുന്നത്. ‘ആടുജീവിത’ത്തെ ഓസ്കാറിലേക്കു കൊണ്ടുപോകാൻ സഹായിക്കുന്നതും ഏരിയസ് ഗ്രൂപ്പാണ്. എങ്ങും പ്രത്യേകിച്ച് ആളാകാൻ നിൽക്കാതെ ചെയ്യാനുള്ളത് ചെയ്യുക എന്നതാണ് തന്റെ ലക്ഷ്യമെന്നും സോഹൻ റോയ് പറഞ്ഞു നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.