ജിദ്ദ: വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പുതിയ അവകാശ സംരക്ഷണ വ്യവസ്ഥകൾ നിലവിൽ വന്നു. ഈ വർഷം ആഗസ്റ്റിലാണ് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുതകുന്ന പുതിയ വ്യവസ്ഥകൾ പ്രഖ്യാപിച്ചത്. യാത്രയിൽ ലഭിക്കേണ്ട പരിചരണം, യാത്ര തുടങ്ങുന്നത് മുതൽ അവസാനിക്കുന്നതുവരെയുള്ള പിന്തുണ, നഷ്ടപരിഹാരം എന്നിവ ഉറപ്പുനൽകുന്ന 30 ചട്ടങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ നിയമാവലി.
വിമാന സർവിസ് വൈകൽ, റദ്ദാക്കൽ, നേരത്തെ പുറപ്പെടൽ, ഓവർ ബുക്കിങ് അല്ലെങ്കിൽ തരംതാഴ്ത്തൽ എന്നിവ കാരണം യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ യാത്രക്കാരന് ടിക്കറ്റ് മൂല്യത്തിന്റെ 150 ശതമാനം മുതൽ 200 ശതമാനം വരെ നഷ്ടപരിഹാരം ഉറപ്പുനൽകുന്നതാണ് പുതിയ നിയമം. വിമാനം പുറപ്പെടാൻ രണ്ട് മണിക്കൂറിൽ കൂടുതൽ വൈകിയാൽ ഒരു കുറക്കലുമില്ലാതെ ടിക്കറ്റ് ചാർജ് മുഴുവൻ തിരികെ വാങ്ങാൻ യാത്രക്കാർക്ക് അവകാശമുണ്ട്. വേറെ വിമാനങ്ങൾ ലഭ്യമല്ലാത്ത വിമാനത്താവളങ്ങളിൽ വിമാനം റദ്ദാക്കിയാൽ ലക്ഷ്യസ്ഥാനത്തേക്കോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്കോ ബദൽ യാത്രാസംവിധാനം ഒരുക്കി നൽകണം.
വിമാനം പുറപ്പെടാൻ രണ്ട് മണിക്കൂറിൽ കൂടുതൽ വൈകിയാൽ, ഒരു ഫീസും കുറക്കാതെ ടിക്കറ്റ് റദ്ദാക്കി മുഴുവൻ പണവും യാത്രക്കാർക്ക് നൽകണം. കാലതാമസം അഞ്ച് മണിക്കൂറിൽ കൂടുതലായാൽ വിമാനം റദ്ദാക്കിയതായി കണക്കാക്കുകയും യാത്രക്കാരന് നഷ്ടപരിഹാരം നൽകുകയും വേണം. വിമാനം ആറ് മണിക്കൂറോ അതിൽ കൂടുതലോ വൈകിയാൽ യാത്രക്കാർക്ക് ഹോട്ടൽ താമസവും വിമാനത്താവളത്തിലേക്കും തിരിച്ചും യാത്രാസൗകര്യവും ഒരുക്കണം.
ടിക്കറ്റ് റിസർവ് ചെയ്യുന്ന സമയത്ത് ഇല്ലാത്ത സ്റ്റോപ്പിങ് പോയന്റ് യാത്രക്കിടയിൽ ഉണ്ടായാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണം. ലഗേജ് നഷ്ടപ്പെട്ടാലും കേടുപാടുകൾ, തിരികെ ലഭിക്കാൻ കാലതാമസം എന്നിവ ഉണ്ടായാലും യാത്രക്കാർക്ക് മതിയായ നഷ്ടപരിഹാരത്തിന് അവകാശമുണ്ട്. വ്യോമഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുക, അവയുടെ കാര്യക്ഷമത വർധിപ്പിക്കുക, ആവശ്യമായ പരിചരണവും പിന്തുണയും നൽകിക്കൊണ്ട് രാജ്യത്തിനകത്തും പുറത്തുമുള്ള യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുക, യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് പുതിയ വ്യവസ്ഥയിലൂടെ സിവിൽ ഏവിയേഷൻ അതോറിറ്റി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.