ദമ്മാം: കോർണിഷ് സോക്കർ ക്ലബ് സംഘടിപ്പിച്ച ആറാമത് സീനിയർ പ്ലസ് 40 സെവൻസ് ഫുട്ബാൾ ടൂർണമെൻറിന്റെ കലാശപ്പോരാട്ടത്തില്‍ യു.എഫ്.സി അൽഖോബാറിനെ പരാജയപ്പെടുത്തി ടേസ്റ്റി ഖത്വീഫ് ജേതാക്കളായി. പൊരുതി കളിച്ച യു.എഫ്.സി അൽഖോബാർ നേടിയ ഒരു ഗോളിനെതിരെ മൂന്ന് ഗോളുകൾക്കാണ് അവർ കപ്പ് സ്വന്തമാക്കിയത്. ഗുസൈബി സ്റ്റേഡിയത്തിൽ പ്രമുഖ താരനിരയുമായെത്തിയ ഇരു ടീമുകളുടേയും വാശിയേറിയ മത്സരത്തിന് സാക്ഷിയാവാന്‍ വനിതകൾ ഉൾപ്പെടെ നൂറുകണക്കിന് കാല്പന്തു പ്രേമികളാണ് എത്തിയത്. ആദ്യപകുതിയില്‍ മികച്ച മുന്നേറ്റത്തോടെ യു.എഫ്.സി അൽഖോബാർ കളം നിറഞ്ഞ് കളിച്ചെങ്കിലും 18ാം മിനിറ്റിൽ ടേസ്റ്റി ഖത്വീഫിന്റെ അസി ആദ്യ ഗോൾ നേടി.
വാശിയേറിയ കളി 30ാം മിനിറ്റിൽ എത്തിയപ്പോൾ ടേസ്റ്റി ഖത്വീഫിന്റെ ശാഹുൽ ഹമീദ് മറ്റൊരു ഗോൾ കൂടി നേടി ലീഡുയർത്തി. ഉടൻ യു.എഫ്.സിയുടെ മുൻനിര താരം പ്രശാന്ത് നേടിയ കിക്ക് ടേസ്റ്റി ഖത്വീഫിന്റെ പ്രതിരോധക്കാരന്റെ കാലിൽ തട്ടി ഓൺ ഗോൾ ലഭിച്ചത് യു.എഫ്.സിക്ക് ആശ്വാസമായെങ്കിലും 35ാം മിനിറ്റിൽ ജഴ്സി നമ്പർ എട്ട് ശാഹുൽ ഹമീദ് നേടിയ ഇരട്ട ഗോളിലൂടെ സ്കോര്‍ മൂന്നായി ഉയര്‍ത്തി വിജയം സ്വന്തമാക്കി. റെദ കം യുനൈറ്റഡ് പ്രതിനിധികളായ റംസീനും നബീഹും ചേർന്ന് വിജയികള്‍ക്കുള്ള ട്രോഫിയും സി.എസ്.സി എക്സിക്യൂട്ടിവ് മെംബർമാരായ അഷ്റഫ് സോണി, വസീം ബീരിച്ചേരി എന്നിവർ ചേർന്ന് പ്രൈസ് മണിയും സമ്മാനിച്ചു. റണ്ണേഴ്സായ യു.എഫ്.സി അൽഖോബാറിന് ഇബ്തികാർ ഗൾഫ് ട്രേഡിങ് പ്രതിനിധി അബ്ദുൽ റസാഖ് പ്രൈസ് മണിയും ട്രോഫിയും സമ്മാനിച്ചു.
ടൂർണമെൻറിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത ടേസ്റ്റി ഖത്വീഫിന്റെ അസീസിനുള്ള സമ്മാനം ശറഫുദ്ധീൻ റോയൽ മലബാർ സമ്മാനിച്ചു. മറ്റു മികച്ച താരങ്ങളായി ടേസ്റ്റി ഖത്വീഫിന്റെ അസീസ് (ടോപ് സ്കോറർ), ശാഹുൽ ഹമീദ് (മാൻ ഓഫ് ദ ഫൈനൽ മാച്ച്), ടേസ്റ്റി ഖത്വീഫിന്റെ ഷമീം (ഗോൾ കീപ്പർ) എന്നിവരേയും തിരഞ്ഞെടുത്തു. ഫൈനൽ മത്സരത്തിന് മുന്നോടിയായി മുഖ്യരക്ഷാധികാരി സക്കീർ വള്ളക്കടവിന്റെ അധ്യക്ഷതയിൽ നടന്ന നടന്ന ഉദ്ഘാടനച്ചടങ്ങിൽ മലപ്പുറം പുളിക്കൽ സ്വദേശി ഷബീർ മുണ്ടൊട്ടിലിനെയും കാസർകോട് തൃക്കരിപ്പൂർ സ്വദേശി എ.പി. മുഹമ്മദലിയെയും പ്രശംസാഫലകം നൽകി ആദരിച്ചു. മാധ്യമപുരസ്കാരം ലഭിച്ച സുബൈർ ഉദിനൂരിനെയും ആദരിച്ചു.
ക്ലബ് പ്രസിഡൻറ് റഫീഖ് ചാച്ച, ജോൺ കോശി, സി.കെ.വി. അഷ്റഫ്, ശറഫുദ്ധീൻ റോയൽ മലബാർ, ശാഹുൽ ഹമീദ് നീലേശ്വരം, ബഷീർ കാരോളം, അനസ് സീതിരകത്ത്, ഡിഫ പ്രതിനിധികളായ മുജീബ് കളത്തിൽ, ലിയാക്കത്തലി, സക്കീർ പുളിക്കൽ എന്നിവർ സംബന്ധിച്ചു. മലയാളി റഫറിമാറായ അബ്ദുറഹ്മാൻ, അർഷദ്, അജ്മൽ എന്നിവരായിരുന്നു ടൂർണമെൻറ് നിയന്ത്രിച്ചത്. അഷ്റഫ് സോണി, സമീർ കരമന, വസീം ബീരിച്ചേരി, സബാഹ് കോഴിക്കോട്, ഹനീഫ് മഞ്ചേരി, ഷാഫി കോഴിക്കോട്, റഷീദ് റവാബി, അസ്ഹർ ബീരിച്ചേരി, റഹീം രാമന്തളി, സാക്കു എന്നിവർ നേതൃത്വം നൽകി. ക്ലബ് സെക്രട്ടറി ജുനൈന്ദ് നീലേശ്വരം സ്വാഗതവും ടൂർണമെൻറ് കൺവീനർ സമദ് കാടങ്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.