ജിദ്ദ: കൊറോണ വൈറസ് ബാധയിൽ വീണ്ടും മരണം. റിയാദിലാണ് 57 വയസുകാരനായ സ്വദേശി മരിച്ചത്. 80 വയസുള്ള ഒരാൾക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇയാളുടെ നില ഗുരുതരമല്ല. അറേബ്യൻ ഉപഭൂഖണ്ഡത്തിൽ 2014 ൽ പടർന്നുപിടിച്ച കൊറോണ വൈറസ് ബാധ കഴിഞ്ഞ രണ്ടുവർഷങ്ങളിൽ നിയന്ത്രണവിധേയമായിരുന്നു. 2017 ൽ കാര്യമായ തോതിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നുമില്ല. ഇൗ വർഷത്തെ ആദ്യ ഇരയാണ് റിയാദിൽ മരിച്ചത്.
അതിന് പിന്നാലെ പക്ഷിപ്പനി ബാധിച്ച് അഞ്ചുപേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. റിയാദ്, അൽഅഹ്സ, ദവാദ്മി എന്നിവിടങ്ങളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. അൽഖർജ്, ഹുറൈംല, ദുർമ, ബുറൈദ, ബുഖൈരിയ എന്നിവിടങ്ങളിൽ പരിശോധന നടത്തിയ വിവിധ മന്ത്രാലയങ്ങളുടെ സംയുക്തസംഘം രോഗബാധ കണ്ടെത്തിയ കോഴികളെ കൂട്ടത്തോടെ കൊന്നു. രണ്ടാഴ്ച മുമ്പ് രോഗബാധ റിപ്പോർട്ട് ചെയ്തശേഷം ഇതുവരെ 2,449 സാമ്പിളുകളാണ് റിയാദിലെ വെറ്ററിനറി ഡയഗ്നോസിസ് ലാബിൽ പരിശോധനക്കെത്തിയത്.
കോഴികളെ മേഖല വിട്ട് കൊണ്ടുപോകുന്നത് കഴിഞ്ഞയാഴ്ച ആരോഗ്യ മന്ത്രാലയം തടഞ്ഞിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കോഴികളെ കടത്താൻ മുൻകൂർ അനുമതി വാങ്ങണമെന്നത് നിർബന്ധമാക്കുകയും ചെയ്തു. ഉത്തരവ് അനുസരിക്കാതെ കോഴികളെ കടത്തിയവർക്കെതിരെ കർക്കശ നടപടി സ്വീകരിച്ചിട്ടുണ്ട്. ജിദ്ദയിൽ നിന്ന് മദീനയിലേക്ക് കടത്തിയ 640 കോഴികളെയും റിയാദിൽ നിന്ന് മക്കയിലേക്ക് കൊണ്ടുപോയ ഒരലോഡ് കോഴികളെയും പിടിച്ചെടുത്തു. ഉത്തരവാദികൾക്ക് പത്തുലക്ഷം റിയാൽ പിഴയും അഞ്ചുവർഷം തടവുമാണ് പരമാവധി ശിക്ഷ. ഇവരുടെ ലൈസൻസുകൾ റദ്ദാക്കുകയും ചെയ്യും. രാജ്യമെങ്ങുമായി ഇതിനകം അഞ്ചു ലക്ഷത്തിലേറെ കോഴികളെ കൊന്നുകഴിഞ്ഞതായി അധികൃതർ പറഞ്ഞു.പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രത്യേകസംഘം ഫാമുകൾ സന്ദർശിച്ച് പരിശോധനകൾ നടത്തിക്കൊണ്ടിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.