ജിദ്ദ: കോവിഡ് വ്യാപനം രണ്ടാം വരവിനെ പ്രതിരോധിക്കാൻ സൗദിയിൽ കടകളിൽ പ്രവേശിപ്പിക്കുന്നതിന് തവക്കൽനാ ആപ് നിർബന്ധമാക്കിയതോടെ ഉപയോക്താക്കളുടെ എണ്ണം മൂന്നുദിവസത്തിനുള്ളിൽ 22 ശതമാനം കുതിച്ചുയർന്നു. പൊതുജനങ്ങളിൽ വൈറസ് പടരാതിരിക്കാനാണ് സൗദി ആരോഗ്യമന്ത്രാലയം തയാറാക്കിയ തവക്കൽനാ ആപ് സൂഖുകളിലും ഷോപ്പിങ് മാളുകളിലും പ്രവേശിക്കുന്നതിനുള്ള നിബന്ധനയാക്കി മാറ്റിയത്. രാജ്യത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയ ഉടനെ കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിലാണ് ഉപയോക്താക്കളുടെ എണ്ണം 22 ശതമാനം വർധിച്ചത്. 97 ലക്ഷത്തിലധികമായിരുന്ന ഉപഭോക്താക്കളുടെ എണ്ണം ഇപ്പോൾ 125 ലക്ഷമായാണ് ഉയർന്നത്.
റിയാദ്, ദമ്മാം ഉൾപ്പെടെ രാജ്യത്തെ വിവിധയിടങ്ങളിലെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് തവക്കൽനാ ആപ് നിർബന്ധമാക്കിയത് ഏതാനും ദിവസം മുമ്പാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ മൂന്നുദിവസങ്ങളായി ഉപയോക്താക്കളുടെ വർധിച്ച ആവശ്യം കാരണം ആപ്പിന് സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടിരുന്നു. അവ പരിഹരിച്ച് ആപ്ലിക്കേഷൻ വീണ്ടും പ്രവർത്തന യോഗ്യമായതോടെയാണ് ഉപയോക്താക്കളുടെ എണ്ണം ക്രമാതീതമായി വർധിച്ചത്. എന്നാൽ ആപ്ലിക്കേഷൻ പൂർണതോതിൽ ഇപ്പോഴും പ്രവർത്തനക്ഷമമായിട്ടില്ല.
നേരത്തേ രജിസ്റ്റർ ചെയ്തവർക്ക് ആപ് കൃത്യമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പുതുതായി രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോൾ ചില സമയങ്ങളിൽ ആപ്പിൽ സാങ്കേതിക തടസ്സങ്ങൾ നേരിടുന്നുണ്ട്. കോവിഡ് ടെസ്റ്റ് അപേക്ഷ, ഡിജിറ്റൽ രേഖകളുടെ ലഭ്യത, ഉപയോക്താവിെൻറ പൂർണവിവരങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള മുഴുവൻ സൗകര്യങ്ങളോടെയും ആപ്ലിക്കേഷൻ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി തവക്കൽനാ മാനേജ്മെൻറ് അറിയിച്ചു. 2020 മേയ് 11ന് തുടക്കം കുറിച്ചതിനുശേഷം സാങ്കേതിക പ്രശ്നങ്ങളൊന്നും നേരിടാതെ തന്നെയാണ് ആപ്ലിക്കേഷൻ പ്രവർത്തിച്ചതെന്നും ഇതുവരെ വിവിധ സമയങ്ങളിൽ ആപ്ലിക്കേഷനിൽ 250 ദശലക്ഷം സൈൻ ഇൻ നടന്നതായും അവർ എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.