കോവിഡ്: നാലാമത്തെയോ അതിലധികമോ വാക്സിൻ ഡോസുകൾ നൽകുന്നതിന് ചർച്ച നടക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം

ജുബൈൽ: കോവിഡ് ബാധിതരുടെയും രോഗം ഗുരുതരമാകുന്നവരുടെയും എണ്ണത്തിൽ പ്രകടമായ വർധനവുണ്ടാകുന്നതായും വരും ദിവസങ്ങളിൽ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ്​ അബ്​ദു അലി. വാക്സിൻ സ്വീകരിക്കാത്തവരിലും മുഴുവൻ ഡോസുകളും പൂർത്തിയാക്കാത്തവരിലുമാണ് ഗുരുതര കേസുകൾ കാണപ്പെടുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗപ്രതിരോധ വൈകല്യങ്ങളോ നാഡീവ്യവസ്ഥയിലെ പ്രശ്നങ്ങൾ മൂലമോ ആണ് രോഗവ്യാപനം ഉണ്ടാകുന്നത്. എന്നാൽ ബൂസ്റ്റർ ഡോസ് ദീർഘകാല ലക്ഷണങ്ങൾ കുറയ്ക്കും. നാലാമത്തെയോ അതിലധികമോ ഡോസുകൾ നൽകുന്നതിനെ സംബന്ധിച്ച് ചർച്ചകൾ നടന്നുവരുന്നു.

ഗർഭിണികളോടും കോവിഡ് രോഗത്തിൽ നിന്നും മുക്തമായവരോടും ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ഔദ്യോഗിക വക്താവ് ആഹ്വാനം ചെയ്തു. അവരെ രോഗം പ്രതികൂലമായി ബാധിക്കുകയില്ല. മുതിർന്നവർക്ക് നൽകുന്ന ഡോസുകളെ അപേക്ഷിച്ച് ചെറിയ അളവിലാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നത്. കോവിഡ് തരംഗങ്ങൾ പല ഘട്ടങ്ങളിലൂടെ കടന്നുപോയതിനാൽ ലോകത്ത് ധാരാളം രോഗബാധിത കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. സൗദി അറേബ്യയിൽ പുതിയ കോവിഡ് കേസുകൾ മാസങ്ങൾക്ക് ശേഷം 1,700 ന് മുകളിലെത്തിയിരിക്കുകയാണ്. രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 5,59,852 ആയി. ഇതിനോടകം 5.13 കോടിയിലധികം ഡോസ് വാക്സിനുകൾ നൽകിക്കഴിഞ്ഞു.

വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം തടയാൻ വീട്ടിലും പുറത്തും മാസ്ക് ധരിക്കണമെന്നും ശാരീരിക അകലം പാലിക്കണമെന്നുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം നടപ്പാക്കും. മെഡിക്കൽ മാസ്‌ക്കോ തുണി മാസ്‌ക്കോ ധരിക്കാത്തത് കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികളുടെ ലംഘനമാണ്. മാസ്ക് ധരിക്കാത്ത വ്യക്തിക്ക് 1,000 റിയാൽ പിഴ ലഭിക്കും.

ഫെബ്രുവരി ഒന്ന് മുതൽ സൗദി അറേബ്യയിൽ നടക്കുന്ന സാമൂഹിക, സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, ശാസ്ത്രീയ, വിനോദ, കായിക പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ബൂസ്റ്റർ ഡോസ് എടുത്തിരിക്കണം. കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനുള്ള പിഴ 100 കോടി റിയാൽ വരെയാണെന്നും ഒരു വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് ലഫ്റ്റനന്റ് കേണൽ തലാൽ അൽ ഷൽഹൂബ് ഓർമ്മിപ്പിച്ചു.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടപടികൾ വീണ്ടും ശക്തമാക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നതിന് ശേഷം 8,955 മുൻകരുതൽ, പ്രതിരോധ ലംഘനങ്ങൾ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഒമിക്രോണിന് ഉയർന്ന വളർച്ചാ ശേഷിയുണ്ടെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റിയിലെ സാംക്രമിക രോഗ നിയന്ത്രണ അസിസ്റ്റന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് ലാഫി അൽ മുഹമ്മദി വ്യക്തമാക്കി. പ്രതിരോധ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപറയുകയും രാജ്യത്തിന് പുറത്തുള്ള അനാവശ്യ യാത്രകൾക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Tags:    
News Summary - Covid expansion; The Saudi Ministry of Health says it is in talks to give a fourth or more doses of the vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.