യാംബു: കോവിഡ് മുക്തയായ 82കാരി പ്രാദേശിക അറബ് മാധ്യമങ്ങളിൽ താരമായി. ശക്തമായ പ്രമേഹരോഗത്തോടൊപ്പം കോവിഡ് രോഗവും പിടികൂടിയ സ്വദേശി വൃദ്ധ കോവിഡ് മുക്തയായി വീട്ടിലേക്കു മടങ്ങാനൊരുങ്ങിയപ്പോൾ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരും ചികിത്സിച്ച ആശുപത്രി അധികൃതരും ആദരവ് അർപ്പിക്കുകയും ചെയ്തു. ഇതും വലിയ വാർത്താപ്രാധാന്യം നേടി. യാംബു ഉൾപ്പെടെ രാജ്യത്ത് എല്ലായിടത്തും കോവിഡ് വ്യാപനം ശമനമില്ലാതെ തുടരവേ ഇത്രയും പ്രായമെത്തിയ വയോധികയുടെ രോഗമുക്തി ആശ്വാസ വാർത്തയായി മാറുകയാണ്. കോവിഡ് രോഗികൾക്ക് നല്ല ആരോഗ്യ പരിപാലനം ലഭിച്ചാൽ രോഗമുക്തി പ്രാപിക്കാൻ കഴിയുമെന്നതാണ് സ്ഥിതി വിവരക്കണക്കുകൾ വ്യക്തമാക്കുന്നത്.
വയോധികയോട് വീട്ടിൽതന്നെ നിയന്ത്രണങ്ങളോടെ ക്വാറൻറീനിൽ കഴിയാനാണ് ആരോഗ്യമന്ത്രാലയം ആദ്യം നിർദേശിച്ചത്. എന്നാൽ വീട്ടിലെ മക്കൾക്കും ചെറുമക്കൾക്കും മറ്റും കോവിഡ് രോഗം ബാധിക്കുമെന്ന ആശങ്ക ഇവർ പ്രകടിപ്പിച്ചതോടെയാണ് റോയൽ കമീഷൻ മെഡിക്കൽ സെൻററിലെ കോവിഡ് രോഗികൾക്കായി പ്രത്യേകം ഒരുക്കിയ വാർഡിലേക്ക് ഇവരെ മാറ്റിയത്. ചികിത്സക്കുശേഷം പൂർണമായും രോഗമുക്തി നേടിയ അവർ റോയൽ കമീഷൻ മെഡിക്കൽ സെൻറർ നൽകിയ സ്നേഹപൂർണമായ പരിചരണത്തിനും ആദരവിനും നന്ദി പറഞ്ഞ് വീട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.