ജിദ്ദ: ഈ വർഷത്തെ ക്രൗൺ പ്രിൻസ് ഒട്ടകോത്സവത്തിന് സമാപനം. ത്വാഇഫിൽ സൗദി കാമൽ ഫെഡറേഷൻ സംഘടിപ്പിച്ച രണ്ടു മാസം നീണ്ട ഒട്ടകോത്സവത്തിന് ശനിയാഴ്ച വൈകീട്ടാണ് പര്യവസാനമായത്.
രാജ്യത്തിനകത്തും പുറത്തുമുള്ള കാമൽ സ്പോർട്സ് പ്രേമികളെ ആവേശത്തിലാക്കിയ മത്സരത്തിന്റെ സമാപന ചടങ്ങിൽ കിരീടാവകാശിക്ക് പകരം മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ പങ്കെടുത്തു. മത്സരത്തിൽ ഒന്നാം സ്ഥാനങ്ങളിലെത്തിയ വിജയികളെ അദ്ദേഹം കിരീടമണിയിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച പ്രാദേശിക, അന്തർദേശീയ ഒട്ടക ഉടമകളെ ആദരിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. മൊത്തം വിജയികൾക്കുള്ള സമ്മാന തുക 5.6 കോടി റിയാൽ കവിയും.
മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ, കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ, ത്വാഇഫ് ഗവർണർ അമീർ സഊദ് ബിൻ നഹാർ, ജിദ്ദ ഗവർണർ അമീർ സഊദ് ബിൻ അബ്ദുല്ല ജലവി, സൗദി ഒട്ടക ഫെഡറേഷൻ പ്രസിഡൻറ് അമീർ ഫഹദ് ബിൻ ജലവി ബിൻ അബ്ദുൽ അസീസ്, മക്ക മേഖലയിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സമാപന ചടങ്ങിൽ സംബന്ധിച്ചു.
കഴിഞ്ഞ ജൂലൈ 23നാണ് പ്രാദേശിക, അറബ്, അന്തർദേശീയ പങ്കാളിത്തത്തോടെ ക്രൗൺ പ്രിൻസ് ഒട്ടകോത്സവം ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും പ്രധാന ഒട്ടകയോട്ട മത്സരങ്ങൾക്കാണ് ത്വാഇഫ് ഒട്ടകമൈതാനം സാക്ഷ്യംവഹിച്ചത്.
മൊത്തം ദിവസങ്ങളിലായി ഏകദേശം 591 ഓട്ടമത്സരങ്ങളാണ് നടന്നത്. രാജ്യത്തിന്റെ സാംസ്കാരിക ആഴം പ്രതിഫലിപ്പിക്കുന്ന പൈതൃകത്തെ പിന്തുണക്കുകയും ദേശസ്നേഹം വർധിപ്പിക്കുകയും ചെയ്യുന്ന വിവിധ പരിപാടികളും മത്സരത്തിനിടെ അരങ്ങേറുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.