ദമ്മാം: അപ്രതീക്ഷിതമായെത്തിയ മഴയിൽ മുങ്ങി ദമ്മാം. ക്ഷണനേരം കൊണ്ട് പെയ്തുനിറഞ്ഞ പെരുമഴ ദമ്മാമിലെ ജനജീവിത താളം അക്ഷരാർഥത്തിൽ അട്ടിമറിച്ചു. കടുത്ത ചുടിൽ നിന്ന് മോചനമായി ശീതക്കാറ്റ് വീശാൻ തുടങ്ങിയിരുന്നെങ്കിലും മഴവരാൻ മടിച്ചു നിൽക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച മുതൽ മഴയെത്തുമെന്ന പ്രവചനങ്ങൾ പക്ഷെ ദമ്മാമിൽ മാത്രം പുലരാതെ മാറിനിൽക്കയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ ദമ്മാമിലെ ചിലയിടങ്ങളിൽ മഴ ചാറിയെങ്കിലും അധികനേരം നീണ്ടുനിന്നില്ല.
എങ്കിലും വൈകിയെത്തിയ മഴയെ സ്വീകരിക്കാൻ ആളുകൾ കൂട്ടത്തോടെ തെരുവുകളിലേക്കിറങ്ങി. കോഫീ ഷോപ്പുകളിലാണ് അധികവും തിരക്കുകൾ അനുഭവപ്പെട്ടത്. ജോലിത്തിരക്കുകൾ മറന്ന് ചാറിപ്പെയ്യുന്ന മഴയെ നോക്കിയിരുന്ന് ചൂട് കോഫി മൊത്തിക്കുടിക്കാൻ അധികംപേരും ഓഫീസുകൾ വിട്ടിറങ്ങി. ഉച്ചക്ക് വെയിലിനെ മറച്ചെത്തിയ കരിമേഘങ്ങൾ ദമ്മാം നഗരത്തെ ഇരുട്ട് പുതപ്പിച്ചു. നിമിഷങ്ങൾ കൊണ്ട് ആർത്തലച്ചെത്തിയ മഴ എല്ലാ പ്രതീക്ഷകളേയും മറികടന്നു. കനത്ത മഴക്കൊപ്പം പെയ്ത ആലിപ്പഴം വാഹനങ്ങളുടെ പുറത്തേക്ക് കനത്ത ശബ്ദത്തിൽ പൊഴിഞ്ഞുവീണു തുടങ്ങിയതോടെ പലരും വാഹനങ്ങൾ വഴിയോരങ്ങളിലേക്ക് ഒതുക്കിനിർത്തി. വീടുകളിൽനിന്നും ഓഫീസുകളിൽ നിന്നും പലരും കൗതുകത്തോടെ ആലിപ്പഴം ശേഖരിക്കാനിറങ്ങി. അതേസമയം പെയ്തുനിറഞ്ഞ മഴവെള്ളത്തിൽ നിരവധി വാഹനങ്ങൾ കുടുങ്ങിപ്പോയി.
വെള്ളം പെയ്തുനിറഞ്ഞതറിയാതെ ഇടറോഡുകളിലേക്കെത്തിയ ചെറുവാഹനങ്ങളാണ് അധികവും പെട്ടുപോയത്. എൻജിനുകളിൽ വെള്ളംകയറി നിന്നുപോയ വാഹനങ്ങൾ റോഡിന് നടുവിൽ ഉപേക്ഷിച്ച് പലർക്കും നീന്തിക്കയറേണ്ടി വന്നു. ചെറിയ വാഹനാപകടങ്ങൾ ഉണ്ടാവുകയും റോഡുകളിൽ വെള്ളം കയറുകയും ചെയ്തതോടെ പലയിടത്തും കടുത്ത ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ദമ്മാം എയർപോർട്ട്-അൽഖോബാർ റോഡിലെ പാലത്തിനടിയിലെ ടണലുകളിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾ അതിൽ മുങ്ങി. അൽഅഹ്സയുടെ ഉൾഭാഗങ്ങളിൽ കടുത്ത പൊടിക്കാറ്റിന് അകമ്പടിയായാണ് മഴയെത്തിയത്.
ജഫൂറ ഉൾപ്പെടയുള്ള ഗ്യാസ് പ്ലാൻറ് നിർമാണം നടക്കുന്ന പലയിടങ്ങളിലും ജോലികൾ നിർത്തിവെക്കേണ്ടി വന്നു. ജുബൈൽ-ദഹ്റാൻ ഹൈവേയിലും അൽഅഹ്സ-ദമ്മാം റോഡിലും സന്ധ്യ കഴിഞ്ഞിട്ടും ഗതാഗതകുരുക്ക് പൂർണമായും പരിഹരിക്കാൻ സാധിച്ചിട്ടില്ല. രക്ഷാസേനയും പൊലീസും രക്ഷാദൗത്യങ്ങളുമായി രംഗത്തുണ്ട്. കെട്ടിനിൽക്കുന്ന വെള്ളം ഒഴിക്കിവിടാനുള്ള ശ്രമമാണ് അധികവും നടക്കുന്നത്. വെള്ളം കയറിയ റോഡുകളിൽനിന്ന് വാഹനങ്ങൾ തിരിച്ചു വിട്ടതോടെ പലരും താമസസ്ഥലത്തേക്ക് തിരിച്ചെത്താൻ മണിക്കൂറുകൾ ഗതാഗതകുരുക്കുകളിൽ കഴിയേണ്ടി വന്നു.
ഗതാഗതക്കുരുക്കിൽ പെട്ട് പെട്രോൾ തീർന്നുപോയ വാഹനങ്ങളും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. തണുപ്പിലേക്കുള്ള ഒരുക്കവുമായെത്തിയ മഴ ജീവിതത്തിൽ ചില സങ്കീർണതകൾ ഉണ്ടാക്കിയെങ്കിലും അധികംപേരും ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. ഇത്തവണ അനുഭവപ്പെട്ട കടുത്ത ചൂടിൽനിന്ന് തണുത്ത കാലാവസ്ഥയിലേക്കുള്ള മാറ്റം ആസ്വദിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസികൾ ഉൾപ്പടെയുള്ളവർ. മഴപൊടിഞ്ഞതോടെ മരുഭൂമികളും ഹരിതാഭമായിത്തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.