ബുറൈദയിൽ നടക്കുന്ന ‘ലോക ഈത്തപ്പഴമേള 2022’ന്റെ ലോഗോ പ്രകാശനം അൽഖസീം ഗവർണർ അമീർ ഡോ. ഫൈസൽ ബിൻ മിഷാൽ ബിൻ സഊദ് നിർവഹിക്കുന്നു

ബുറൈദയിൽ ഇനി ഈത്തപ്പഴ വിളവെടുപ്പുത്സവം

ബുറൈദ: മധുരക്കനിയുടെ വിളനിലം ഇനി ഉത്സവാരവങ്ങളിലേക്ക്. ലോകോത്തര ഈത്തപ്പഴങ്ങളാൽ സമ്പന്നമായ അൽഖസീം പ്രവിശ്യയിലെ കർഷകർക്ക് സമൃദ്ധിയുടെ ദിനരാത്രങ്ങൾ സമ്മാനിച്ച് 'ബുറൈദ ലോക ഈത്തപ്പഴമേള'ക്ക് വൈകാതെ തിരശ്ശീല ഉയരും. പരിസ്ഥിതി-ജല-കൃഷി മന്ത്രാലയത്തിന്റെ അൽഖസീം പ്രവിശ്യ ഓഫിസ് മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന രണ്ടു മാസം നീളുന്ന 'ഡേറ്റ്സ് ഫെസ്റ്റിവൽ 2022'ന്റെ ലോഗോ പ്രകാശനം ബുറൈദയിൽ നടന്ന ചടങ്ങിൽ അൽഖസീം ഗവർണർ അമീർ ഡോ. ഫൈസൽ ബിൻ മിഷാൽ ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് നിർവഹിച്ചു. ബുറൈദ ഈത്തപ്പഴമേള അൽഖസീം പ്രവിശ്യക്കും രാജ്യത്തിനും സാമ്പത്തിക ഉണർവ് നൽകുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ഗവർണർ പറഞ്ഞു. ദീർഘവീക്ഷണത്തോടെ ഭരണകൂടം ആവിഷ്കരിച്ച് നടപ്പാക്കുന്ന 'വിഷൻ 2030'ന്റെ ലക്ഷ്യങ്ങളിലൊന്നാണ്. എണ്ണയിതര വിഭവങ്ങളിലൂടെയുള്ള വരുമാനവർധനക്കുള്ള സ്രോതസ്സുകളിലൊന്ന്. ഈത്തപ്പഴ വിപണിയും സർക്കാർ, സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെ കഴിഞ്ഞ കുറെ വർഷങ്ങളായി സംഘടിപ്പിക്കപ്പെടുന്ന മേളകളും ഇക്കാര്യത്തിൽ നൽകുന്ന സംഭാവന വിലപ്പെട്ടതാണ്.

ദൈവത്തിന്റെ ദാനമാണെന്ന ബോധ്യത്തോടെയുള്ള ശ്രദ്ധയും പരിചരണവുമാണ് ഈ കാർഷിക ഉൽപന്നത്തിന് നൽകിവരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴ മാർക്കറ്റാണ് പ്രവിശ്യ തലസ്ഥാനമായ ബുറൈദയിലേത്. ഒരേസമയം 3000 വാഹനങ്ങൾ ഇവിടെ നിർത്തിയിടാം. ഗൾഫ് നാടുകളിൽ ഏറെ പ്രിയങ്കരമായ 'സുക്കരി' അടക്കമുള്ള നിരവധിയിനം ഈത്തപ്പഴങ്ങളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും വിപണനവും കയറ്റുമതിയും ഇവിടെ നടക്കുന്നു. മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പാരമ്പര്യത്തനിമയുള്ള പരിപാടികൾ കാണുന്നതിന് അയൽ അറബ്നാടുകളിൽനിന്ന് നിരവധി കുടുംബങ്ങളാണ് ഇവിടെയെത്തുക.

ആഗോള ഈത്തപ്പഴ ഉൽപാദനത്തിന്റെ 25 ശതമാനവും സൗദി അറേബ്യയിലാണ്.

അതിൽ നല്ലൊരു പങ്കും അൽഖസീം പ്രവിശ്യയിൽനിന്നും. എട്ടു ദശലക്ഷത്തിലധികം ഈന്തപ്പന വൃക്ഷങ്ങളുള്ള മേഖലയുടെ തലസ്ഥാനനഗരിയായ ബുറൈദ മാർക്കറ്റിലൂടെ സീസണിൽ ശരാശരി മൂന്നു ലക്ഷം ടൺ ഈത്തപ്പഴമാണ് കടന്നുപോകുന്നതെന്ന് കണക്കാക്കപ്പെടുന്നു. 

Tags:    
News Summary - Date harvest festival in Buraida

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.