ദോഹ: കൊടിയേറാൻ ഒരു ദിനം മാത്രം ബാക്കിനിൽക്കേ ദോഹ എക്സ്പോ വേദിക്ക് ഗിന്നസ് റെക്കോഡ് പുസ്തകത്തിന്റെ തിളക്കം. ലോകത്തെ ഏറ്റവും വലിയ ഹരിത മേൽക്കൂരയെന്ന റെക്കോഡുമായാണ് എക്സ്പോ വേദി റെക്കോഡ് ബുക്കിൽ ഇടം കുറിച്ചത്. പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിന് കീഴിൽ നിർമിച്ച എക്സ്പോയുടെ 4031 ചതുരശ്ര മീറ്റർ വലുപ്പമുള്ള മേൽക്കൂരയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.
കഴിഞ്ഞ വർഷത്തേത് ഉൾപ്പെടെ അഷ്ഗാലിന്റെ ഗിന്നസ് റെക്കോഡ് നേട്ടങ്ങൾ ആറായി ഉയർന്നു. ലുസൈലിൽ നിർമിച്ച ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോകൾ, ഉം അൽ സനീം പാർക്കിലൂടെ ലോകത്തെ ഏറ്റവും വലിയ ഔട്ട് ഡോർ എയർകണ്ടീഷൻഡ് പാർക്ക്, ഏറ്റവും ദൈർഘ്യമേറിയ സൈക്ലിങ് പാത (ഒളിമ്പിക് സൈക്ലിങ് ട്രാക്ക്, അൽ ഖോർ റോഡ് നിർമാണത്തിലെ ദൈർഘ്യമേറിയ ബൈറ്റുമിൻ കോൺക്രീറ്റ്, ഒരേസമയം ഏറ്റവും കൂടുതൽ രാജ്യക്കാർ ഒന്നിച്ച് മരങ്ങൾ നട്ട് നേടിയ റെക്കോഡ് എന്നിവ ഉൾപ്പെടെ ഇതിനകം നിരവധി തവണയാണ് അഷ്ഗാൽ ഗിന്നസ് ബുക്സിൽ ഇടം പിടിച്ചത്. ഇതിന്റെ തുടർച്ചയായാണ് ദോഹ എക്സ്പോയുടെ വേദി നിർമാണത്തിലൂടെ ആറാം തവണയും ഗിന്നസ് റെക്കോഡ് ബുക്കിൽ പ്രവേശിച്ചത്.
ദോഹ അന്താരാഷ്ട്ര ഹോർടികൾചറൽ എക്സ്പോക്ക് തിങ്കളാഴ്ച തുടക്കം കുറിക്കാനിരിക്കെ തേടിയെത്തിയ അംഗീകാരം അഭിമാനകരമാണെന്ന് എക്സ്പോ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൗറി പറഞ്ഞു. നിർമാണങ്ങളിൽ എന്നും വ്യത്യസ്തതയും മികവും നിലനിർത്തുന്ന അഷ്ഗാലിന്റെ പ്രവർത്തനങ്ങൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ഗിന്നസ് നേട്ടമെന്ന് ബിൽഡിങ് പ്രോജക്ട് വിഭാഗം മാനേജർ എൻജി. ജാറല്ല മുഹമ്മദ് അൽ മർറി പറഞ്ഞു.
എക്സ്പോയുടെ ഭാഗമായി അൽ ബിദ പാർക്കിൽ നിരവധി നിർമാണ പ്രവർത്തനങ്ങൾക്കാണ് അഷ്ഗാൽ നേതൃത്വം നൽകിയത്. സർവിസ് ബിൽഡിങ്, പവിലിയൻ ഉൾപ്പെടെ വേദിയിലെയും പുറത്തെയും തോട്ടങ്ങൾ എന്നിവയുടെ നിർമാണവും അഷ്ഗാലായിരുന്നു. എക്സ്പോയുടെ പ്രധാന ലക്ഷ്യംകൂടി ആവരണം ചെയ്യുന്നതാണ് ഹരിത മേൽക്കൂരകൊണ്ടുള്ള വേദി. മരുഭൂമിയിൽ വളരുന്ന പ്രേത്യകതരം പുൽച്ചെടി, ഡാലിയ, പുൽതകിടി എന്നിവയുമായാണ് ഹരിത മേൽക്കൂര നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.