റിയാദ്: ഡോ. സുഹൈൽ അജാസ് ഖാനെ സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. 1997 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തെ സൗദിയിലെ അംബാസഡറായി നിയമിച്ച് വ്യാഴാഴ്ചയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിെൻറ ഉത്തരവിറങ്ങിയത്. നിലവിൽ ലബനോണിലെ അംബാസഡറായ അദ്ദേഹം വൈകാതെ റിയാദിലെത്തി ചുമതലയേറ്റെടുക്കും.
ഈ വർഷം മാർച്ചിൽ അംബാസഡർ ഡോ. ഔസാഫ് സഈദ് കിഴക്കൻ മേഖല സെക്രട്ടറിയായി സ്ഥാനകയറ്റം ലഭിച്ച് ഡൽഹിയിലെ മന്ത്രാലയത്തിലേക്ക് പോയ ശേഷം പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ. രാംപ്രസാദാണ് പകരം ചുമതല നിർവഹിക്കുന്നത്. പുതിയ അംബാസഡറായി നിയമിതനായ ഡോ. സുഹൈൽ അജാസ് ഖാെൻറ സൗദിയിലെ മൂന്നാമത്തെ ഊഴമാണിത്. ജിദ്ദയിൽ കോൺസൽ ജനറലായും റിയാദിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ (ഡി.സി.എം) ആയും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
2017 സെപ്തംബർ മുതൽ 2019 ജൂൺ വരെയാണ് അദ്ദേഹം റിയാദിലെ ഇന്ത്യൻ എംബസിയിൽ ഡി.സി.എം ആയി പ്രവർത്തിച്ചത്. ഇവിടെനിന്ന് 2019 ജൂൺ 21നാണ് ലബനോൺ അംബാസഡറായി അവരോധിതനായി പോയത്. ഇൻഡോർ മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ അദ്ദേഹം 1997-ലാണ് ഇന്ത്യൻ ഫോറിൻ സർവിസിൽ ചേർന്നത്. 1999-ൽ കെയ്റോയിലെ ഇന്ത്യൻ എംബസിയിലാണ് അദ്ദേഹത്തിെൻറ വിദേശ നയതന്ത്ര ദൗത്യത്തിന് തുടക്കം കുറിക്കുന്നത്. 2001 വരെ ഇവിടെ തുടർന്നു. ഇതിനിടയിൽ കെയ്റോയിലെ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽനിന്ന് അറബി ഭാഷയിൽ ഡിപ്ലോമ നേടി.
2002-2005 കാലത്ത് ദമാസ്കസിലെ ഇന്ത്യൻ എംബസിയിൽ വിവിധ ചുമതലകളുള്ള സെക്രട്ടറിയായി. 2005-2008-ൽ ജിദ്ദയിൽ ഇന്ത്യൻ കോൺസൽ ജനറലായി സൗദിയിലെ ആദ്യ ഊഴത്തിന് തുടക്കമിട്ടു. സുപ്രധാന ഹജ്ജ് ദൗത്യങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. 2008 മുതൽ 2009 വരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക മേഖല വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയായി. 2009-2011 കാലത്ത് ഇസ്ലാമാബാദിൽ ഇന്ത്യൻ ഹൈകമീഷണറായി.
2011 മുതൽ 2013 വരെ അന്നത്തെ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിെൻറ ഒാഫീസ് ഡയറക്ടറായി. തുടർന്ന് വിയന്നയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ സ്ഥിരം സമിതി അംഗവുമായി നിയോഗിക്കപ്പെട്ടു. 2013 മുതൽ 2017 വരെ അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ), ഐക്യരാഷ്ട്ര സഭ വ്യവസായ വികസന സംഘടന (യുനിഡോ), ബഹിരാകാശ ദൗത്യം സമാധാനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള ഐക്യരാഷ്ട്ര സഭാസമിതി എന്നിവകളിലെ ഇന്ത്യൻ പ്രതിനിധി സംഘാംഗമായി.
2015ൽ ഐ.എ.ഇ.എ ബജറ്റ് കമ്മിറ്റിയംഗം, യുനിഡോ കാര്യങ്ങൾക്കായുള്ള ജി-77 കോഓഡിനേറ്റർ, 2016-17ൽ യുനിഡോ സ്റ്റാഫ് പെൻഷൻ കമ്മിറ്റി ഭരണസമിതി പ്രതിനിധി എന്നീ പദവികളും വഹിച്ചു. 2014ലെ ആണവായുധങ്ങളുടെ മാനുഷികാഘാതം സംബന്ധിച്ച വിയന്ന ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2016ലും 17ലും ഐക്യരാഷ്ട്ര സഭയുടെ പെൻഷർ ബോർഡിൽ അംഗമായി. ശേഷമാണ് ഉപസ്ഥാനപതിയായി റിയാദിലെ ഇന്ത്യൻ എംബസിയിൽ എത്തിയത്. വിവിധ അന്താരാഷ്ട്ര ദൗത്യങ്ങളിൽ ഇന്ത്യൻ പ്രതിനിധിയായി സേവനം അനുഷ്ഠിച്ചു. റിഫാ ജബീനാണ് ഭാര്യ. രണ്ട് പെൺകുട്ടികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.