ദമ്മാം: മയക്കുമരുന്നിനെതിരെ സൗദി അറേബ്യ പ്രഖ്യാപിച്ച സന്ധിയില്ലാ പോരാട്ടത്തിെൻറ ഭാഗമായ പരിശോധനകൾ കർശനമായി തുടരുന്നു. മയക്കുമരുന്നിെൻറ പൊടിപോലുമില്ലാതെ രാജ്യത്തെ ശുദ്ധീകരിക്കാനുള്ള അതീവ ജാഗ്രതയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
റെയ്ഡുകളിൽ പിടിക്കപ്പെടുന്ന മലയാളികളുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. സൗദി അറേബ്യ നിരോധിച്ച രാസഘടകങ്ങളുള്ള മരുന്നുകളുമായി എത്തി വിമാനത്താവളങ്ങളിൽ പിടിക്കപ്പെടുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഇത്തരത്തിൽ കേവലം ഒരു ഗുളിക കൈയിൽ വെച്ചതിെൻറ പേരിൽ പിടിക്കപ്പെട്ടവരും ഇപ്പോൾ ജയിലിലുണ്ടെന്ന് ഇന്ത്യൻ എംബസിവൃത്തങ്ങൾ അറിയിച്ചു.
നാലുവർഷം മുമ്പ് നടത്തിയ ബൈപാസ് സർജറിക്കുശേഷം നിരന്തരം കഴിക്കുന്ന ഗുളികകളുമായി എത്തിയപ്പോഴാണ് ബുറൈദയിൽ ജോലി ചെയ്യുന്ന മലയാളി പിടിക്കപ്പെട്ടത്.
ഗുളിക കൊണ്ടുവന്നയാളെയും ആർക്ക് വേണ്ടിയാണോ കൊണ്ടുവന്നത് അവരെയും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ഹോമിയോ ഗുളികകളുമായി പിടിക്കപ്പെട്ട കായംകുളം സ്വദേശി രണ്ടുമാസമായി ജയിലിലാണ്. ദമ്മാമിലെ മാർക്കറ്റിൽനിന്ന് പിടിക്കപ്പെട്ട മലയാളിയെക്കുറിച്ച് സഹപ്രവർത്തകർക്കെല്ലാം നല്ലതേ പറയാനുള്ളൂ. പക്ഷേ, ഇയാൾ മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് കൂടെയുള്ളവർപോലും തിരിച്ചറിഞ്ഞില്ല എന്നതാണ് ഞെട്ടിക്കുന്നത്.
അതുപോലും കണ്ടുപിടിക്കാൻ സാധിക്കുന്ന വൈദഗ്ധ്യം നേടിയവരാണ് മയക്കുമരുന്ന് വേട്ട സംഘത്തിലുള്ളത്. 15 വർഷമായി തെൻറയൊപ്പം ജോലി ചെയ്യുന്ന മലയാളി പിടിക്കപ്പെട്ടതിനെത്തുടർന്നാണ് സ്വദേശി തൊഴിലുടമ ഇന്ത്യൻ എംബസിയുടെ സഹായം തേടിയത്. തനിക്ക് 15 വർഷമായി അറിയാമെന്നും മയക്കുമരുന്നുമായി അവന് ഒരു ബന്ധവുമില്ലെന്നുമായിരുന്നു ഇദ്ദേഹം എംബസിയെ അറിയിച്ചത്.
ഇതിനെത്തുടർന്ന് മലയാളിയെ എംബസി ഉദ്യോഗസ്ഥർ ജയിലിൽ സന്ദർശിക്കുകയും കൂടുതൽ അന്വേഷണങ്ങൾക്കൊടുവിൽ താൻ കാലങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് ഇയാൾ സമ്മതിക്കുകയുമായിരുന്നു. ഡിപ്രഷന് കഴിക്കുന്ന ഗുളിക വാഹനത്തിൽ സൂക്ഷിച്ച വടക്കേ ഇന്ത്യൻ സ്വദേശിയും പിടിയിലായിട്ടുണ്ട്. 80ഓളം മലയാളികൾ മയക്കുമരുന്ന് കേസിൽ ജയിലിലുണ്ടെന്നാണ് വിവരം.
കർശന പരിശോധനയിൽ നാട്ടിൽനിന്ന് മരുന്നുമായി എത്തുന്ന സാധാരണക്കാരനും പെട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇങ്ങനെ പിടിക്കപ്പെട്ടവരെക്കുറിച്ച് ഇന്ത്യൻ എംബസിക്ക് വിവരം ലഭിക്കുകയും കുടുംബം എംബസിയുടെ സഹായം തേടുകയും ചെയ്താൽ ഇയാളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള വിവരങ്ങളുമായി അധികൃതർക്ക് എംബസി കത്തെഴുതുകയാണ് ഇവരെ മോചിപ്പിക്കാനുള്ള സാധാരണ നടപടി.
ഇതിന്മേലുള്ള അന്വേഷണം പൂർത്തിയായി സത്യം വ്യക്തമായാൽ ഇവരെ മോചിപ്പിക്കും. പക്ഷേ, ഈ നടപടിക്രമങ്ങൾക്ക് മാസങ്ങളുടെ കാലതാമസം വന്നേക്കാം. സൗദിയിൽ നിരോധിക്കപ്പെട്ട മരുന്നുകളുടെ വിവരങ്ങൾ എംബസിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാധാരണക്കാർക്ക് ഇത് പരിശോധിച്ച് ഏത് മരുന്നാണെന്ന് കണ്ടുപിടിക്കുക പ്രയാസകരമാണ്. ആരോഗ്യമേഖലയിലുള്ളവരോ സാമൂഹിക പ്രവർത്തകരോ ഇടപെട്ട് ഇത്തരം വിവരങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ പ്രസിദ്ധീകരിക്കുന്നതാകും ഇതിനുള്ള പരിഹാരം.
പല രോഗങ്ങൾക്കും സ്ഥിരമായി മരുന്ന് കഴിക്കുന്നവർ നാട്ടിൽനിന്ന് എത്തിക്കുന്നതിന് പകരം സൗദിയിൽ ലഭ്യമായ മരുന്നുകൾ കഴിച്ചുതുടങ്ങാൻ ശ്രദ്ധിക്കുന്നതും നന്നായിരിക്കും. ഒരു പഴുതുപോലും നൽകാതെ മയക്കുമരുന്ന് മേഖല തുടച്ചുനീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അധികൃതർ ഇത്രയും കണിശമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.