യാംബു: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച വരെ പൊടിക്കാറ്റും ഇടിമിന്നലും മിതമായ തോതിൽ മഴയും തുടരാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസീർ അൽബാഹ, ഹാഇൽ, അൽഖസീം, നജ്റാൻ, ജീസാൻ, മക്ക, റിയാദിന്റെ ചില ഭാഗങ്ങൾ, കിഴക്കൻ പ്രവിശ്യയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും പൊടിക്കാറ്റും മിതമായതോ സാമാന്യം കനത്തതോ ആയ മഴ പെയ്യാനും സാധ്യതയുള്ളതായി കേന്ദ്രം പ്രവചിച്ചു. മക്ക, മദീന, റിയാദ്, അൽജൗഫ്, വടക്കൻ അതിർത്തികൾ, കിഴക്കൻ മേഖല, അൽഖസീം എന്നിവിടങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ദൃശ്യപരത കുറഞ്ഞ രീതിയിൽ പൊടിക്കാറ്റും കനത്ത മഴയും ഉണ്ടാവാനുള്ള സാധ്യതയും റിപ്പോർട്ടിൽ കേന്ദ്രം വ്യക്തമാക്കി.
ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മക്ക, തബൂക്ക് തുടങ്ങിയ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ ദൂരക്കാഴ്ച കുറയുന്ന വിധത്തിലുള്ള പൊടിക്കാറ്റും ഇടിമിന്നലും ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തോടൊപ്പമുള്ള പേമാരിയും ഉണ്ടാവും. മദീന, റിയാദിലെ ചില ഭാഗങ്ങൾ, അൽജൗഫിെൻറ ചില ഭാഗങ്ങൾ, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇടത്തരമോ കനത്ത തോതിലോ ഇടിമിന്നലിന് സാക്ഷ്യം വഹിക്കും.
വ്യാഴാഴ്ച രാജ്യത്തെ കിഴക്കൻ മേഖലയിലെ മിക്ക ഗവർണറേറ്ററുകളിലും മിതമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ത്വാഇഫ് പ്രദേശത്ത് കനത്ത മഴ പെയ്തതായി റിപ്പോർട്ട് ചെയ്തിരുന്നു. ശക്തമായ മഴയെ തുടർന്ന് ത്വാഇഫിലെ അൽഹദ ചുരം താൽക്കാലികമായി അടച്ചിരുന്നു. സൗദിയിലെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ചക്കുശേഷം കാലാവസ്ഥയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നതായും കേന്ദ്രം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.