യാംബു: സൗദിയിലെ വിവിധ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച ശക്തമായ പൊടിക്കാറ്റ് തുടരുകയാണ്. രാജ്യത്തെ കിഴക്കു ഭാഗങ്ങളിൽ തുടങ്ങിയ പൊടിക്കാറ്റിന്റെ വ്യാപനം വരുംദിവസങ്ങളിൽ വ്യാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. റിയാദിന്റെയും കിഴക്കൻ പ്രവിശ്യയുടെയും ചില മേഖലകളിലും വെള്ളിയാഴ്ച ശക്തമായ പൊടിക്കാറ്റിന് അല്പം ശമനം വന്നതായും മഴപെയ്യാനുള്ള സാധ്യത പ്രതീക്ഷിക്കുന്നതായും അൽ ഖസീം സർവകലാശാലയിലെ കാലാവസ്ഥ വിഭാഗം മുൻ പ്രഫസർ ഡോ. അബ്ദുല്ല അൽ മിസ്നദ് ചൂണ്ടിക്കാട്ടി.
പൊടിക്കാറ്റ് രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള നജ്റാൻ, അസീർ പ്രദേശങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുള്ളതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞകാല കാലാവസ്ഥ ചരിത്ര സ്ഥിതിവിവരക്കണക്കുകൾ പ്രകാരം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പൊടിക്കാറ്റ് ശക്തിപ്പെടുമെന്നും മേയ് അവസാനത്തോടെ ശമനം വരുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.സൗദിയുടെ വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റ് ശക്തിപ്രാപിച്ചുവരുകയാണെന്നും സാധാരണ ജനജീവിതം തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്. റിയാദിന്റെ ചില ഭാഗങ്ങളിലും തുറൈഫിലും അൽ ഖസീമിലും കഴിഞ്ഞ ദിവസങ്ങളിൽ പൊടിക്കാറ്റ് ആഞ്ഞുവീശിയതിനാൽ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പ്രതിസന്ധി ഉടലെടുത്തതായി റിപ്പോർട്ടുണ്ട്.
റിയാദ് മേഖലയിൽ നൂറിലേറെ വാഹനാപകടം ഉണ്ടായതായും എന്നാൽ, ആർക്കും സാരമായ പരിക്കേറ്റതായി റിപ്പോർട്ടില്ലെന്നും റിയാദ് ട്രാഫിക് വക്താവ് അറിയിച്ചു. ദൂരക്കാഴ്ച കുറവായതിനാൽ റോഡുകളിൽ അത്യാവശ്യ വാഹനങ്ങൾ മാത്രമാണ് ഇറങ്ങിയത്.
ശക്തമായ പൊടിക്കാറ്റുള്ള സന്ദർഭങ്ങളിൽ മരുഭൂമിയിലും മറ്റും കഴിയുന്നവർ കൂടുതൽ ജാഗ്രത കൈക്കൊള്ളാൻ സിവിൽ ഡിഫൻസ് അതോറിറ്റി ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. റോഡുകളിൽ ഓടുന്ന വാഹനങ്ങൾ വേഗം കുറക്കണമെന്നും സുരക്ഷിത അകലം പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മക്ക, മദീന, ഹാഹിൽ, തുറൈഫ്, ജീസാൻ തുടങ്ങിയ പ്രദേശങ്ങളിലും വരുംദിവസങ്ങളിൽ പൊടിക്കാറ്റ് ഉണ്ടാവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.