റിയാദ്: ജി.സി.സി രാജ്യങ്ങളിൽ താമസരേഖയുള്ളവർക്ക് സൗദി സന്ദർശിക്കാൻ ഓൺലൈൻ വിസ നൽകുമെന്ന സൗദി ടൂറിസം മന്ത്രാലയത്തിന്റെ പ്രഖ്യാപനം നടപ്പായി. ആവശ്യപ്പെട്ട രേഖകൾ സഹിതം ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചവർക്ക് മണിക്കൂറുകൾക്കകം വിസ ലഭിച്ചു. ഫോട്ടോ പതിച്ച ഓൺലൈൻ വിസ ഇ-മെയിൽ വഴിയാണ് ലഭിക്കുന്നത്. 90 ദിവസം സൗദിയിൽ തങ്ങാൻ അനുമതിയുള്ള മൾട്ടിപ്പിൾ വിസയാണ് സൗദി ഡിജിറ്റൽ എംബസി നൽകുന്നത്. തൊഴിലുടമയുടെ അനുമതിപത്രമോ ബാങ്ക് സ്റ്റേറ്റ്മെന്റോ ആവശ്യമില്ലാത്തതിനാൽ അതിവേഗം കാര്യങ്ങൾ സാധ്യമാകുന്നുണ്ടെന്ന് അപേക്ഷകർ പറഞ്ഞു.
സൗദി സന്ദർശന വിസാനിയമത്തിലെ പുതിയമാറ്റം രാജ്യത്തെ വാണിജ്യരംഗത്ത് വലിയ മാറ്റങ്ങളുണ്ടാകും. മറ്റ് ഗൾഫ് രാജ്യങ്ങളുമായി കരമാർഗം അതിർത്തി പങ്കിടുന്ന സൗദി കിഴക്കൻ പ്രാവശ്യയിലെ ചെറുതും വലുതുമായ പട്ടണങ്ങളിലെ വ്യാപാരികളടക്കം ഈ മാറ്റത്തിന്റെ ഗുണഭോക്തക്കളാകും. ഏറ്റവും കൂടുതൽ സന്ദർശകരെത്തുക ജിദ്ദ വിമാനത്താവളത്തിലായിരിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും ഉംറ നിർവഹിക്കാനും കുടുംബമായും അല്ലാതെയും ഇനി മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വൻ തോതിൽ ആളുകളെത്തും. അവധിക്കാലത്ത് സൗഹൃദ സന്ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടാകും. അപ്പാർട്ട്മെന്റുകൾക്കും ഹോട്ടലുകൾക്കും വിമാനകമ്പനികൾക്കും വലിയ രീതിയിൽ ഗുണം ചെയ്യുന്നതാണ് പുതിയ വിസാനിയമം.
പ്രധാന ടൂറിസം കേന്ദ്രങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ സജീവമാകും. മഞ്ഞുപെയ്യുന്ന തണുപ്പുകാലത്ത് മാത്രം വിനോദസഞ്ചാര കേന്ദ്രങ്ങളായി സഞ്ചാരികളെ ആകർഷിക്കുന്ന ചില പ്രദേശങ്ങളും സൗദിയിലുണ്ട്. അവിടങ്ങളിലേക്കെല്ലാം ഇനി വിദേശ സഞ്ചാരികളുടെ വലിയ പ്രവാഹം തന്നെയുണ്ടാകും. അടുത്ത കാലത്തായി സൗദിയുടെ സംരംഭക നയത്തിലുണ്ടായ മാറ്റങ്ങളും സംരഭകത്വത്തിനുള്ള ലളിതമായ നടപടികളും സൗദിയിൽ മുതലിറക്കാൻ മറ്റ് ഗൾഫ് രാജ്യങ്ങളിലുള്ള വിദേശ നിക്ഷേപകരെ കൂടുതൽ ആകർഷിക്കുന്നതാണ്.
എന്നാൽ ബിസിനസ്സിനുള്ള സാധ്യതാപഠനം നടത്തുന്നതിനും പങ്കാളികളെ കണ്ടെത്തുന്നതിനും അവരുമായി സംവദിക്കാനും സൗദിയിലേക്ക് എത്തുക ശ്രമകരമായിരുന്നു. ബിസിനസ് ക്ഷണക്കത്തും പിന്നീട് അതത് രാജ്യത്ത് കോൺസുലേറ്റിൽനിന്ന് വിസ പതിക്കലും ഉൾപ്പടെ നൂലാമാലകൾ ഏറെയായിരുന്നു. പുതിയ ഓൺലൈൻ വിസ യാഥാർഥ്യമായതോടെ സംരംഭകർക്ക് എത്രയും വേഗം സൗദിയിലെത്താനും പ്രാഥമിക നടപടികൾ ആരംഭിക്കാനുമാകും.
വിദഗ്ധർക്ക് തൊഴിൽ സാധ്യതകൾ ഏറെയുള്ള സൗദിയിൽ അയൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് തൊഴിലന്വേഷിച്ചെത്താനും ഫിസിക്കൽ ഇന്റർവ്യൂവിന് ഹാജരാകാനും വിസ ഉപയോഗപ്പെടുത്തും. അതെസമയം മന്ത്രാലയം അനുവദിക്കുന്ന വിസ ടുറിസം ലക്ഷ്യം വെച്ചാണ്. ഇ-വിസിറ്റ് വിസയിലെത്തി തൊഴിലെടുക്കുന്നത് ശ്രദ്ധയിൽപെട്ടാൽ സന്ദർശകനും തൊഴിൽദാതാവിനും എതിരെ നിയമനടപടിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.