ജിദ്ദ: രാജ്യത്തെ സ്വകാര്യ വ്യാപാര വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാനുള്ള കാലാവധി അവസാനിക്കാൻ ഇനി എട്ടു ദിവസം.
ഈ മാസം 16ന് അവസാനിക്കും. ഇനിയും പദവി ശരിയാക്കാത്ത ബിനാമി സ്ഥാപനങ്ങളോട് വേഗത്തിൽ തിരുത്തൽ അഭ്യർഥന സമർപ്പിക്കാനും തിരുത്തൽ കാലയളവിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താനും വാണിജ്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. നിശ്ചിത കാലയളവിനുള്ളിൽ പദവി ശരിയാക്കാൻ കഴിയാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമനടപടിയുണ്ടാവും. കനത്ത ശിക്ഷയും ചുമത്തും.
പദവി ശരിയാക്കാനുള്ള കാലാവധി അവസാനിക്കുന്നതോടെ ബിനാമി സ്ഥാപനങ്ങൾ അനധികൃതമാകും. അതിനുശേഷം ബിനാമി സ്ഥാപനങ്ങൾ കണ്ടെത്താൻ വാണിജ്യ മന്ത്രാലയം നടത്തുന്ന പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ അഞ്ചു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്ന് ബിനാമിവിരുദ്ധ ദേശീയ കേന്ദ്രം മുന്നറിയിപ്പ് നൽകി.
സാമ്പത്തികവും സാമൂഹികവുമായ നിരവധി പ്രതികൂല ഫലങ്ങൾ ബിനാമി സ്ഥാപനങ്ങളും ഇടപാടുകളും ഉണ്ടാക്കുന്നുണ്ട്. അതിന്‍റെ പ്രത്യാഘാതം കണക്കിലെടുത്താണ് ഭരണകൂടം നടപടികളുമായി മുന്നിട്ടിറങ്ങിയതെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.
നിരവധി മൊത്ത-ചില്ലറ വ്യാപാരസ്ഥാപനങ്ങൾ, പാർപ്പിട രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, കാറ്ററിങ്, നിർമാണ വ്യവസായങ്ങൾ, ഗതാഗതം തുടങ്ങി വിവിധ വാണിജ്യമേഖലകളിലുള്ളവരിൽനിന്ന് പദവി ശരിയാക്കുന്നതിന് വാണിജ്യ മന്ത്രാലയത്തിന് അപേക്ഷ ലഭിച്ചതായി റിപ്പോർട്ടുണ്ട്. ആറ് ഓപ്ഷനാണ് സ്ഥാപനങ്ങൾക്കു നൽകിയത്. പല സ്ഥാപനങ്ങളും ഇതിനകം പദവി ശരിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.