റിയാദ്: ജാതീയവും സാമൂഹികവുമായ പതിതാവസ്ഥയിൽ നിന്ന് ഉണർന്നെണീറ്റ കേരളീയ നവോത്ഥാനത്തിന് സാമ്പത്തിക വളർച്ചയുടെ രണ്ടാം നവോത്ഥാനം സമ്മാനിച്ചത് പ്രവാസി മലയാളികളാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ്. കരയും കടലും കടന്ന് ലോകത്തിന്റെ വിവിധ ദിക്കുകളിലേക്ക് പലായനം ചെയ്ത മനുഷ്യരുടെ പ്രയത്നത്തിന്റെ ഫലമാണ് ഇന്നത്തെ കേരളമെന്നും അതിൽ ഒരു സർക്കാറിനും മൗലികമായ സംഭാവനകളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസി വെൽഫെയർ റിയാദിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പ്രതിശീർഷ വരുമാനം, വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ ഉന്നതി തുടങ്ങി ജീവിത നിലവാരത്തിന്റെ സൂചികയിൽ ഉയർന്നുനിൽക്കുന്നത് മുഴുവൻ പ്രവാസികളുടെ പോരാട്ടത്തിന്റെ ഫലമാണ്. നാടിന്റെ ബഹുമുഖ മേഖലയെ ശക്തിപ്പെടുത്തുക എന്നതോടൊപ്പം നമ്മുടെ രാഷ്ട്രീയ സാമൂഹിക ബോധത്തെ പ്രവാസ ലോകത്ത് പ്രതിനിധാനം ചെയ്യുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നവരാണ് പ്രവാസികൾ. എന്നാൽ, ഈ സമൂഹത്തോടുള്ള ഗവൺമെന്റുകളുടെ സമീപനം ഒട്ടും ആശാവഹമല്ല എന്നതാണ് യാഥാർഥ്യമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സെഷനുകളിലായി നടന്ന പരിപാടികളിൽ പ്രവാസി വെൽഫെയർ സൗദി നാഷനൽ പ്രസിഡൻറ് സാജു ജോർജ്, പ്രൊവിൻസ് പ്രസിഡൻറ് ഖലീൽ പാലോട്, ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി, വൈസ് പ്രസിഡൻറുമാരായ അജ്മൽ ഹുസൈൻ, അഷ്റഫ് കൊടിഞ്ഞി, സെക്രട്ടറി ഷഹനാസ് സാഹിൽ, ട്രഷറർ എം.പി ഷഹ്ദാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.