റിയാദ്: ഒരു എണ്ണച്ചായാചിത്രം പോലെ മനോഹരമാണ് അൽ മൻദഖ് ഗ്രാമം. സൗദി തെക്കൻ ദേശത്തെ അൽബാഹ പ്രവിശ്യയിലുള്ള കൃഷിഭൂമികളാൽ സമ്പന്നമായ പ്രകൃതിരമണീയമായ സ്ഥലം. വിനോദസഞ്ചാരികളുടെ ഹൃദയം കവരുന്നതാണ് ഇവിടത്തെ അഴകളവുകളൊത്ത പ്രകൃതിയും സുഖദ സുന്ദരമായ അന്തരീക്ഷവും. വിവിധ തരം വൃക്ഷ ലതാദികളും വള്ളിക്കുടിലുകളും അരുവികളും നിറഞ്ഞ താഴ്വര, ഭൂരിഭാഗവും മരുഭൂമിയായ സൗദി അറേബ്യക്ക് പ്രകൃതി കനിഞ്ഞരുളിയ ശാദ്വല പ്രദേശങ്ങളിലൊന്നാണ്. ഈ സവിശേഷതകൾ കൊണ്ട് വളരെ നേരത്തേതന്നെ വിനോദസഞ്ചാരികളുടെ പ്രിയദേശങ്ങളിലൊന്നായി മാറിയിരുന്ന അൽ മൻദഖ് ഇപ്പോൾ ശ്രദ്ധേയമാവുന്നത് ഫാം ടൂറിസത്തിന്റെ വികസനത്തിലാണ്.
സഞ്ചാരപ്രിയർക്ക് പാർക്കാൻ കൃഷിത്തോട്ടങ്ങളിൽ ഇന്ന് മനോഹര കുടിലുകളുണ്ട്. പച്ചപ്പണിഞ്ഞ പ്രദേശങ്ങളിൽ വൃക്ഷവൈവിധ്യം പച്ചിലത്തണൽ വിരിച്ചും പൂവിട്ടും നിൽക്കുന്നു. ചുവട്ടിൽ അഴകുടയാട ചുറ്റിയ പച്ചപടർപ്പുകൾ. കളകളാരവം പൊഴിച്ച് ഒഴുകുന്ന അരുവികൾ. ഫാം ടൂറിസത്തിന്റെ സമൃദ്ധിയാണ് എങ്ങും വിളങ്ങിനിൽക്കുന്നത്. കൃഷിത്തോട്ട ഉടമകൾ അവയെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി പരിവർത്തിപ്പിച്ചു കഴിഞ്ഞു.
അങ്ങനെ അൽ ബാഹയുടെ സുപ്രധാന കാർഷികമേഖല ഇപ്പോൾ വിനോദസഞ്ചാരത്തിന്റെ നൂറുമേനി വിളവെടുപ്പാണ് നടത്തുന്നത്. ആഭ്യന്തര ടൂറിസം മേഖലയിലെ സുപ്രധാന കാൽവെപ്പാണിത്. പണ്ടേ വിനോദസഞ്ചാരത്തിനു പേരുകേട്ട അൽ ബാഹ പ്രവിശ്യയുടെ ആരംഭസ്ഥാനമാവുകയാണ് അൽ മൻദഖ്. കൃഷിപ്പാടങ്ങളിലെ പച്ചപ്പിനിടയിൽ ടൂറിസം ഹട്ടുകൾ പണിതാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്. ഇവിടെ വന്ന് രാപ്പാർത്തും പകൽ മുഴുവൻ ഈ പ്രകൃതി രമണീയതയിൽ അലഞ്ഞും ഹൃദ്യമായ അനുഭവങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണുള്ളത്.
സ്വന്തം കൃഷിത്തോട്ടം വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റിയ പ്രദേശത്തെ കർഷകൻ ഉസ്മാൻ അൽസഹ്റാനി വിശദീകരിക്കുന്നത്, 2022ലാണ് താൻ ഈ രംഗത്തേക്ക് ചുവടുമാറ്റുന്നതെന്നാണ്. തന്റെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലം മനോഹരമായ ടൂറിസം സ്പോട്ടാക്കി മാറ്റാനുള്ള പ്രവർത്തനം അന്നാണ് തുടങ്ങിയത്. കൃഷിപ്പാടങ്ങൾ ടൂറിസത്തിന് പറ്റിയ ഇടമാക്കിമാറ്റി. വിവിധ തരം ഫലവൃക്ഷങ്ങളും സപുഷ്പികളും നട്ടുപിടിപ്പിച്ചു. സീസണാലായുള്ള പഴവർഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളും കൃഷി ചെയ്ത് വിളവെടുക്കാൻ തുടങ്ങി. കാപ്പി, മാതളനാരങ്ങ, ബദാം, നാരങ്ങ, ഓറഞ്ച്, ആപ്രികോട്ട്, അത്തി, പീച്ച്, ബെറി തുടങ്ങിയവയാണ് വിളവെടുക്കുന്നത്. ഇതു കൂടാതെ വളരെ അപൂർവ സസ്യവർഗങ്ങളും നട്ടുപിടിപ്പിച്ചു. സീസണലായ ഈ കൃഷികൾ നടക്കുേമ്പാൾ തന്നെ വിനോദ സഞ്ചാരവും ഒപ്പം പുഷ്ടിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.