റിയാദ്: അറബികളുടെ ഇഷ്ടഭക്ഷണവും കൃഷിവിളകളുടെ പേടിസ്വപ്നവുമായ വെട്ടുകിളികളുടെ സീസണാണിപ്പോൾ സൗദി അറേബ്യയിൽ. ജറാദ് എന്ന് അറബിയിൽ അറിയപ്പെടുന്ന വെട്ടുകിളികളുടെ കച്ചവടം പൊടിപൊടിക്കുകയാണ്. ബുറൈദയിലെ സീസണൽ മാർക്കറ്റിൽ ജറാദുകളുടെ പ്രതിദിന വിറ്റുവരവ് ഈ ദിവസങ്ങളിൽ 10,000 റിയാൽ വരെയായി ഉയർന്നു. വെട്ടുകിളികളെ നിറച്ച ഒരു സഞ്ചിക്ക് 250 റിയാൽ വരെയാണ് വില. രാജ്യത്തെ ഏറ്റവും വലിയ വെട്ടുകിളി മാർക്കറ്റാണ് ഖസീം പ്രവിശ്യയിലെ ബുറൈദയിലുള്ളത്.
ഇഷ്ടഭക്ഷണമായതിനാൽ സീസണായാൽ ബുറൈദയിലെ ഈ ജറാദ് മാർക്കറ്റ് ഉണരും. കൂട്ടമായെത്തുന്ന വെട്ടുകിളികളെ പോലെ വിൽപനക്കാരും വാങ്ങാനെത്തുന്നവരുമായി പിന്നെ ചന്തയിൽ കൂട്ടപ്പൊരിച്ചിലാണ്. ലേലം വിളിയും അല്ലാതെ വിലപേശലുമൊക്കെയായി കച്ചവടം തകൃതിയാണ്. പാടങ്ങളിലും മരുഭൂമികളിലും നിന്ന് വെട്ടുകിളികളെ ശേഖരിച്ച് ജീവനോടെ പ്ലാസ്റ്റിക് സഞ്ചികളിൽ നിറച്ചാണ് ചന്തയിലെത്തിക്കുന്നത്.
ചെമ്മീനെ തോൽപിക്കുന്ന രുചിയാണത്രെ കറിവെച്ചാലും മൊരിച്ചെടുത്താലും വെട്ടുകിളിക്ക്. രുചിയിൽ കടലിലെ ചെമ്മീൻ പോലെയാണ് ആകാശത്തിലെ വെട്ടുകിളികൾ എന്നാണ് പഴമക്കാർ പറയുന്നത്. എണ്ണയിൽ മൊരിച്ചെടുക്കുക മാത്രമല്ല, മസാല ചേർത്ത് വേവിച്ചും വെട്ടുകിളികളെ അകത്താക്കും. പഴയ കാലത്ത് വീട്ടിലെത്തുന്ന അതിഥികൾക്ക് കൊറിക്കാൻ കൊടുക്കുന്നതും വറുത്തെടുത്ത വെട്ടുകിളികളെ ആയിരുന്നത്രെ.
ഉണക്കി പൊടിച്ചെടുത്ത് ചമ്മന്തിയായി ഉപയോഗിക്കുന്നവരുമുണ്ട്. എന്നാലും എണ്ണയിൽ മൊരിച്ചെടുത്ത് കഴിക്കുന്നതിലാണ് അറബികൾക്ക് കൂടുതൽ താൽപര്യം. പച്ചക്ക് തിന്നുന്നവരുമുണ്ട്. കൈയിലെടുത്ത് തല പിച്ചിയെറിഞ്ഞ് ഉടൽ ചവച്ചരച്ച് തിന്നും.
രുചിയിൽ അറബികളുടെ ഹൃദയം കീഴടക്കുമെങ്കിലും കൃഷിത്തോട്ടങ്ങളിലേക്ക് പറന്നെത്തി വിളനശിപ്പിക്കുന്നതിൽ അറബി കർഷകരുടെ ചങ്ക് തകർക്കും വെട്ടുകിളികൾ. വിളകൾ മുഴുവൻ തിന്നുതീർത്തുകളയും. സാമാന്യം എണ്ണക്കൂടുതലുള്ള വെട്ടുകിളിക്കൂട്ടം കാർഷിക വിളകളിൽനിന്ന് ഏകദേശം 10 ടണ്ണോളം അകത്താക്കുമത്രെ. എന്നുവെച്ചാൽ 10 ആനകളോ 25 ഒട്ടകങ്ങളോ 2500 മനുഷ്യരോ കഴിക്കുന്ന അത്രയും വിളകളാണ് ഈ വെട്ടുകിളിക്കൂട്ടം തിന്നുതീർക്കുന്നത്. അതായത് കൂട്ടത്തോടെ ജറാദുകൾ കൃഷിമേഖലയിലെത്തിക്കഴിഞ്ഞാൽ സർവത്ര നാശമാണ്.
ശൈത്യകാലത്താണ് മരുഭൂമിയിലേക്ക് വെട്ടുകിളികൾ എത്തുന്നത്. ഈ തണുപ്പുകാലം മുഴുവൻ ജറാദ് സീസണാണ്. അറബികൾ തങ്ങളുടെ കൃഷിയിടങ്ങളിൽ അവയെ തുരത്തും. എന്നിട്ട് വലവിരിച്ച് പിടിച്ചോ ചന്തയിൽ നിന്ന് വാങ്ങിച്ചോ രുചിയോടെ അകത്താക്കി അവറ്റകളോട് പകരം വീട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.