ജിദ്ദ: കോവിഡ് കാലത്തിനുശേഷം സൗദിയിൽ മലയാളികളുടെ നേതൃത്വത്തിൽ ഫുട്ബാൾ കളിക്കളങ്ങൾ സജീവമാവുന്നു. റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ പ്രധാന നഗരങ്ങൾക്കു പുറമെ മറ്റു പ്രദേശങ്ങളിലും മലയാളി കൂട്ടായ്‌മകളുടെ കീഴിൽ വിവിധ ഫുട്ബാൾ ടൂർണമെന്റുകൾ ഇതിനകം നടന്നുകഴിഞ്ഞു.
ജിദ്ദയിൽ ബ്ലൂ സ്റ്റാർ, സെവൻ സ്റ്റാർ, ഫുട്ബാൾ ലവേഴ്സ് ക്ലബ്, കണ്ണമംഗലം മാസ് റിലീഫ് സെൽ, നവോദയ, യാംബുവിൽ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ, യൂത്ത് ഇന്ത്യ, യൂത്തൻസ് ഗ്രൂപ്, മദീനയിൽ സിറ്റി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ഖമീസ് മുശൈത്തിൽ ഫിഫ ഫുട്ബാൾ ക്ലബ്, ലൗഷോർ വെൽഫെയർ കമ്മിറ്റി തുടങ്ങിയ കൂട്ടായ്മകൾക്കു കീഴിൽ വിവിധ ടൂർണമെന്റുകൾ നടന്നുകഴിഞ്ഞു. ജിദ്ദയിൽ ഹീറോസ് എഫ്.സി അൽ-ജാവീദ് സൂപ്പർ കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് വ്യാഴാഴ്ച രാത്രി 12ന് അമീർ ഫവാസ് സ്റ്റേഡിയത്തിൽ നടക്കും.
'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന 'സോക്കർ കാർണിവൽ 2022' സെവൻസ് ഫുട്ബാൾ ടൂർണമെന്റ് വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ജിദ്ദ മത്താർ ഗദീം ശബാബിയ്യ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലും നടക്കും.
കെ.എം.സി.സിക്കു കീഴിലും അടുത്ത ദിവസങ്ങളിൽ ജിദ്ദയിൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചിട്ടുണ്ട്. സൗദിയിലെ ഏറ്റവും വലിയ മലയാളി ഫുട്ബാൾ കൂട്ടായ്മയായ സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് ഡിസംബറിൽ ആരംഭിക്കുമെന്ന് സിഫ് ഭാരവാഹികൾ അറിയിച്ചു.
മുൻ വർഷങ്ങളിൽ നടന്നതുപോലെ ഇത്തവണയും ജിദ്ദയിലെ ഫൈസലിയയിലെ സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്റ്റേഡിയത്തിലാണ് ടൂർണമെന്റ്.
നാലു ഡിവിഷനുകളിലായി സിഫിൽ രജിസ്റ്റർ ചെയ്ത 32 ക്ലബുകളിലുള്ള ഇന്ത്യൻ ടീമുകൾ ഇത്തവണയും സിഫ് ടൂർണമെന്റിൽ മാറ്റുരക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏതാണ്ട് മൂന്നുമാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ അന്താരാഷ്ട്ര, ദേശീയ ഫുട്ബാൾ മത്സരങ്ങളിലെ വിവിധ താരങ്ങൾ അണിനിരക്കും.
നിലവിലെ ചാമ്പ്യന്മാരായ സബീൻ എഫ്.സി, റണ്ണർ അപ്പായ മക്ക ഇന്ത്യൻ എഫ്.സി, എ.സി.സി, റിയൽ കേരള, ബ്ലൂസ്റ്റാർ, ബ്ലാസ്റ്റേഴ്സ് എഫ്.സി, ഫ്രൻഡ്സ് ജിദ്ദ, ടൗൺ ടീം, യാസ് ക്ലബ്, ഫാൽക്കൺ എഫ്.സി തുവൽ, റിഹാബ് എഫ്.സി യാംബു എന്നിങ്ങനെ നിരവധി ക്ലബുകൾ ഇത്തവണയും ഗോദയിലിറങ്ങും. ആയിരത്തിലധികം കളിക്കാരാണ് വിവിധ ടീമുകളിലായി സിഫിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജിദ്ദയിലെ വിവിധ ഫുട്ബാൾ അക്കാദമികൾക്കു കീഴിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ ടൂർണമെന്റിന്റെ ജൂനിയർ ഡിവിഷനിൽ കളിക്കളത്തിലിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.