ജിദ്ദ: സൗദി അറേബ്യയിൽ ഭക്ഷണം പാഴാക്കുന്നത് ശിക്ഷാർഹമാക്കാൻ ആലോചന. ഇതുസംബന്ധിച്ച കരട് നിയമം ശൂറ കൗൺസിൽ ഉടൻ ചർച്ചക്കെടുക്കും. 13 അനുഛേദങ്ങളുള്ള നിയമമാണ് പരിഗണനയിലുള്ളത്. മൂന്നാം അനുഛേദത്തിൽ ഭക്ഷണ ഉപഭോഗം ഗുണപരമായി നിയന്ത്രിക്കുന്നതിന് രാജ്യത്തെങ്ങും പ്രത്യേക സെൻററുകൾ സ്ഥാപിക്കാൻ വ്യവസ്ഥ ചെയ്യുന്നു. ഹോട്ടലുകളിൽ നിന്നും മറ്റ് ഭക്ഷണവേദികളിൽ നിന്നും ഭക്ഷണം ബാക്കിവെച്ച് പോകുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും ബിൽ തുകയുടെ 20 ശതമാനം വരെ പിഴ ഇൗടാക്കാനാണ് ശിപാർശ.
പാർട്ടികൾ, ചടങ്ങുകൾ, ആഘോഷങ്ങൾ എന്നിവയിൽ ഭക്ഷണം പാഴാക്കിയാൽ സ്ഥാപനങ്ങൾക്കോ ഉടമകൾക്കോ 15 ശതമാനം പിഴ ലഭിക്കും. ബാക്കിയാകുന്ന ഭക്ഷണം കൊണ്ടുപോകുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിഴയിൽ ഇളവ് നൽകും. പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയത്തിെൻറ റിപ്പോർട്ട് പ്രകാരം ആഗോള തലത്തിൽ ഭക്ഷണം പാഴാക്കുന്നതിൽ മുന്നിലാണ് സൗദി അറേബ്യ. രാജ്യത്ത് പാചകം ചെയ്യപ്പെടുന്ന ഭക്ഷണത്തിെൻറ 30 ശതമാനവും പാഴാക്കപ്പെടുകയാണ്. ഇതുവഴി പ്രതിവർഷം 49 ശതകോടി റിയാലിെൻറ നഷ്ടമാണ് സംഭവിക്കുന്നത്. വർഷത്തിൽ 250 കിലോ ഭക്ഷണമാണ് രാജ്യത്ത് ഒരാൾ ശരാശരി പാഴാക്കുന്നത്. 115 കിലോയാണ് ആഗോള ശരാശരി. ഡിന്നർ പാർട്ടികൾ, വിവാഹം, റെസ്റ്റോറൻറുകൾ, ഹോട്ടൽ ബുഫെകൾ എന്നിവയിലാണ് ഭക്ഷണം ഏറെയും പാഴാക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.