ജിദ്ദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ തലത്തിൽ ‘സാമൂഹിക സുരക്ഷക്ക് ധാർമിക ജീവിതം’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിന്റെ ജിദ്ദ ഏരിയ ഉദ്ഘാടനം അബ്ദുറഹിം പി. അരീക്കോട് നിർവഹിച്ചു.
സുരക്ഷിത സമൂഹത്തിന് ധാർമികത അനിവാര്യമാണെന്നും ധാർമിക മൂല്യങ്ങളെ അവഗണിക്കുന്നത് മനുഷ്യന്റെ സമാധാന ജീവിതത്തിന് വിഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ വൈസ് പ്രസിഡൻറ് ഹംസ നിലമ്പൂർ അധ്യക്ഷത വഹിച്ചു.
‘സാമൂഹിക സുരക്ഷക്ക് ധാർമിക ജീവിതം’ എന്ന പ്രമേയം വിശദീകരിച്ച് യുവപ്രഭാഷകനും ഐ.എസ്.എം മുൻ സംസ്ഥാന സാരഥിയുമായ അഫ്താഷ് ചാലിയം സംസാരിച്ചു.
ധാർമിക മൂല്യങ്ങൾ മുറുകെ പിടിച്ച് അതിർവരമ്പുകളെ മാനിച്ചുകൊണ്ട് മുന്നോട്ടുപോയാൽ മനുഷ്യന് സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കുമെന്നും ധാർമിക മൂല്യങ്ങൾക്കെതിരെ സംസാരിക്കുന്നവർ അഹങ്കാരത്തിന് അടിമപ്പെടുകയും മൂല്യങ്ങളെ അനിഷ്ടകരമായി കാണുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ സമിതി ജനറൽ സെക്രട്ടറി ജരീർ വേങ്ങര സ്വാഗതവും കാമ്പയിൻ സ്വാഗത സംഘം ജിദ്ദ ഏരിയ കമ്മിറ്റി കൺവീനർ പ്രിൻസാദ് പാറായി നന്ദിയും പറഞ്ഞു. കാമ്പയിന്റെ ഭാഗമായി സൗഹൃദ സദസ്, പ്രവർത്തക സംഗമം, യൂത്ത് മീറ്റ്, വനിതാ സംഗമം, ടീൻസ് മീറ്റ്, മതസൗഹാർദ സംഗമം, മീഡിയ സെമിനാർ, പാരൻറ്സ് മീറ്റ് തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.