കേരളത്തില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏതാനും ജനപ്രതിനിധികളെ മാത്രം വിജയിപ്പിക്കാന്‍ കഴിഞ്ഞ പുതുതലമുറ രാഷ്ട്രീയ പാര്‍ട്ടികളിലൊന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി. സാധാരണക്കാരില്‍ സാധാരണക്കാരുടെ അടിസ്ഥാനാവശ്യങ്ങള്‍ ഉറപ്പുവരുത്തി ഏറ്റവും ദുര്‍ബല പ്രദേശങ്ങളിലേക്കും വികസനം എത്തിക്കാനുള്ള കഠിന പരിശ്രമങ്ങളാണ് വിജയിച്ച വാര്‍ഡുകളില്‍ പാര്‍ട്ടിയുടെ പ്രതിനിധികള്‍ നടത്തിയത്.
ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതും പരിസ്ഥിതി സൗഹൃദത്തോട് കൂടിയതുമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വികസന കാഴ്ചപ്പാട്. ആശ്രിതത്വത്തെക്കാള് സ്വാശ്രയത്വത്തിന് മുന്‍ഗണന നല്കി ഗ്രാമങ്ങളുടെ സ്വയം പര്യാപ്തത ലക്ഷ്യം വെച്ചായിരുന്നു ഞങ്ങള്‍ പ്രവര്‍ത്തനങ്ങളെ രൂപപ്പെടുത്തിയത്. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരളത്തിലെ ആദ്യത്തെ ഹരിത നഗര വാര്‍ഡ് വെല്‍ഫെയര്‍ പാര്‍ട്ടിയുടേതായിരുന്നു. പട്ടിണിരഹിത വാര്‍ഡുകള്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ പദ്ധതികള്‍ വ്യത്യസ്ത ഏജന്‍സികളെ സഹകരിപ്പിച്ച് ജനപങ്കാളിത്തം ഉറപ്പുവരുത്തി മൂല്യവര്‍ധിതമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞ കാലയളവില്‍ ഞങ്ങളുടെ ജനപ്രതിനിധികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
വാര്‍ഡ് മെംബര്‍മാര്‍ക്ക് ലഭിച്ച ഹോണറേറിയം പോലും അതത് വാര്‍ഡുകളുടെ ക്ഷേമത്തിന് വേണ്ടിയായിരുന്നു അവര്‍ ചെലവഴിച്ചത്. അഭിമാനകരമായ ഈ പ്രവര്‍ത്തന നേട്ടങ്ങളെ മുന്നില്‍ വെച്ച് തികഞ്ഞ ആത്മവിശ്വാസത്തോടു കൂടിയാണ് ഇത്തവണ പാര്‍ട്ടി ജനങ്ങളെ അഭിമുഖീകരിക്കുന്നത്.
അടിസ്ഥാനാവശ്യങ്ങള്‍ നിഷേധിക്കപ്പെട്ട ദലിത്, ആദിവാസി ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്കുന്ന പ്രവര്‍ത്തനങ്ങള്‍, അതുപോലെ അവരുടെ ഭൂമി, വീട്, തൊഴില്‍, അന്തസ്സ്, അഭിമാനം, വിദ്യാഭ്യാസം എന്നിവയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ജനസേവന രംഗത്ത് പരിചയമുള്ള, സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവരായ, ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രതിബദ്ധതയും ആത്മാർഥതയുമുള്ള ജനങ്ങളെ അറിയുന്ന ജനാംഗീകാരമുള്ള ഒരു പറ്റം സ്ഥാനാർഥികളെയാണ് പാര്‍ട്ടി മത്സര രംഗത്തിറക്കിയിട്ടുള്ളത്. അവരുടെ വിജയം നാടിെൻറയും നാട്ടുകാരുടേയും കൂടി ആവശ്യമാണ് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.
വിവിധ സംഘടന നേതാക്കൾക്ക് അവരുടെ രാഷ്ട്രീയം പറയാനുള്ള പംക്തിയാണിത്. കുറിപ്പുകൾ ഫോേട്ടാ സഹിതം saudiinbox@gulfmadhyamam.net എന്ന ഇ-മെയിലിൽ അയക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.