ജിദ്ദ: മൂന്നു മാസമായി നടന്നുവന്ന ജിദ്ദയിലെ ഫ്രൈഡേ ബിഗ് ബാഷ് ക്രിക്കറ്റ് ടൂർണമെന്റ് അഞ്ചാം സീസണിന് ആവേശകരമായ പരിസമാപ്തി. വെള്ളിയാഴ്ച ഖാലിദ് ബിൻ വലീദ് ഫ്ലഡ്‍ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ടീം മൈഓൺ ഫിൻപാലിനെ പരാജയപ്പെടുത്തി തൗബ ഫൈറ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ് കിരീടം ചൂടി. ടോസ് നേടിയ തൗബ ഫൈറ്റേഴ്‌സ് എതിരാളികളായ മൈഓൺ ഫിൻപാലിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൈഓൺ ഫിൻപാൽ ഉയർത്തിയ 12 ഓവറിൽ 119 റൺസ് എന്ന വിജയലക്ഷ്യം അവരുടെ ശക്തരായ ബൗളിങ് നിരയെ കൃത്യതയോടെ പിന്തുടർന്ന് തൗബ ഫൈറ്റേഴ്‌സ് മറികടന്നു.
മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും മിന്നുംപ്രകടനം കാഴ്ചവെച്ച സുബൈർ ബാവിയെ ഫൈനലിലെ താരമായി തിരഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച കളിക്കാരൻ, ഏറ്റവും നല്ല ബാറ്റ്സ്മാൻ എന്നീ ട്രോഫികൾ വി.പി. ഫാഹിസ് (ജെ.ഐ.സി.സി) നേടിയപ്പോൾ, മികച്ച ബൗളർ ട്രോഫിക്ക് സിജോ ജോർജ് (റൈസിങ് സ്റ്റാർസ്) അർഹനായി. ജെ.ഐ.സി.സി, ജിദ്ദ കൊമ്പൻസ്, ജിദ്ദ റോയൽസ്, റൈസിങ് സ്റ്റാർസ് എന്നിവരായിരുന്നു ടൂർണമെന്റിലെ മറ്റ് ടീമുകൾ. രണ്ടു പാദങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങൾക്ക് ഒടുവിലായിരുന്നു കലാശക്കൊട്ട്. ഷമീർ ഷക്കീർ (തൗബ ഫൈറ്റേഴ്‌സ്), നൗഷാദ് നൗബോയ് (മൈഓൺ ഫിൻപാൽ), വി.പി. ഫാഹിസ് (ജെ.ഐ.സി.സി), അൻസാർ അഹ്മദ് (ജിദ്ദ കൊമ്പൻസ്), ഫായിസ് ആലുങ്ങൽ (ജിദ്ദ റോയൽസ്), ഷിബു കുമ്പഴ (റൈസിങ് സ്റ്റാർസ്) എന്നിവരായിരുന്നു ടീമുകളെ നയിച്ചത്. സഫ്വാൻ പെരിഞ്ചീരിമാട്ടിൽ, ജി.കെ. മനാഫ് എന്നിവർ ടൂർണമെന്റ് കൺവീനർമാരായിരുന്നു.
വിജയികൾക്ക് ടൂർണമെന്റ് സ്പോൺസറായ കെ.എൽ 10 റസ്റ്റാറന്റിനുവേണ്ടി മൂത്തേടത്ത് ഹാഷിം, വി.പി. അജ്മൽ എന്നിവർ ട്രോഫി സമ്മാനിച്ചു. റണ്ണേഴ്സ്അപ്പിന് മാധ്യമ പ്രവർത്തകൻ എ.എം. സജിത്ത് ട്രോഫി കൈമാറി. ടൂർണമെന്റിലെ മികച്ച താരങ്ങൾക്കുള്ള ട്രോഫികൾ കേരള എൻജിനീയേഴ്‌സ് ഫോറം പ്രസിഡന്റ് മുഹമ്മദ് സാബിർ, സെക്രട്ടറി സിയാദ് കൊറ്റായി എന്നിവർ സമ്മാനിച്ചു. ആകർഷകമായ പ്രോത്സാഹനസമ്മാനങ്ങളും നറുക്കെടുപ്പിലൂടെ കാണികൾക്ക് വിതരണം ചെയ്തു. ലുലു സൈനി, അജ്മൽ നസീർ, ഷാനവാസ് സ്നേഹക്കൂട് എന്നിവർ സമ്മാനദാനച്ചടങ്ങുകൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.