റിയാദ്/മലപ്പുറം: 2024-2026 വർഷത്തേക്കുള്ള കൊളച്ചേരി ഗ്ലോബൽ കെ.എം.സി.സി മെംബര്‍ഷിപ് കാമ്പയിന് തുടക്കമായി.
‘കനിവിന്റെ ചിറകൊരുക്കാം ഒരുമയിൽ അണിനിരക്കാം’എന്ന ശീർഷകത്തിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന മെംബര്‍ഷിപ് കാമ്പയിൻ ഡിസംബർ 31ന് അവസാനിക്കും. സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ, ഒമാൻ, കുവൈത്ത്, മലേഷ്യ, ലണ്ടൻ തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കൊളച്ചേരി പഞ്ചായത്ത് നിവാസികൾക്ക് ഗ്ലോബൽ കെ.എം.സി.സിയിൽ അംഗമാകാവുന്നതാണ്.
മെംബര്‍ഷിപ് കാമ്പയിൻ പൂർത്തിയാകുന്നതോടെ അംഗങ്ങളുടെ തോതനുസരിച്ച് മൂന്ന് ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെയുള്ള സുരക്ഷാ സ്കീം പദ്ധതി കമ്മിറ്റിയുടെ പ്രഥമ പരിഗണയിലുണ്ട്. മരണാനന്തര ധനസഹായം എന്ന പതിവ് കാഴ്ചയിൽനിന്ന് വിഭിന്നമായി ജീവിച്ചിരിക്കുമ്പോൾതന്നെ ആവശ്യമായ സഹായങ്ങൾ നൽകി തണലാവുക എന്ന ആശയമാണ് നടപ്പാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കോവിഡ് കാലത്ത് വാട്സ്ആപ് കൂട്ടായ്മയിലൂടെ രൂപംകൊണ്ട ഗ്ലോബൽ കെ.എം.സി.സി ചുരുങ്ങിയ കാലയളവിൽ ഒട്ടനവധി സാന്ത്വന പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.
കൊളച്ചേരി ശിഹാബ് തങ്ങൾ സൗധത്തിൽവെച്ച് മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡൻറ് അഡ്വ. അബ്ദുൽ കരീം ചേലേരി, അബ്ദുൽ റഷീദ് കൈപ്പറ്റക്ക് (അജ്മാൻ) മെംബര്‍ഷിപ് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഗ്ലോബൽ കെ.എം.സി.സി ഉപദേശക സമിതി മമ്മു കമ്പിൽ (ദുബൈ) അധ്യക്ഷത വഹിച്ചു.
സൂം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന എക്സിക്യൂട്ടിവ് യോഗം ഗ്ലോബൽ പ്രസിഡൻറ് ജമാൽ സാഹിബ് (സൗദി അറേബ്യ) ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുക്താർ (റിയാദ്) സ്വാഗതവും ജുനൈദ് (ലണ്ടൻ) നന്ദിയും പറഞ്ഞു.
മമ്മു കമ്പിൽ, അബ്ദുല്ല ചേലേരി (ഷാർജ), മുഹമ്മദ് കൊളച്ചേരി (അബൂദബി), മുഹമ്മദ് മാട്ടുമ്മൽ (ഷാർജ), അഫ്സൽ കയ്യങ്കോട് (ദമ്മാം), അബ്ദുൽ കാദർ (ഷാർജ), മൊയ്ദീൻ പാറമ്മൽ (ഖത്തർ), മെഹബൂബ് (ലണ്ടൻ), അഹ്മദ് കമ്പിൽ (ദുബൈ), അബ്ദുൽ റസാഖ് (യാംബു), മുഹമ്മദ് ഇസ്സ (മലേഷ്യ) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.