റിയാദ്: സൗദി തലസ്ഥാനനഗരിക്ക് ആഘോഷരാവുകൾ സമ്മാനിച്ചുകൊണ്ടിരിക്കുന്ന ‘ഗൾഫ് മാധ്യമം’ രജതജൂബിലി ആഘോഷമായ ‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്’ മെഗാഷോയിൽ ഇന്ന് കുഞ്ചാക്കോ ബോബൻ നയിക്കുന്ന ‘വൈബ്സ് ഓഫ് കേരള’ അരങ്ങേറും. റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ കോമ്പൗണ്ടിലൊരുക്കിയ വേദിയിൽ വൈകീട്ട് 7.30 മുതലാണ് സംഗീതാസ്വാദനത്തിന്റെ പുത്തൻ കേരള വൈബ് സമ്മാനിക്കുന്ന പരിപാടി.
മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ പ്രവാസി ഹൃദയങ്ങളെ പിടിച്ചെടുക്കും വിധം ആടിപ്പാടി വേദിയിൽ നിറയും. സിനിമപ്രേമികൾക്ക് പ്രിയങ്കരനായ ചാക്കോച്ചൻ ആദ്യമായാണ് റിയാദ് സന്ദർശിക്കുന്നത്. ചലച്ചിത്രമേഖലയിലെ ‘ചോക്ലറ്റ് ബോയി’യിൽ രംഗപ്രവേശനം ചെയ്ത ചാക്കോച്ചൻ രണ്ട് ദശകങ്ങളിലേറെയായി മലയാള സിനിമയിലെ താരമൂല്യമുള്ള അഭിനേതാക്കളിലൊരാളാണ്.
നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹത്തിന് റിയാദിലും ഫാൻസ് ഗ്രൂപ്പുണ്ട്. നിരവധി ഹിറ്റ് പ്രണയഗാനങ്ങൾ അഭ്രപാളിയിൽ അവതരിപ്പിച്ച ഈ നായകൻ സ്റ്റേജിലും മനം കവരുന്നതിന് കാത്തിരിക്കുകയാണ് പ്രേക്ഷകർ.
നൂറുകണക്കിന് വേദികൾ തന്റെ മാന്ത്രിക വിരലുകൾ കൊണ്ട് സംഗീത സാന്ദ്രമാക്കിയ സ്റ്റീഫൻ ദേവസിയാണ് ഇന്ന് വേദിയിലെത്തുന്ന മറ്റൊരു താരം. ചെറുപ്പത്തിൽതന്നെ നിരവധി സിനിമകൾക്ക് സംഗീതം നൽകുകയും പ്രശസ്തരായ ഒട്ടേറെ സംഗീതജ്ഞർക്ക് ഓർക്കസ്ട്രേഷൻ ഒരുക്കുകയും ചെയ്ത ഈ പ്രതിഭ സ്റ്റേജ് ഷോകളിൽ ഒഴിച്ചുകൂടാനാവാത്ത താരമാണ്.
പാലക്കാട് സ്വദേശിയായ സ്റ്റീഫൻ ദേവസി നിമിഷനേരം കൊണ്ട് സദസ്സിനെ കൈയിലെടുക്കാനും അവരെ ആവേശത്തിന്റെ ഉത്തുംഗ ശൃംഗത്തിലെത്തിക്കാനും കഴിവുമുള്ള കലാകാരനാണ്.
ഒരുപിടി ഹിറ്റ് ഗാനങ്ങളിലൂടെ ആസ്വാദക വൃന്ദത്തിന്റെ ഹൃദയം കീഴടക്കിയ പിന്നണി ഗായികമാരായ നിത്യ മാമ്മൻ, ക്രിസ്റ്റകല, യുവഗായകരായ കെ.എസ്. ഹരിശങ്കർ, അക്ബർ ഖാൻ എന്നിവർ ഫെസ്റ്റിവൽ വേദിയിൽ പാടിത്തിമിർക്കും. നടനും നർത്തകനുമായ മുഹമ്മദ് റംസാന്റെ നൃത്തം പ്രേക്ഷകരെ വിസ്മയിപ്പിക്കും.
അഭിനേതാവും അവതാരകനുമായ മിഥുൻ രമേശാണ് അവതാരകൻ. വേദിയെ ചടുലമാക്കുന്ന മിഥുന്റെ അവതരണ മികവും മനോഹരിതയും ഗൾഫ് മാധ്യമം മെഗാ ഇവന്റുകളിലൂടെ റിയാദിലെ സഹൃദയർക്ക് നേരത്തേ അനുഭവവേദ്യമായിട്ടുള്ളതുമാണ്.
ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ് എന്ന മെഗാഷോക്ക് നൽകിയിരിക്കുന്ന പേരിനെ അന്വർഥമാക്കും വിധം പരിപാടിക്കെത്തുന്നവരെ ആദ്യം തന്നെ സ്വാഗതം ചെയ്യുന്നത് ഇന്ത്യയുടെ ഭൂവടയാളങ്ങളിലൊന്നെന്ന നിലയിൽ വ്യഖ്യാതമായ, ചരിത്രത്തിനും മുകളിലേക്ക് തലയുയർത്തി നിൽക്കുന്ന ഇന്ത്യാഗേറ്റിന്റെ മാതൃകയിൽ ഒരുക്കിയ കവാടമാണ്.
ഇന്ത്യൻ മഹോത്സവ നഗരിയിലേക്ക് കടന്നാൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ രുചി വൈവിധ്യം അനുഭവിപ്പിക്കുന്ന 20-ഓളം റസ്റ്റാറന്റുകൾ അണിനിരന്ന ‘ടേസ്റ്റി ഇന്ത്യ’ എന്ന ഫുഡ് കാർണിവൽ ഏരിയയിലേക്കാണ് എത്തിച്ചേരുക. ശേഷം സ്കൂൾ ഓഡിറ്റോറിയത്തിന്റെ വിശാലതയിൽ ഒരുക്കിയ ഇന്ത്യൻ വാണിജ്യ പ്രദർശനമേള നിങ്ങളെ ഇന്ത്യ-സൗദി വ്യാപാര ബന്ധത്തിന്റെ ചരിത്രവും വളർച്ചയും നിലവിലെ അഭിവൃദ്ധിയുമെല്ലാം ബോധ്യപ്പെടും.
ഇന്ത്യയിലെയും സൗദിയിലെയും ചെറുതും വലുതുമായ വ്യാപാര വ്യവസായ സ്ഥാപനങ്ങളും പ്രമുഖ വ്യക്തിത്വങ്ങളുമാണ് എക്സ്പോയിൽ പങ്കെടുക്കുന്നത്.
അവിടെ നിന്ന് നേരെ മെഗാഷോ വേദിയുടെ മുന്നിലേക്ക്. അവിടെ ആയിരക്കണക്കിനാളുകൾക്ക് ഈ ശരത്കാല രാവിന്റെ സുഖശീതളിമയിൽ അനായാസമിരുന്ന് പരിപാടികൾ ആസ്വദിക്കാനാവും വിധമാണ് ഇരിപ്പടങ്ങളുൾപ്പെടെ എല്ലാം സജ്ജീകരിച്ചിട്ടുള്ളത്.
ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ഉത്സവനഗരിയിലേക്ക് ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങും. ടേസ്റ്റീ ഇന്ത്യ ഫുഡ് കാർണിവൽ ഏരിയയിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ സെലിബ്രിറ്റി അവതാരകൻ രാജ് കലേഷ് മാജിക്കും മറ്റ് കലാപരിപാടികളുമായി നിങ്ങളെ വരവേൽക്കും. റിയാദിലെ തിരഞ്ഞെടുക്കപ്പെട്ട ഗായകർക്ക് മാറ്റുരക്കാനുള്ള ‘സിങ് ആൻഡ് വിൻ’ മത്സരം രാജ് കലേഷ് നയിക്കും. ഇതോടൊപ്പം ഇതേസമയം കുട്ടികൾക്കായി ‘ലിറ്റിൽ ആർട്ടിസ്റ്റ്’ എന്ന പേരിൽ ചിത്രരചന മത്സരവും നടക്കും.
റിയാദ്: മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ നേതൃത്വത്തിൽ കേരളത്തിന്റെ പുത്തൻ വൈബ് സമ്മാനിക്കുന്ന ‘വൈബ്സ് ഓഫ് കേരള’ മെഗാഷോ കാണാൻ ഇനിയും ടിക്കറ്റ് എടുക്കാത്തവർ വിഷമിക്കേണ്ട. ആഘോഷവേദിയായ റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ കോമ്പൗണ്ടിൽ ടിക്കറ്റ് ലഭിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ സ്കൂളിന്റെ പ്രധാന ഗേറ്റിന് സമീപം മുൻവശത്ത് തന്നെയാണ് ബോക്സോഫിസ് സംവിധാനം ഒരുക്കിയിട്ടുള്ളത്. എല്ലാ കാറ്റഗറികളിലേക്കുമുള്ള ടിക്കറ്റുകൾ ഇവിടെ ലഭ്യമാണ്. സാധാരണക്കാരായ കലാസ്വാദകർക്ക് പ്രാപ്യമായ 40 റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ.
ഒരാൾക്ക് 40 റിയാലിന്റെ ‘സിൽവർ’, 75 റിയാലിന്റെ ഗോൾഡ്, 150 റിയാലിന്റെ പ്ലാറ്റിനം, 500 റിയാലിന്റെ ‘റെഡ് കാർപ്പെറ്റ്’, നാല് പേർക്ക് 250 റിയാലിന്റെ ‘ഗോൾഡ് ഫാമിലി’, 500 റിയാലിന്റെ പ്ലാറ്റിനം ഫാമിലി, 1,500 റിയാലിന്റെ ‘റെഡ് കാർപ്പെറ്റ് ഫാമിലി’ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ ക്രമീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 0504507422, 0559280320 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. https://www.greatindiafest.com എന്ന ലിങ്കിൽനിന്ന് ഓൺലൈനായും ടിക്കറ്റെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.