ജുബൈൽ: ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ നിർമാണ, വിപണന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളോട് ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിന് ടോൾ ഫ്രീ നമ്പറുകൾ ഏർപ്പെടുത്താൻ സൗദി വാണിജ്യമന്ത്രി മജീദ് അൽഖസാബി ആവശ്യപ്പെട്ടു. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനും സ്വകാര്യമേഖല ഉപയോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനും വേണ്ടിയാണിത്.
മന്ത്രാലയ ആസ്ഥാനത്ത് രാജ്യത്തെ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഏജൻറുമാരെയും വിതരണക്കാരെയും പ്രതിനിധാനംചെയ്ത് നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിൽപനാനന്തര സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും ഉപഭോക്തൃ പരാതികൾ സ്വീകരിക്കാനുമാണ് ടോൾ ഫ്രീ നമ്പറുകൾ അനുവദിക്കേണ്ടത്. ഈ മേഖലയുമായി ബന്ധപ്പെട്ട നിയമനിർമാണ വശങ്ങൾ അവലോകനം ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി സേവനങ്ങൾ ക്രമീകരിക്കാനും ഇതുമൂലം സാധിക്കും. ഉപകരണങ്ങളുടെ ലഭ്യത, ഷിപ്പിങ്, ഡെലിവറി, ഇൻസ്റ്റലേഷൻ, അറ്റകുറ്റപ്പണി, വാറൻറി, വിലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങി ഇലക്ട്രിക്കൽ ഉപകരണ മേഖലയിലെ ഉപയോക്താക്കൾക്ക് താൽപര്യമുള്ള നിരവധി വിഷയങ്ങൾ യോഗം അവലോകനം ചെയ്തു. ഉപഭോക്താവിനോടുള്ള കടമകൾ കാലതാമസമോ കുറവോ ഇല്ലാതെ നിറവേറ്റണം.
വാണിജ്യ സ്ഥാപനങ്ങളുമായി സഹകരിച്ച് അവരുടെ സേവനങ്ങൾ വികസിപ്പിക്കാൻ സഹായിക്കാനും അവർക്ക് മെച്ചപ്പെട്ട അന്തരീക്ഷം നൽകാനും അവർ നേരിടുന്ന എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളെയും തരണം ചെയ്യാനും സഹായിക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.
വാണിജ്യ ഉപമന്ത്രി ഡോ. ഇമാൻ ബിന്ത് ഹബ്ബാസ് അൽ മുത്തൈരി, അസിസ്റ്റൻറ് വാണിജ്യ മന്ത്രി ബദർ അൽഹദ്ദാദ്, ഉപഭോക്തൃ സംരക്ഷണ ഉപമന്ത്രി എൻജി. ഉമർ അൽസുഹൈബാനിയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.