ദമ്മാം: കിഴക്കൻ പ്രവിശ്യ ഇതുവരെ ദർശിച്ചിട്ടില്ലാത്ത വിസ്മയാനുഭവങ്ങൾ സമ്മാനിക്കാൻ ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ‘റെയ്നി നൈറ്റി’ൽ പാട്ടുമഴ പെയ്യിക്കാൻ ദേശീയ അവാർഡ് ജേതാവും നടിയും ഗായികയുമായ അപർണ ബാലമുരളിയും എത്തുന്നു. ഫെബ്രുവരി ഒമ്പതിന് അൽഖോബാർ ‘സിഗ്നേച്ചർ’ ഹോട്ടൽ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന പരിപാടിയുടെ പ്രധാന ആകർഷണവും അപർണയാണ്. തണുപ്പു പുതച്ചുറങ്ങുന്ന ദമ്മാമിന്റെ രാത്രിനിലാവിനെ മഴപ്പാട്ടുകൊണ്ട് താരാട്ടാൻ അപർണയുമുണ്ടാകും.
പാട്ടുപാടിയും സരസസല്ലാപങ്ങളിൽ ഏർപ്പെട്ടും അപർണ ആരാധകരുടെ ഹൃദയത്തിലേക്ക് ഇറങ്ങിവരും. പ്രവാസികൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത കാഴ്ചയുടേയും ആസ്വാദനത്തിന്റെയും പുത്തൻ അനുഭവങ്ങളിൽ അലിയാനുള്ള ഒരുക്കത്തിലാണ് കിഴക്കൻ പ്രവിശ്യ. ഗായികയായി മലയാള സിനിമയിലെത്തുകയും യുവതലമുറയുടേതടക്കം ഹൃദയം കീഴടക്കുകയും ചെയ്ത അപർണ പക്ഷേ അഭിനയത്തിലാണ് അത്ഭുതകരമായ വേഷപ്പകർച്ച സമ്മാനിച്ചത്.
തൊട്ടതെല്ലാം കീഴടക്കിയ ചരിത്രമാണ് ഈ സർഗപ്രതിഭയുടെ പ്രത്യേകത. ‘ഇന്നലെയെത്തേടി’ ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് തുടക്കം കുറിച്ചത്. വിനീത് ശ്രീനിവാസൻ നായകനായ ഒരു സെക്കൻഡ് ക്ലാസ് യാത്രയിൽ നായികയായി വേഷമിട്ടു. ‘യാത്ര തുടരുന്നു’ ചിത്രത്തിൽ ഇർഷാദിന്റെയും ലക്ഷ്മി ഗോപാലസ്വാമിയുടെയും മകളായി വേഷമിട്ടാണ് മലയാള സിനിമാരംഗത്ത് തുടക്കമിടുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം’ ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇതിലെ ജിംസി എന്ന കഥാപാത്രം പ്രേക്ഷകമനസ്സിൽ പതിഞ്ഞു.
നിരവധി അവസരങ്ങളാണ് അപർണക്ക് പിന്നീട് ലഭ്യമായത്. ഒടുവിൽ തമിഴ് സിനിമയിലെ മെഗാതാരമായ സൂര്യയുടെ നായികയായി ‘സൂരൈ പോട്ര്’ സിനിമയിൽ നായകനോളം പ്രാധാന്യമുള്ള നായിക കഥാപാത്രമായി ആരാധക പ്രശംസ നേടി. ഇതേ സിനിമക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
തൃശൂർ സ്വദേശിനിയായ അപർണ, സംഗീതജ്ഞനായ കെ.പി. ബാലമുരളിയുടെയും അഭിഭാഷകയായ ശോഭയുടെയും ഏകമകളാണ്. ദേവമാതാ സി.എം.ഐ പബ്ലിക് സ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പാലക്കാട് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചറിൽനിന്ന് എൻജിനീയറിങ് കരസ്ഥമാക്കി.
കലാമണ്ഡലം സീമ, കലാമണ്ഡലം ഹുസ്ന ബാനു, കലാക്ഷേത്ര ഷഫീഖുദ്ദീൻ എന്നിവരിൽനിന്ന് നൃത്തം അഭ്യസിച്ചു. കുച്ചിപ്പുടി, ഭരതനാട്യം, ലളിതസംഗീതം എന്നിവയിൽ സംസ്ഥാന കലോത്സവ വിജയിയായിരുന്നു. സൗദിയിൽ ആദ്യമായെത്തുന്ന അപർണ റെയ്നി നൈറ്റിൽ ഉടനീളം പാട്ടും പറച്ചിലുകളുമായി ആരാധകരോടൊപ്പമുണ്ടാകും.
റെയ്നി നൈറ്റ് ദമ്മാം ടയോട്ട ഏരിയ ടിക്കറ്റ് വിൽപന പ്രശാന്ത്-അഞ്ജു ദമ്പതികൾക്ക് നൽകി സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്യുന്നു
റെയ്നി നൈറ്റ് ടിക്കറ്റ് വിൽപന പുരോഗമിക്കുന്നു
ദമ്മാം: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന റെയ്നി നൈറ്റിന്റെ ഭാഗമാകാൻ ആസ്വാദകർ ഏറെ താൽപര്യത്തോടെ ഒഴുകിയെത്തുകയാണ്. തനിമ ടയോട്ട ഏരിയയിലെ ടിക്കറ്റ് വിൽപന പാലക്കാട് സ്വദേശികളായ പ്രശാന്ത്, അഞ്ജു ദമ്പതികൾക്ക് കൈമാറി ഗൾഫ് മാധ്യമം ലേഖകൻ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത അനുഭവമായിരിക്കും റെയ്നി നൈറ്റെന്ന പ്രതീക്ഷയിലാണ് ടിക്കറ്റ് ആദ്യം തന്നെ വാങ്ങുന്നതെന്ന് പ്രശാന്തും അഞ്ജുവും പറഞ്ഞു. അംജദ്, സലാം ജാംജൂം, മുഹമ്മദ്കുട്ടി, ഷെരീഫ്, ബഷീർ, സക്കീർ, ഷൗക്കത്ത്, റഷീദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.