മക്ക: ഹജ്ജിന്റെ സുപ്രധാന കർമങ്ങൾ തുടങ്ങാൻ മണിക്കൂറുകൾ ശേഷിക്കേ തീർഥാടകരെല്ലാം മിനായിലേക്ക്. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ‘ദൈവത്തിന്റെ വിളിക്കുത്തരം നൽകുന്നു’ എന്ന് അർഥമുള്ള ‘ലബൈക്’ മന്ത്രങ്ങളുമായാണ് രണ്ട് ദശലക്ഷത്തോളം തീർഥാടകർ തൂവെള്ള വസ്ത്രധാരികളായി മിനായുടെ താഴ്വാരത്തിലെത്തുന്നത്. വ്യാഴാഴ്ച വൈകീട്ടുമുതൽ തന്നെ തീർഥാടകർ തമ്പുകളുടെ ഈ താഴ്വര ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. മഹാമാരിക്കുശേഷം ഏറ്റവും കൂടുതൽ തീർഥാടകർ പങ്കെടുക്കുന്ന ഹജ്ജ് എന്ന പ്രത്യേകതയുണ്ട് ഇത്തവണ. 160ൽപരം രാജ്യങ്ങളിലെ മുസ്ലിംകളെ പ്രതിനിധാനംചെയ്താണ് തീർഥാടകലക്ഷങ്ങൾ ഹജ്ജിൽ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ഭൂരിഭാഗം തീർഥാടകരും മിനായിലെത്തും. മിനായിൽ പ്രത്യേകിച്ച് കർമങ്ങളൊന്നുമില്ല. ഹജ്ജിലെ പരമപ്രധാനമായ അറഫ സംഗമത്തിന് മനസ്സും ശരീരവും പാകപ്പെടുത്തി ഒരുങ്ങുക മാത്രമാണ് മിനായിൽ ഹാജിമാർ നിർവഹിക്കുന്നത്. അഞ്ചു നേരത്തെ നമസ്‍കാരങ്ങൾ തമ്പുകളിൽ സമയത്ത് നിർവഹിക്കും. അറഫ സംഗമം ശനിയാഴ്ചയാണ്. തിരക്കൊഴിവാക്കാൻ തീർഥാടകർ വെള്ളിയാഴ്ച രാത്രി മുതൽ അറഫയിലേക്ക് നീങ്ങിത്തുടങ്ങും. ശനിയാഴ്ച ഉച്ചക്ക് മുമ്പായി മുഴുവൻ തീർഥാടകരും അറഫയിൽ എത്തും. രോഗികളായി ആശുപത്രികളിലുള്ളവരെ ആംബുലൻസുകളിലും എയർ ആംബുലൻസുകളിലുമായി അറഫയിൽ എത്തിക്കും. മദീനയിൽ നിന്നുള്ള രോഗികളെ നേരത്തേ മക്കയിലെ ആശുപത്രികളിൽ എത്തിച്ചിരുന്നു. ഹജ്ജിലെ ഏറ്റവും സുപ്രധാനമായ ചടങ്ങ് അറഫയാണ്. അറഫ ലഭിക്കാത്തവർക്ക് ഹജ്ജില്ലെന്നാണ് പ്രവാചക വചനം. പ്രവാചകന്റെ പ്രസംഗത്തെ ഓർമിപ്പിക്കുന്ന അറഫാ പ്രഭാഷണം ഉച്ച (ദുഹ്ർ) സമയത്താണ് നടക്കുന്നത്. സൗദിയിലെ മുതിർന്ന പണ്ഡിതനും ഹറം ഇമാമുമായ ഡോ. മാഹിർ ബിൻ ഹമദ് അൽമുഹൈഖ്ലിയാണ് അറഫ സംഗമത്തിന് നേതൃത്വം നൽകുക. അറഫ പ്രഭാഷണം അദ്ദേഹം നിർവഹിക്കും. ഇത്തവണ 50 ലോകഭാഷകളിൽ അറഫ പ്രസംഗം മൊഴിമാറ്റപ്പെടും.
ഹജ്ജ് കർമങ്ങൾ ശേഷിക്കുന്ന നാലു ദിവസങ്ങളിലും തീർഥാടകരുടെ താമസം മിനായിലാണ്. ഹജ്ജ് സമയത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ഇടമാണ് ലോകത്തെ ഏറ്റവും വലിയ തമ്പുകളുടെ നഗരിയായി അറിയപ്പെടുന്ന മിനാ താഴ്വാരം. കർമങ്ങളെല്ലാം അവസാനിക്കുന്ന ദുൽഹജ്ജ് 13 വരെയും ഈ താഴ്വാരം വിശ്വാസികളാൽ നിറഞ്ഞിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.