മക്ക: ഈ വർഷത്തെ ഹജ്ജിന് സൗദി റെഡ് ക്രസന്റ് അതോറിറ്റി (എസ്. ആർ. സി.എ) ഒരുങ്ങി. എല്ലാ മാനവ വിഭവശേഷിയും ഗ്രൗണ്ട്, എയർ ആംബുലൻസ് സേവനങ്ങളും ഉപയോഗിച്ച് തീർഥാടകരെ സ്വീകരിക്കുന്നതിനും അവരെ സേവിക്കുന്നതിനുമുള്ള വിപുലമായ തയാറെടുപ്പുകളാണ് ഇത്തവണയും സൗദി റെഡ് ക്രസന്റ് അതോറിറ്റി പൂർത്തിയാക്കിയിരിക്കുന്നത്. ഫീൽഡ് ആംബുലൻസ് പ്രവർത്തനത്തെ പിന്തുണക്കുന്നതിന് എയർ ആംബുലൻസ് വിമാനങ്ങൾ, മോട്ടോർ സൈക്കിളുകൾ, ഗോൾഫ് കാർട്ടുകൾ എന്നിവക്ക് പുറമേ ആംബുലൻസുകൾ, ദുരന്ത, ദ്രുത പ്രതികരണ വാഹനങ്ങൾ എന്നിവ ഒരുക്കങ്ങളിലുൾപ്പെടുന്നു. ഡോക്ടർമാർ, പാരാമെഡിക്കുകൾ, എമർജൻസി മെഡിക്കൽ സർവിസ് പ്രഫഷനലുകൾ എന്നിവരടങ്ങുന്ന സൗദി റെഡ് ക്രസന്റ് അതോറിറ്റിടെ സന്നദ്ധ സംഘം തീർഥാടകർ അഭിമുഖീകരിക്കുന്ന ഏത് മെഡിക്കൽ പ്രശ്നങ്ങളും പരിഹരിക്കാൻ സദാ സന്നദ്ധരാണ്.
‘എളുപ്പവും ആശ്വാസവും’എന്ന തലക്കെട്ടിൽ തീർഥാടകർക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് അതോറിറ്റി ഈ വർഷത്തെ ഹജ്ജിൽ സേവനം ചെയ്യുന്നതെന്ന് ഔദ്യോഗിക വക്താവ് ഡോ. യൂസുഫ് അൽ സുഫ്യാൻ പറഞ്ഞു. 2540ലധികം എമർജൻസി മെഡിക്കൽ, അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥർ സേവനത്തിനുണ്ടാകും. ഡോക്ടർമാർ, സ്പെഷ്യലിസ്റ്റുകൾ, ആംബുലൻസ്, എമർജൻസി മെഡിസിൻ ടെക്നീഷ്യൻമാർ എന്നിവർ ഇതിലുൾപ്പെടും. തുറമുഖങ്ങൾ, തീർഥാടകരുടെ റൂട്ടുകൾ, മക്ക, മസ്ജിദുൽ ഹറാം, പുണ്യ സ്ഥലങ്ങൾ എന്നിവിടങ്ങളിലെ 98 എമർജൻസി സെന്ററുകൾക്കിടയിലാണ് ഇത്രയും പേർ സേവനനിരതരാകുക. 320 ആംബുലൻസുകൾ, 13 അഡ്വാൻസ്ഡ് റെസ്പോൺസ് വാഹനങ്ങൾ, ഏഴ് എയർ ആംബുലൻസ് വിമാനങ്ങൾ, രണ്ട് മെഡിക്കൽ ഇവാക്വേഷൻ വിമാനങ്ങൾ, 15 മോട്ടോർ സൈക്കിളുകൾ, 150 ഗോൾഫ് കാർട്ടുകൾ, 150 ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവ ഒരുക്കിയതിലുൾപ്പെടുന്നു. കൂടാതെ ഈ വർഷത്തെ ഹജ്ജ് ദൗത്യത്തിൽ ആംബുലൻസിനെയും ഭരണപരമായ പ്രവർത്തനങ്ങളെയും പിന്തുണക്കുന്നതിനായി 27 ഇലക്ട്രിക് സൈക്കിളുകൾ, 10 ആംബുലൻസ് ബസുകൾ, സർവിസ് കാറുകൾ എന്നിവയുമുണ്ടാകും.
മക്കയിൽ 96 ലധികം മെഡിക്കൽ ട്രാൻസ്പോർട്ട് തൊഴിലാളികളും, വിവിധ ഭാഷകളിലുള്ള വിവർത്തകരും, അടിയന്തര റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിനും ആംബുലൻസ് ടീമുകൾ എത്തുന്നതിനുമുമ്പ് നിർദേശങ്ങൾ നൽകുന്നതിനും ഈ വർഷം പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുമെന്നും ഡോ. അൽസുഫ്യാൻ ചൂണ്ടിക്കാട്ടി. വിവിധ മെഡിക്കൽ, പ്രഥമ ശുശ്രൂഷ സ്പെഷാലിറ്റികളിൽ വളന്റിയർമാരായി 595 ലധികം പേരുണ്ടാകും. വിവിധ സ്ഥലങ്ങളിൽ ആംബുലൻസ് സേവനങ്ങളെ പിന്തുണക്കുന്നതിനും രോഗങ്ങൾക്കും പരിക്കുകൾക്കുമെതിരെയുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മാർഗങ്ങളെക്കുറിച്ച് തീർഥാടകരെ ബോധവൽക്കരിക്കാനും ഇവരുടെ പങ്കാളിത്തം ആവശ്യമാണെന്നും റെഡ്ക്രസൻറ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.