ഹജ്ജ്, ഉംറ തീർഥാടകരുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട് ഫോൺ വഴി സ്വയം രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം മലേഷ്യയിൽ ഉദ്ഘാടനം ചെയ്തപ്പോൾ

ഹജ്ജ്, ഉംറ വിസ: ബയോമെട്രിക് വിവരങ്ങൾ സ്വയം രജിസ്റ്റർ സംവിധാനം മലേഷ്യയിലും

ജിദ്ദ: ഹജ്ജ്, ഉംറ തീർഥാടകരുടെ സുപ്രധാന ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട് ഫോണുകൾ വഴി സ്വയം രജിസ്റ്റർ ചെയ്യുന്നതിനുള്ള ആപ്ലിക്കേഷൻ (സൗദി വിസ ബയോ) മലേഷ്യയിലും ആരംഭിച്ചു. മലേഷ്യയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ സൗദി അംബാസഡർ മഹ്മൂദ് ഹുസൈൻ സയൗദ് ഖത്താൻ, എംബസി കോൺസുലർ വിഭാഗം മേധാവി അഹമ്മദ് അൽഹംദി തുടങ്ങിയവർ പങ്കെടുത്തു.

ഇതോടെ ഹജ്ജ്, ഉംറ വിസ അപേക്ഷകർക്ക് സ്മാർട്ട് ഫോണുകൾ വഴി അവർ താമസിക്കുന്ന സ്ഥലങ്ങളിൽനിന്ന് ബയോമെട്രിക് രജിസ്റ്റർ ചെയ്യാനാകും. തീർഥാടകരുടെ യാത്രാനടപടികൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം സൗദി ഭരണകൂടം ഒരുക്കിയിരിക്കുന്നു. വിവിധ രാജ്യങ്ങളിൽ ഇത് നടപ്പാക്കിവരുകയാണ്. ബംഗ്ലാദേശ്, തുനീഷ്യ, ബ്രിട്ടൻ എന്നിവിടങ്ങളിൽ ഇതിനകം സംവിധാനം നടപ്പാക്കിയിട്ടുണ്ട്.

സന്ദർശകരെ സ്വീകരിക്കാൻ മസ്ജിദുന്നബവി സജ്ജം

ജിദ്ദ: റമദാനിലൂടനീളം ദശലക്ഷക്കണക്കിന് ആളുകളെ സ്വീകരിക്കാൻ മസ്ജിദുന്നബവി സജ്ജമാണെന്ന് മസ്ജിദുന്നബവി കാര്യാലയ ഉപമേധാവി ശൈഖ് ഡോ. മുഹമ്മദ് അൽഖുദൈരി പറഞ്ഞു. റമദാൻ പ്രവർത്തനപദ്ധതി വിശദീകരിക്കുന്നതിന് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സേവനങ്ങൾ നൽകുന്നതിനുമുള്ള ശ്രമങ്ങൾ ഇരട്ടിയാക്കും. വിഷൻ 2030ന് അനുസൃതമായി മസ്ജിദുന്നബവിയിലെത്തുന്ന സന്ദർശകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകാനുള്ള പദ്ധതിയാണ് തയാറാക്കിയിരിക്കുന്നതെന്നും മസ്ജിദുന്നബവി കാര്യാലയ ഉപമേധാവി പറഞ്ഞു.

പള്ളിയും മുറ്റങ്ങളും സന്ദർശകർക്കും നമസ്കരിക്കാനെത്തുന്നവർക്കും ഒരുക്കിയിട്ടുണ്ട്. റമദാനിൽ പ്രതിദിനം 18ലധികം പഠന ക്ലാസുകൾ ഉണ്ടാകും. അന്വേഷകർക്ക് ഫോൺവഴി ദിവസേന ഉത്തരം നൽകും. ലൈബ്രറികളിലും പ്രദർശനകേന്ദ്രത്തിലുമെത്തുന്ന വിശിഷ്ട വ്യക്തികളെയും ഗവേഷകരെയും സ്വീകരിക്കും. അവർക്ക് എല്ലാ സേവനങ്ങളും നൽകും. ഖുതുബയും പഠനക്ലാസുകളും വിവർത്തനം ചെയ്യാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മസ്ജിദുന്നബവി കാര്യാലയ ഉപമേധാവി പറഞ്ഞു.

റമദാൻ: സേവനത്തിന് 3,200 പേർ

ജിദ്ദ: റമദാനിൽ മസ്ജിദുന്നബവിയിൽ പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം 3,200 പേർ സേവനത്തിനായുണ്ടാകുമെന്ന് എക്സിക്യൂട്ടിവ് ആൻഡ് ഫീൽഡ് അഫയേഴ്സ് അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് അൽഅയ്യൂബി പറഞ്ഞു. നമസ്കാരത്തിന് 25,600 പുതിയ പരവതാനികൾ ഒരുക്കിയിട്ടുണ്ട്. പ്രതിദിനം 14,000 സംസം പാത്രങ്ങൾ സ്ഥാപിക്കും. ഇഫ്താർ സമയത്തും സുബ്ഹിക്കു മുമ്പും റൗദാ ശരീഫിൽ സംസം വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്യും.

മസ്ജിദുന്നബവിയും അനുബന്ധ കെട്ടിടങ്ങളും ദിവസം അഞ്ചു തവണ വൃത്തിയാക്കും. മഗ്‌രിബ്, ഇശാ, തറാവീഹ്, ജുമുഅ, പെരുന്നാൾ നമസ്കാരം എന്നിവക്കായി പുതിയ പടിഞ്ഞാറൻ മുറ്റങ്ങൾ ഒരുക്കും. തിരക്കേറിയ സമയങ്ങളിൽ പള്ളിയുടെ മേൽക്കൂരയും 100 കവാടങ്ങളും തുറന്നിടും. ഭിന്നശേഷിയുള്ളവർക്കായി പ്രവേശനകവാടത്തിനടുത്തും മുറ്റത്തും നമസ്കരിക്കാൻ സൗകര്യമൊരുക്കും. മഴ, പൊടിക്കാറ്റ്, തിരക്ക് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട പദ്ധതികളും തയാറാക്കിയിട്ടുണ്ടെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.


Tags:    
News Summary - Hajj and Umrah Visa: Biometric Information Self-Registration System in Malaysia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.