ജിദ്ദ: കഴിഞ്ഞ കാലങ്ങളിലെ ഹജ്ജ് വേളകളിൽ ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ സേവനങ്ങൾക്ക് ഔദ്യോഗിക നേതൃത്വം നൽകിയ ഇന്ത്യൻ കോൺസൽ ജനറൽമാർ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ച ഹജ്ജ് വളൻറിയർമാരുടെ ഗ്ലോബൽ വെബ് മീറ്റിൽ ഓർമകൾ പങ്കുവെച്ചു. മുൻ ഇന്ത്യൻ കോൺസൽ ജനറൽമാരായ സയ്യിദ് അഹമ്മദ് ബാബയും ഫായിസ് അഹമ്മദ് കിദ്വായിയുമാണ് ഗ്ലോബൽ വെബ് മീറ്റിൽ ഹജ്ജ് വേളകളിൽ അവരുടെ ഔദ്യോഗിക ജോലികൾക്കിടയിലുണ്ടായ അനുഭവങ്ങൾ പങ്കുവെച്ചത്. 2008ലെ ഹജ്ജിനായിരുന്നു ഏറ്റവും കൂടുതൽ സജ്ജീകരണങ്ങൾ വേണ്ടിവന്നതെന്നും സൗദി സർക്കാർ ആ വർഷം മുതലാണ് പുതിയ പല ക്രമീകരണങ്ങളും ആരംഭിച്ചതെന്നും സയ്യിദ് അഹമ്മദ് ബാബ പറഞ്ഞു. മിനയിലെയും മുസ്ദലിഫയിലേയുമൊക്കെ ക്രമീകരണങ്ങൾ ഹാജിമാർക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിൽ ഫ്രറ്റേണിറ്റി ഫോറം വഹിച്ച പങ്ക് മറക്കാനാവാത്തതാണെന്നും ബാബ അനുസ്മരിച്ചു. 2011 മുതൽ 2014 വരെയുള്ള ജിദ്ദയിലെ കാലഘട്ടം മനസ്സിലിപ്പോഴും പുളകം നൽകുന്ന ഓർമകളാണെന്ന് ഫായിസ് അഹമ്മദ് കിദ്വായി പറഞ്ഞു. ഹജ്ജ് വളൻറിയർ പ്രവർത്തനങ്ങൾ കേവലമൊരു സേവനപ്രവർത്തനമെന്നതിനപ്പുറം അതൊരു വലിയ നേതൃത്വ പരിശീലനമാണ്. സാഹചര്യങ്ങൾക്കനുസരിച്ചുള്ള തീരുമാനങ്ങളും നടപടികളുമായി ഫ്രറ്റേണിറ്റി ഫോറം ആ മേഖലയിൽ മികച്ചു നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി കോൺസൽ ജനറൽ വൈ. സാബിർ മീറ്റ് ഉദ്ഘാടനം ചെയ്തു. വരും വർഷങ്ങളിൽ കൂടുതൽ ഊർജ്ജസ്വലരായി സേവനത്തിനിറങ്ങാൻ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഫ്രറ്റേണിറ്റി ഫോറം സൗദി സോനൽ പ്രസിഡൻറ് മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. ഐ.പി.ഡബ്ല്യൂ.എഫ് പ്രസിഡൻറ് അയ്യൂബ് ഹക്കീം, അബ്ദുൽ ഖാദിർ ഖാൻ, മുഹമ്മദ് അബ്ദുൽ അസീസ് കിദ്വായ്, സകരിയ ബിലാദി, ഖമർ സാദ, അഷ്റഫ് മൊറയൂർ, അബ്ബാസ് ചെമ്പൻ, സലാഹ് കാരാടൻ, ഷമീം കൗസർ, നൂറുദ്ദീൻ ഖാൻ, ബഷീർ ഈങ്ങാപ്പുഴ, അബ്ദുസ്സലാം മാസ്റ്റർ, സലീം മംഗലാപുരം, വിമൻസ് ഫ്രറ്റേണിറ്റി പ്രതിനിധി അസ്മ ഇഖ്ബാൽ എന്നിവർ സംസാരിച്ചു. ഷംസുദ്ദീൻ മലപ്പുറം ഹജ്ജ് സേവനം വിശദീകരിക്കുന്ന വിഡിയോ ഡോക്യുമെൻററി അവതരിപ്പിച്ചു. വളൻറിയർമാർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജ്യൻ പ്രസിഡൻറ് ഫയാസുദ്ദീൻ ചെന്നൈ ആമുഖ പ്രസംഗം നടത്തി. ഇഖ്ബാൽ ചെമ്പൻ അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.